Saturday, March 14, 2026 Last Updated 4 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Nov 2025 09.29 AM

പേര് ടെഡി ബെയര്‍! കെട്ടിപ്പിടിച്ച് താലോലിക്കാമെന്ന് ഓര്‍ക്കണ്ട, ഈ ചെടിയില്‍ തൊട്ടാല്‍ ചോരപൊടിയും

teddy, bear, cholla

മരുഭൂമിയില്‍ കാണപ്പെടുന്ന ഒരിനം കള്ളിമുള്‍ച്ചെടിയാണ് ടെഡി ബെയര്‍ ചോല. തെക്കുപടിഞ്ഞാറന്‍ യുഎസിലെയും വടക്കന്‍ മെക്‌സിക്കോയിലെയും വരണ്ട പ്രദേശങ്ങളിലുമാണ് ഇവ കൂടുതലായും ഉള്ളത്. 'ടെഡി ബെയര്‍' എന്നു കേട്ട് ഇതിനെയൊന്നു കെട്ടിപ്പിടിച്ച് ഓമനിക്കാമെന്നു കരുതണ്ട. കാരണം ദൂരെനിന്ന് കാണുമ്പോള്‍ മൃദുരോമങ്ങള്‍ പോലെ തോന്നിക്കുന്ന ഇടതൂര്‍ന്ന മുള്ളുകള്‍ പൊതിഞ്ഞതാണ് ഈ ചെടി. എന്നാല്‍ ഇവ യഥാര്‍ഥത്തില്‍ കൂര്‍ത്തു മൂര്‍ച്ചയേറിയതും അപകടകരവുമാണ്. ഈ ചെടിയുടെ പ്രധാനപ്പെട്ട ഭാഗമാണു മുള്ളുകള്‍.

മരുഭൂമിയിലെ കഠിനമായ സാഹചര്യങ്ങളില്‍ രക്ഷ, പ്രജനനത്തിനുള്ള വഴി എന്നിങ്ങനെ വിവിധ ദൗത്യങ്ങള്‍ ഈ മുള്ളുകള്‍ നിര്‍വഹിക്കുന്നു. ടെഡി ബെയര്‍ ചെടിയുടെ മുള്ളുകള്‍ക്കു ചൂണ്ടകളുടേതു പോലെ പിന്നോട്ടുവളഞ്ഞ ചെറിയ കൊളുത്തുകളുണ്ട്. തൊടുമ്പോള്‍ ഇവ ചെടിയില്‍നിന്ന് എളുപ്പത്തില്‍ വേര്‍പെടും. ഇവ ചര്‍മത്തില്‍ തുളച്ചുകയറിയാല്‍ ഊരിയെടുക്കാന്‍ പ്രയാസമാണ്, അതിവേദനയുമുണ്ടാകും.അസ്വസ്ഥതയ്ക്കും നീര്‍വീക്കത്തിനും അണുബാധയ്ക്കും ഈ മുള്ളുകള്‍ കാരണമാകും. ചെടിയുമായി സമ്പര്‍ക്കമുണ്ടായാല്‍ ചെറിയ തോതില്‍ രക്തസ്രാവവും ഉണ്ടാകാം. മുള്ളുകള്‍ എളുപ്പത്തില്‍ വേര്‍പെടുന്നതുകൊണ്ട് ടെഡി ബെയര്‍ ചോലയെ 'ചാടുന്ന' കള്ളിമുള്‍ച്ചെടി എന്നും വിളിക്കാറുണ്ട്.

വഴിയാത്രക്കാരുടെ മേല്‍ 'ചാടിവീഴുന്നത്' പോലെ തോന്നുന്നതുകൊണ്ടാണ് ഈ പേര്. ഇതിന്റെ തണ്ടുകളിലോ മുള്ളുകളിലോ ചെറുതായി ഒന്നുരസിയാല്‍ മതി, മുള്ളുകവ് ചര്‍മ്മത്തിലോ തുണിയിലോ കൊളുത്തിപ്പിടിക്കും. വേര്‍പെട്ടുപോരുന്ന ഈ ഭാഗങ്ങള്‍ മൃഗങ്ങളുടെയോ മനുഷ്യരുടെയോ ദേഹത്ത് പറ്റിപ്പിടിച്ച് പല സ്ഥലങ്ങളില്‍ എത്തുകയും അവിടെ വേരുപിടിച്ച് പുതിയ ചെടികളായി വളരുകയും ചെയ്യുന്നു. ഈ രീതിയിലുള്ള പ്രജനനം മരുഭൂമിയിലുടനീളം വ്യാപിക്കാന്‍ ചെടിയെ സഹായിക്കുന്നു.

ടെഡി ബെയര്‍ ചോലയെ സമീപിക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും അതീവ ജാഗ്രത ആവശ്യമാണ്. ചെടിയുടെ ചുവട്ടില്‍ കൊഴിഞ്ഞുവീണ ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നതിനാല്‍ ആ പ്രദേശം കൂടുതല്‍ അപകടകരമാണ്. ഈ ചെടിയുമായി സമ്പര്‍ക്കത്തില്‍ വന്ന പലര്‍ക്കും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മുള്ളുകള്‍ നീക്കം ചെയ്യാന്‍ സാധിച്ചത്. ഇതിനായി പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടി വരും. ഉപ്പുവെള്ളം ഉപയോഗിച്ച് ചര്‍മ്മത്തില്‍ തറച്ച മുള്ളുകള്‍ മൃദുവാക്കാമെങ്കിലും, നീക്കം ചെയ്യുന്ന പ്രക്രിയ ശ്രമകരമാണ്. ചിലപ്പോള്‍ ആഴ്ചകളോ മാസങ്ങളോ മുള്ളുകള്‍ ചര്‍മത്തിനുള്ളില്‍ തങ്ങിനില്‍ക്കാം.

Ads by Google
Wednesday 19 Nov 2025 09.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW