-->
പത്തനംതിട്ട: മണ്ഡലകാല തീര്‍ത്ഥാടനത്തിന്റെ രണ്ടാംദിനത്തില്‍ത്തന്നെ പമ്പയിലും ശബരിമല സന്നിധാനത്തും നിയന്ത്രണാതീതമായ ഭക്തജനത്തിരക്കിനെ തുടര്‍ന്ന് സ്പോട്ട് ബുക്കിംഗിന് ഇന്നുമുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രതിദിനം തത്സമയ ബുക്കിംഗ് 20,000 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തി. കൂടുതലായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അടുത്തദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും.
കഴിഞ്ഞ ദിവസത്തെ വന്‍ തിരക്ക് പരിഗണിച്ച് ഇന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. നിലവില്‍ നിലയ്ക്കലില്‍ വാഹനം തടഞ്ഞ് പരിശോധിച്ച് വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത ഭക്തരെ മാത്രമാണ് പമ്പയിലേക്ക് കടത്തിവിടുന്നത്. നിലവില്‍ പമ്പയിലെ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ താത്ക്കാലികമായി അടച്ചിരിക്കുകയാണ്. നിലയ്ക്കലാണ് നിലവില്‍ സ്പോട്ട് ബുക്കിംഗ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.
പോലീസ് ക്രമീകരണങ്ങള്‍ അപ്പാടെ പാളി. വൃശ്ചികത്തലേന്ന് വൈകിട്ട് നടതുറന്നശേഷം ഇന്നലെ ഉച്ചയ്ക്ക് 12 വരെ എത്തിയത് 1,96,594 തീര്‍ത്ഥാടകര്‍. വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ് ഉള്‍പ്പെടെയാണിത്. 16-ന് വൈകിട്ട് അഞ്ചിന് നട തുറന്നശേഷം 53,278 പേരും 17-ന് 98,915 പേരും ഇന്നലെ ഉച്ചയ്ക്ക് 12 വരെ 44,401 പേരും സന്നിധാനത്തെത്തി.
ഇന്നലെ തിക്കിലും തിരക്കിലും ക്രമീകരണങ്ങള്‍ അപ്പാടെ പാളി. ഭക്ഷണവും കുടിവെള്ളവും ലഭിക്കാതെ മണിക്കൂറുകളോളം വരിനിന്ന് ഭക്തര്‍ തളര്‍ന്നു. പ്രായമേറിയവരും കുട്ടികളും ബാരിക്കേഡിനുള്ളിലെ തിക്കിലും തിരക്കിലും കുടുങ്ങി. പമ്പയില്‍ത്തന്നെ മണിക്കൂറുകളോളം കാത്തുനിന്നശേഷമാണ് ഭക്തര്‍ക്കു മലകയറാന്‍ കഴിഞ്ഞത്. തുടര്‍ന്ന് മരക്കൂട്ടത്തും മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവന്നു.
മരക്കൂട്ടം മുതല്‍ സന്നിധാനം വരെ അഞ്ചുമണിക്കൂറിലേറെ ക്യൂ നിന്നവര്‍ കുടിവെള്ളവും ലഘുഭക്ഷണവും കിട്ടാതെ ബുദ്ധിമുട്ടി.
കാത്തിരിപ്പിന്റെ കാഠിന്യം സഹിക്കവയ്യാതെ പലരും ബാരിക്കേഡിനു പുറത്തുകടന്ന് വനത്തിനുള്ളിലൂടെ വലിയനടപ്പന്തലിലേക്കും ബെയ്‌ലി പാലം വഴി താഴേത്തിരുമുറ്റത്തേക്കും കൂട്ടമായെത്തിയതു സകലനിയന്ത്രണവും തെറ്റിച്ചു.
അഭൂതപൂര്‍വമായ തിരക്ക് നിയന്ത്രിക്കാന്‍ വിരലിലെണ്ണാവുന്ന പോലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. തീര്‍ത്ഥാടകരെക്കൊണ്ട് വലിയനടപ്പന്തല്‍ നിറഞ്ഞുകവിഞ്ഞു. സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയുടെ മുന്‍വശത്തും തീര്‍ത്ഥാടകര്‍ നിറഞ്ഞു. വനത്തിനുള്ളിലൂടെ സാഹസികമായി കുറുക്കുവഴി കണ്ടെത്തി ചന്ദ്രാനന്ദന്‍ റോഡ് വഴി എത്തിയവര്‍ വലിയനടപ്പന്തലിലെ ക്യൂവില്‍ തള്ളിക്കയറി.
ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം പുലര്‍ച്ചയോടെ സന്നിധാനത്ത് എത്തിയിട്ടുണ്ട്. രണ്ടാം സംഘവും സന്നിധാനത്തേക്ക് പുറപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ നിന്നുള്ള ഈ സംഘം രാത്രിയോടെ പമ്പയില്‍ എത്തും. ചെന്നൈയില്‍നിന്ന് നാല്‍പതംഗ സംഘമാണ് എത്തുന്നത്. കഴിഞ്ഞ ദിവസം സ്പോട്ട്ബുക്കിംഗിനായി ആളുകള്‍ പമ്പയിലേക്ക് ഇടിച്ചുകയറിയെത്തിയതാണ് അനിയന്ത്രിതമായ തിരക്കുണ്ടാക്കിയിരുന്നത്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്.