Saturday, March 14, 2026 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Nov 2025 05.28 PM

ഷാജി പാപ്പന്റെ എതിരാളിയും കള്‍ട്ട് കഥാപാത്രവുമായ സർബത്ത് ഷമീറിന്റെ മാസ് എ​‍ന്‍ട്രി ; ചിരിയുടെ ആള്‍രൂപത്തെ നാരങ്ങ മാലയിട്ട് വരവേറ്റ് മിഥുൻ മാനുവല്‍

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മിഥുന്‍ മാനുവല്‍- ജയസൂര്യ ചിത്രമാണ് ‘ആട് 3’. ഈ സിനിമയുടെ രണ്ടു ഭാഗങ്ങളും ചിരിയുടെ മാലപ്പടക്കമാണ് ​‍പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ ഷാജി പാപ്പന്റെ എതിരാളിയും കള്‍ട്ട് കഥാപാത്രവുമായ വിജയ് ബാബു അവതരിപ്പിക്കുന്ന സർബത്ത് ഷമീറിന്റെ എന്‍ട്രിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.
jayasurya,  Mithun Manuel, aadu 3 movie, vijay babu
Vijay Babu in Aadu 3 movie (Image Source: Facebook)

ഒരു സിനിമ റിലീസ് ചെയ്ത് തിയേറ്ററില്‍ വമ്പന്‍ പരാജയമായി മാറുക, എന്നാല്‍ പിന്നീട് അതിന്റെ രണ്ടാം ഭാഗത്തിനായി ആവേശത്തോടെ ആരാധകര്‍ കാത്തിരിക്കുക... ഒരുപക്ഷേ മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന സിനിമയ്ക്ക് മാത്രമാകും ഈ പ്രത്യേകയുണ്ടാവുക. സോഷ്യല്‍ മീഡിയയിലൂടെ നായകന്റെ എന്‍ട്രിയടക്കം ഈ സിനിമയിലെ ഓരോ രംഗങ്ങളും പ്രേക്ഷകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
അതുകൊണ്ട് തന്നെ ഈ സിനിമയുടെ രണ്ടാം ഭാഗം സൂപ്പര്‍ഹിറ്റായി മാറിയത്. പ്രേക്ഷകരില്‍ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ച ഷാജി പാപ്പനും കൂട്ടുകാരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളും കേരളക്കര ആവേശത്തോടെയാണ് സ്വീകരിച്ചത്. ആട് 2 വിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ നിന്നാണ് ഈ സിനിമയുടെ മൂന്നാം ഭാഗത്തിലേക്ക് മിഥുന്‍ എത്തിയത്. ചിന്തയും ലോജിക്കും മാറ്റിവച്ച് ചിരിക്കാന്‍ വേണ്ടി മാത്രമായി പുറത്തിറക്കിയ ഈ ജയസൂര്യ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ഓരോ അപ്ഡേഷനു വേണ്ടിയും ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഇപ്പോഴിതാ മലയാളികളെ ചിരിയുടെ അമരത്ത് എത്തിച്ച ‘ആട്’ സീരീസിന്റെ മൂന്നാം ഭാഗമായ ‘ആട് 3’ ലൊക്കേഷനിലേക്ക് ഷാജി പാപ്പന്റെ എതിരാളിയും കള്‍ട്ട് കഥാപാത്രവുമായ സർബത്ത് ഷമീർ എത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. നടനും നിർമ്മാതാവുമായ വിജയ് ബാബു അവതരിപ്പിക്കുന്ന ഷമീറിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി സെറ്റിലെത്തിയതിന്റെ വീഡിയോ താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ നാരങ്ങ മാലയിട്ട് തന്നെ സ്വീകരിക്കുന്നതും ഒപ്പമുള്ളവര്‍ കൈയടിച്ച് വരവേല്‍പ്പ് നടത്തുന്നതുമായ വീഡിയോയാണ് വിജയ് ബാബു പങ്കുവച്ചിരിക്കുന്നത്. ‘‘ആട് 3, ധീരതയുടെ പര്യായപദമായ സർബത്ത് ഷമീർ നിർത്തിയിടത്ത് നിന്ന് തന്റെ ധീരമായ പ്രവർത്തനങ്ങള്‍ പുനരാരംഭിക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഈ രസകരമായ എന്‍ട്രി വീഡിയോ വിജയ് ബാബു പങ്കുവച്ചത്.
ഷമീറിനായുള്ള സർബത്ത് ഉണ്ടാക്കുന്ന രംഗത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന്, കാറില്‍ വന്നിറങ്ങുന്ന വിജയ് ബാബു പോലീസ് യൂണിഫോം ധരിച്ച്‌ സംവിധായകന്റെയും അണിയറ പ്രവർത്തകരുടെയും അടുത്തേക്ക് എത്തുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ഫുള്‍ കോസ്റ്റ്യൂമില്‍ എത്തിയ സർബത്ത് ഷമീറിനെ സംവിധായകൻ മിഥുൻ മാനുവല്‍ തോമസും മറ്റ് അണിയറ പ്രവർത്തകരും ചേർന്ന് നാരങ്ങ മാല അണിയിച്ചാണ് സ്വീകരിച്ചത്. ‘ഇത്തവണയെങ്കിലും കേസ് തെളിയിക്കാൻ പറ്റട്ടെ...’ എന്ന് തമാശരൂപേണ പറഞ്ഞുകൊണ്ടാണ് മിഥുൻ മാനുവല്‍ തോമസ് വിജയ് ബാബുവിനെ വരവേറ്റത്. അതിന് ‘ശ്രമിക്കാം...’ എന്ന് ഷമീര്‍ സ്റ്റൈലില്‍ വിജയ് ബാബുവും പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.
‘ആട്’ സീരീസിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ ഒന്നാണ് വിജയ് ബാബു അവതരിപ്പിച്ച സർബത്ത് ഷമീർ. ഷാജി പാപ്പനും കൂട്ടർക്കും സ്ഥിരം എതിരാളിയായി എത്തുന്ന ഈ പോലീസുകാരൻ, തന്റെ പ്രത്യേക സംഭാഷണ ശൈലി കൊണ്ടും കോമഡി കലർന്ന വില്ലൻ ഭാവങ്ങള്‍ കൊണ്ടുമാണ് പ്രേക്ഷകരുടെ മനസ്സില്‍ ഒരു സ്ഥാനം നേടിയെടുത്തത്. ഷാജി പാപ്പന്റെ കള്ളത്തരങ്ങള്‍ കണ്ടുപിടിക്കാൻ ഷമീർ നടത്തുന്ന ശ്രമങ്ങള്‍ ഇത്തവണയും പ്രേക്ഷകർക്ക് വലിയൊരു ചിരിവിരുന്ന് സമ്മാനിക്കുമെന്നതില്‍ സംശയമില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW