-->
ദോഹ : ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക , വിദ്യഭ്യാസ , പ്രവാസിക്ഷേമ രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി ഐ സി )ക്ക് പുതിയ ഭാരവാഹികൾ. ആർ. എസ് അബ്ദുൽ ജലീലാണ് പ്രസിഡന്റ്. അർഷദ് ഇ (ജനറൽ സെക്രട്ടറി), റഹീം ഓമശ്ശേരി , മുബാറക് കെ ടി (വൈസ് പ്രസിഡന്റുമാര്‍) . മുഹമ്മദ് റാഫി, നൗഫൽ പാലേരി( സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആർ എസ് അബ്ദുൽ ജലീൽ സി.ഐ.സി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ മുമ്പ് വഹിച്ചിരുന്നു. കൊച്ചി നെട്ടൂർ സ്വദേശിയായ അബ്ദുൽ ജലീൽ മാനേജ്‌മെന്റ് , സ്ട്രാറ്റജി , ഫിനാൻസ് രംഗത്തെ വിദഗ്ധനാണ് . ജനറൽ സെക്രട്ടറിയായ അർഷദ് ഇ സി.ഐ.സി വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിരുന്നു.
ഐ ടി രംഗത്ത് ജോലി ചെയ്ത് വരുന്ന അദ്ദേഹം കോളമിസ്റ്റുകൂടിയാണ്.കേന്ദ്ര സമിതി അംഗങ്ങളായി കെ സി അബ്ദുലത്തീഫ് , കെ.ടി. അബ്ദുറഹിമാൻ , ഖാസിം ടി കെ , ബഷീർ അഹമ്മദ്, മുഷ്താഖ് കെ എച്ച്, സുഹൈൽ ശാന്തപുരം, സാദിഖ് ചെന്നാടൻ, നഹിയ നസീർ, നസീമ എം, മുനിഷ് എ സി, അസ്ലം തൗഫീഖ് എം ഐ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് വി. ടി അബ്ദുല്ലക്കോയ തങ്ങൾ നേതൃത്വം നൽകി.
സി.ഐ.സിയുടെ വിവിധ സോണുകളിൽ പ്രഡിഡന്റുമാരായി ജാഫർ മുഹമ്മദ് (ദോഹ), റഷീദലി പി എം (മദീന ഖലീഫ), സുബുൽ അബ്ദുൽ അസീസ് (റയ്യാൻ), സുധീർ (തുമാമ), ഷാനവാസ് ഖാലിദ് (വക്‌റ) , സക്കീർ ഹുസൈൻ (അൽഖോർ) എന്നിവരെയും തെരെഞ്ഞെടുത്തു. സോണൽ തിരഞ്ഞെടുപ്പുകൾക്ക് അർഷദ്. ഇ, കെ. ടി മുബാറക്, കെ. സി അബ്ദുൽ ലത്തീഫ്, കെ. ടി അബ്ദുറഹ്മാൻ, മുഹമ്മദ് റാഫി, നൗഫൽ പാലേരി എന്നിവർ നേതൃത്വം നൽകി.പ്രവാസി മലയാളികള്‍ക്കിടയില്‍ പ്രമുഖരായിരുന്ന ഖാസിം മൗലവി, സലീം മൗലവി, അബ്‌ദുല്ല ഹസൻ, വി.കെ.അലി, മുഹമ്മദ് അലി ആലത്തൂർ, കെ.സുബൈർ തുടങ്ങിയവരുടെ നേതൃ പാരമ്പര്യത്താൽ ധന്യമായ, ഖത്തറിൽ അര നൂറ്റാണ്ടിൻ്റെ പ്രവർത്തന പാരമ്പര്യമുള്ള ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ 2017 ല്‍ സെന്റര്‍ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി ഐ സി ഖത്തർ) എന്ന് പുനർ നാമകരണം ചെയ്യപ്പെടുകയായിരുന്നു.
ദീര്‍ഘമായ കാലയളവിൽ വൈജ്ഞാനിക രംഗത്തും സാമൂഹിക സാംസ്‌ക്കാരിക സേവന മേഖലകളിലും മാധ്യമ രംഗത്തും മാതൃകാപരമായ പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്‌ക്കരിക്കാൻ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. ബഹുജന ഖുർആൻ പഠന കേന്ദ്രങ്ങൾ, സാമൂഹിക സാംസ്‌കാരിക സാഹിത്യ പ്രവർത്തനങ്ങൾ , സാന്ത്വന സന്നദ്ധ സേവന പ്രവര്‍ത്തനങ്ങൾ , സമൂഹ നോമ്പുതുറ, ആരോഗ്യ സേവന പാതയില്‍ വഴിത്തിരിവായി രേഖപ്പെടുത്തപ്പെട്ട മെഡിക്കൽ ക്യാമ്പ് തുടങ്ങി ഒട്ടനവധി സംരംഭങ്ങള്‍ പ്രവാസികൾക്കായി ആസൂത്രണം ചെയ്യാനും നടപ്പില്‍ വരുത്താനും കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ സംഘടനക്ക് സാധിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ പ്രവാസി സംഘടനകൾ പ്രവർത്തന രംഗത്ത് ഇല്ലാത്ത ആദ്യകാലത്ത് രൂപീകരിക്കപ്പെട്ട സംഘടന എന്ന നിലയിൽ ഔദ്യോഗിക കേന്ദ്രങ്ങൾക്കും ഇന്ത്യൻ സമൂഹത്തിനുമിടയിലുള്ള ഒരു കണ്ണിയായി സിഐസി ഖത്തർ പ്രവർത്തിച്ചുവരുന്നു.
ഷഫീക്ക് അറക്കൽ