Wednesday, March 11, 2026 Last Updated 11 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Nov 2025 09.46 AM

മനുഷ്യനെ മനുഷ്യനായി കാണുക; ആദില- നൂറ വിവാദത്തില്‍ ഫൈസലിനെതിരെ തുറന്നടിച്ച് ബിഗ് ബോസ് താരം റെസ്മിന്‍

resmin

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ എ.കെയുടെ വീട്ടിലെ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്ത സ്വവർഗ്ഗ പ്രണയിനികളായ ആദില-നൂറ ദമ്പതികളെ തള്ളിപ്പറഞ്ഞതിനെതിരെ കടുത്ത വിമർശനവുമായി ബിഗ് ബോസ് താരവും ട്രാൻസ് ആക്ടിവിസ്റ്റുമായ റെസ്‌മിൻ ബൈ രംഗത്ത്. ചടങ്ങിൽ ആദിലയ്ക്കും നൂറയ്ക്കുമൊപ്പം റെസ്‌മിനും പങ്കെടുത്തിരുന്നു. ഫൈസൽ എ.കെ.യുടെ ഫേസ്ബുക്ക് പോസ്റ്റ് ക്ഷണിച്ചുവരുത്തിയവരെ അപമാനിക്കുന്നതിന് തുല്യമായി എന്നും, ഇത് വലിയ സങ്കടമുണ്ടാക്കിയെന്നും റെസ്‌മിൻ പ്രതികരിച്ചു.

റെസ്‌മിൻ പറയുന്നതനുസരിച്ച്, ക്ഷണിക്കപ്പെട്ട അതിഥികളായിട്ടാണ് മൂവരും ചടങ്ങിൽ പങ്കെടുത്തത്. വീട്ടിലെത്തിയപ്പോൾ വളരെ നല്ല രീതിയിലാണ് അവരെ സ്വീകരിച്ചത്. വീട് കാണുന്നതിനും ചുറ്റിക്കറങ്ങുന്നതിനും സഹായിക്കാൻ ഒരാൾ കൂടെയുണ്ടായിരുന്നെന്നും റെസ്‌മിൻ ഓർക്കുന്നു. എന്നാൽ, ഇന്ന് രാവിലെ കണ്ട ഫൈസൽ എ.കെ.യുടെ ഫേസ്ബുക്ക് പോസ്റ്റ് വിളിച്ചുവരുത്തി അപമാനിക്കുന്നതിന് തുല്യമായി അനുഭവപ്പെട്ടു. “മനുഷ്യനെ മനുഷ്യനായി കാണാൻ പറ്റാത്ത ആളാണെന്ന് മനസ്സിലായപ്പോൾ ഭയങ്കര സങ്കടമുണ്ട്. ഒരിക്കലും ഫൈസലിക്കയുടെ ഭാഗത്തുനിന്ന് ഇങ്ങനെ പ്രതീക്ഷിച്ചില്ല. ഉണ്ടായിരുന്ന ബഹുമാനം എല്ലാം നഷ്ടമായി,” റെസ്‌മിൻ വ്യക്തമാക്കി.

ആദിലയും നൂറയും ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ നിലയിൽ എത്തിയത്. അവരെ ക്ഷണിച്ചതും, റെസ്‌മിന്റെ പക്കൽ നിന്ന് കോൺടാക്റ്റ് നമ്പർ വാങ്ങിയാണ് വിളിച്ചതെന്നുമുള്ള വസ്തുത ചൂണ്ടിക്കാട്ടിയാണ് റെസ്‌മിൻ ഫൈസൽ എ.കെ.യുടെ നിലപാടിനെ ചോദ്യം ചെയ്യുന്നത്. “സമൂഹത്തിൽ അംഗീകരിക്കുന്നില്ല, അല്ലെങ്കിൽ വീട്ടുകാരെ ബുദ്ധിമുട്ടിച്ചു എന്നൊക്കെയാണ് പറയുന്നതെങ്കിൽ, അവർ ഇനി എന്താണ് ചെയ്യേണ്ടത്? വീട്ടുകാർ അംഗീകരിക്കാത്തതുകൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ അവരെ മരിക്കണം എന്നാണോ പറയുന്നത്?” റെസ്‌മിൻ ചോദിച്ചു.

കൂടാതെ, സ്വന്തം മക്കളെപ്പോലും കൊല്ലാൻ മടിക്കാത്തവരാണ് ചില വീട്ടുകാർ. അങ്ങനെയുള്ള സാഹചര്യത്തിൽ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയല്ലാതെ, അവരുടെ അടിമകളെപ്പോലെ ജീവിച്ച് താൽപര്യമില്ലാത്ത വിവാഹങ്ങൾ കഴിച്ച് രണ്ട് പേരുടെയും ജീവിതം നശിപ്പിക്കണമെന്നാണോ ഫൈസൽ എ.കെ. പറയുന്നത് എന്നും റെസ്‌മിൻ രോഷത്തോടെ ചോദിച്ചു. “നിങ്ങളെ തിരുത്താനോ പറഞ്ഞ് മനസ്സിലാക്കാനോ ഞാൻ ആളല്ല. പക്ഷേ മനുഷ്യനെ മനുഷ്യനായി കാണുക,” എന്ന ശക്തമായ അപേക്ഷയോടെയാണ് റെസ്‌മിൻ തന്റെ പ്രതികരണം അവസാനിപ്പിച്ചത്. ഈ വിഷയത്തിൽ ഫൈസൽ എ.കെ.യുടെ നിലപാടിൽ വലിയ നിരാശയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Ads by Google
Wednesday 19 Nov 2025 09.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW