-->
തമിഴ് നടന്‍ ധനുഷിന്റെ മാനേജര്‍ ശ്രേയസിനെതിരായ കാസ്റ്റിങ് കൗച്ച് ആരോപണത്തില്‍ വ്യക്തത വരുത്തി നടി മന്യ ആനന്ദ്. താന്‍ കാസ്റ്റിങ് കൗച്ച് ആരോപണം ഉന്നയിച്ചതായി പ്രചരിക്കുന്ന വീഡിയോ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്തതാണെന്ന് മന്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ധനുഷിന്റെ പേര് ദുരുപയോഗം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ആരോപണത്തില്‍ വ്യക്തത വരുത്തി ധനുഷിന്റെ മാനേജര്‍ ശ്രേയസും രംഗത്തെത്തി.
ധനുഷിനെയോ അദ്ദേഹത്തിന്റെ മാനേജരേയോ ലക്ഷ്യമിട്ടായിരുന്നില്ല തന്റെ വാക്കുകള്‍ എന്ന് മന്യ പറഞ്ഞു. നിഗമനങ്ങളിലേക്കെത്തുന്നതിന് മുമ്പ് തന്റെ അഭിമുഖം മുഴുവനായി കേള്‍ക്കാന്‍ മന്യ അഭ്യര്‍ഥിച്ചു. ധനുഷിന്റെ പേര് ദുരുപയോഗപ്പെടുത്തിന്നതിനെതിരായി സംസാരിക്കാനാണ് താന്‍ ഉദ്ദേശിച്ചത്. ശ്രേയസ് എന്ന പേരില്‍ തന്നെ സമീപിച്ച വ്യക്തിയെക്കുറിച്ചാണ് സംസാരിച്ചത്. അയാളുടെ യഥാര്‍ഥ ഐഡന്റിറ്റി സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും നടി പറഞ്ഞു.
ആരോപണം തളളി ശ്രേയസും രംഗത്തെത്തി. അത്തരം സംഭവങ്ങളില്‍ തനിക്ക് ബന്ധമില്ല. വണ്ടര്‍ബാര്‍ ഫിലിംസിന്റെ പേരില്‍ പ്രചരിക്കുന്ന കാസ്റ്റിങ് കോളുകള്‍ വ്യകജവും അടിസ്ഥാനരഹിതവുമാണെന്നും ശ്രേയസ് പ്രസ്താവനയില്‍ അറിയിച്ചു. തന്റെ ചിത്രത്തിനൊപ്പം പ്രചരിക്കുന്ന ഫോണ്‍ നമ്പറുകള്‍ തന്റേതല്ലെന്നും ശ്രേയസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയെന്നും ശ്രേയസ് അറിയിച്ചു.
ധനുഷിന്റെ നിര്‍മാണക്കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസിന്റെ ചിത്രത്തില്‍ അവസരത്തിനായി അഡ്ജസ്റ്റ്‌മെന്റ് ചെയ്യണം എന്ന് ശ്രേയസ് എന്ന പേരില്‍ സമീപിച്ചയാള്‍ തന്നോട് ആവശ്യപ്പെട്ടെന്നായിരുന്നു ഒരു അഭിമുഖത്തില്‍ മന്യ പറഞ്ഞത്. ധനുഷ് ആണെങ്കില്‍ പോലും വഴങ്ങില്ലേയെന്ന് തന്നോട് അയാള്‍ ചോദിച്ചതായും മന്യ പറഞ്ഞിരുന്നു.