-->
അബുദാബി: സ്വയം നിയന്ത്രിത വാഹനങ്ങളും ഫ്‌ലൈയിംഗ് ടാക്‌സികളും ഉള്‍പ്പെടെയുള്ള പുതിയ കണ്ടുപിടിത്തങ്ങളുടെ പ്രദര്‍ശനമാണ് 'ഓട്ടോണോമിസ് വീക്ക് അബുദാബി'' യുടെ വേദികളില്‍ നടക്കുന്നത്. ഓട്ടോണമസ് വാഹനങ്ങള്‍ മാത്രമല്ല ബാരിസ്റ്റാ റോബോട്ടുകള്‍, ഡെലിവറി ബോട്ടുകള്‍, മനുഷ്യരുടെ സഹായത്തിനായി നിര്‍മ്മിച്ച ഹ്യൂമാനോയിഡുകളും ഇവിടെ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. എന്നാല്‍, എമിറാത്തി പരമ്പരാഗത വേഷം ധരിച്ച് നൃത്തം ചെയ്യുന്ന ചെറിയൊരു റോബോട്ടാണ് സന്ദര്‍ശകരുടെ എല്ലാം ശ്രദ്ധ പിടിച്ചുപറ്റിയത്.
ചൈനീസ് കമ്പനി ബൂസ്റ്റര്‍ റോബോട്ടിക്‌സ് വികസിപ്പിച്ച ബൂസ്റ്റര്‍ കെ 1 എന്ന ഹ്യൂമാനോയിഡ് റോബോട്ടാണ് ഇത്. എമിറാത്തി പുരുഷന്മാരുടെ വേഷം ധരിച്ചു കയ്യില്‍ പ്രത്യേക തരത്തിലുള്ള വടിയും പിടിച്ചു പരമ്പരാഗത ആയ്യാല നൃത്തം ആണ് ബൂസ്റ്റര്‍ കെ 1 റോബോട്ടുകള്‍ അവതരിപ്പിച്ചത്. ഡാന്‍സ് തുടങ്ങിയതോടെ കാണികള്‍ക്കും ആവേശമായി. റോബോട്ടുകള്‍ നൃത്തം ചെയ്യുമ്പോള്‍, പ്രേക്ഷകരും പാട്ടിനൊപ്പം ചുവട് വെച്ചു. രാജ്യത്തിന്റെ പ്രസിഡന്റിനോടുള്ള ആദരവാണ് റോബോട്ടുകള്‍ പ്രകടിപ്പിച്ചത് എന്ന് കമ്പനി അധികൃതരും വ്യക്തമാക്കി. ഗീക്,എഡ്യൂക്കേഷന്‍, പ്രൊഫഷണല്‍ എന്നീ മൂന്ന് തരത്തിലുള്ള ബൂസ്റ്റര്‍ കെ 1 മോഡലുകള്‍ ആണ് കമ്പനി അവതരിപ്പിച്ചത്. വിദ്യാഭ്യാസ രംഗത്ത് എ ഐ അധിഷ്ഠിത പഠന സഹായിയായി ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
19.5 കിലോ ഭാരമുള്ള ഈ റോബോട്ടിന്റെ ഉയരം 95 സെ.മീ മാത്രമാണ്. വളരെ എളുപ്പം കൈകാര്യം ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് റോബോട്ട് രൂപകല്‍പന ചെയ്തിരിക്കുന്നത്. $5,999 (ഏകദേശം 5 ലക്ഷം രൂപ) ഇതിന്റെ വില. എന്തായാലും ഡാന്‍സ് കളിച്ചു അബുദാബിക്കാരുടെ മനസില്‍ കയറിയിരിക്കുകയാണ് ഈ കുഞ്ഞന്‍ റോബോട്ട്.
حتى الروبوتات دخلت صف فن الرزفة.. التطوّر في دولة الإمارات ما يعرف حدود 😎🇦🇪 pic.twitter.com/0WtuehMHHT— الخـليج العـربي (@kh3lij_Arabi) November 10, 2025