-->
ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കുടിയേറി പാര്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുകയാണ്. മെച്ചപ്പെട്ട ശമ്പളവും ഉയര്‍ന്ന ജീവിത നിലവാരവുമാണ് ഇതിനുള്ള പ്രധാന കാരണം. ഇപ്പോഴിതാ ഇത്തരത്തില്‍ ജപ്പാനില്‍ ജോലി ചെയ്യുന്ന ഒരു ഇന്ത്യന്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ പ്രതിമാസ വരുമാനത്തെക്കുറിച്ച് അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വലിയ ചര്‍ച്ചയ്ക്കും വഴിവെച്ചിട്ടുണ്ട്. വിക്കി കുമാര്‍ എന്ന യുവാവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഒരു ഫ്രെഷര്‍ എന്ന നിലയില്‍ തന്റെ പ്രതിമാസ അടിസ്ഥാന ശമ്പളം 2,35,000 യെന്‍ (ഏകദേശം 1.35 ലക്ഷം രൂപ) ആണെന്ന് വിക്കി വീഡിയോയില്‍ പറയുന്നു. മറ്റ് കിഴിവുകളെല്ലാം കുറച്ചശേഷം 1,75,000 യെന്‍ (ഏകദേശം 1 ലക്ഷം രൂപ) കയ്യില്‍ കിട്ടും. എന്നാല്‍, ജപ്പാനിലെ ഉയര്‍ന്ന ജീവിതച്ചെലവ് കണക്കിലെടുക്കുമ്പോള്‍ ഈ തുക പര്യാപ്തമാണോയെന്ന് ചിലര്‍ ചോദിച്ചു. ജാപ്പനീസ് ഭാഷാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ പിഴയായി പ്രതിമാസം 20,000 യെന്‍ (11,500 രൂപ) ഇപ്പോള്‍ കുറയ്ക്കുന്നുണ്ട്. ആദായനികുതി, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ നിര്‍ബന്ധിത കിഴിവുകളുമുണ്ട്. ഇതെല്ലാം കിഴിച്ച് കയ്യില്‍ ഏകദേശം ഒരു ലക്ഷം രൂപ ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു.
വീഡിയോ വൈറലായതോടെ ഒട്ടേറെപ്പേര്‍ സംശയങ്ങള്‍ ചോദിച്ച് രംഗത്തെത്തി. വീട്ടുവാടക, ഭക്ഷണം, മറ്റ് ചെലവുകള്‍ എന്നിവ കുറച്ചാല്‍ ഒരു ലക്ഷത്തില്‍ എത്ര രൂപ ലാഭിക്കാന്‍ കഴിയുമെന്ന് ചിലര്‍ ചോദിച്ചു. ജപ്പാന്‍ ചെലവേറിയ രാജ്യമാണെന്നും ഇന്ത്യയില്‍ 50,00060,000 രൂപ നേടുന്നത് ഇതിന് തുല്യമാണെന്ന് മറ്റ് ചിലരും ചൂണ്ടിക്കാട്ടി.