-->
അഭിനേത്രിയും താരപുത്രിയും യൂട്യൂബ് വ്ലോഗറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ അഹാന കൃഷ്ണകുമാര്‍ തിളങ്ങി നില്‍ക്കുന്ന താരമാണ്. നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മൂത്തമകള്‍ കൂടിയായ അഹാന തന്റെ എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരി കൂടിയായ അഹാനയുടെ വിവാഹം ആരാധകര്‍ കാത്തിരിക്കുന്ന ഒരു നിമിഷമാണ്. അഹാനയുടെ അനിയത്തിയായ ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞതോടെ, എന്നാണ് അഹാനയുടെ വിവാഹമെന്ന ചോദ്യം ആരാധകര്‍ സ്ഥിരമായി ചോദിച്ചു തുടങ്ങി.
ഛായാഗ്രാഹകനും അടുത്ത സുഹൃത്തുമായ നിമിഷ് രവിയുമായി അഹാന അടുപ്പത്തിലാണെന്നത് ആരാധകര്‍ അറിയാവുന്ന കാര്യമാണ്. രണ്ടുപേരും പ്രണയത്തിലാണെന്ന് തോന്നിപ്പിക്കുന്ന ചില പോസ്റ്റുകളും ഇരുഭാഗത്തും നിന്നും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുമുണ്ട്. ‘ലൂക്ക’ അടക്കമുള്ള ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ച ഇരുവരും ഏറെക്കാലമായി അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ രണ്ടുപേരും ഇക്കാര്യം ഇതുവരെ തുറന്നു സമ്മതിച്ചിട്ടില്ല. എങ്കിലും നിമിഷിന്റെ പേരു പറയുമ്പോള്‍ അഹാനയുടെ മുഖത്തുണ്ടാകുന്ന തിളക്കം പലപ്പോഴും സോഷ്യല്‍ മീഡിയ ആഘോഷിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഇൻഡസ്ട്രി ഹിറ്റായി മാറിയ ലോക അടക്കമുള്ള ചിത്രങ്ങളുടെ ഛായാഗ്രാഹകൻ നിമിഷ് രവിയുടെ ജന്മദിനത്തില്‍ ഹൃദയഹാരിയായ ആശംസ പങ്കിടുകയാണ് അഹാന. എക്കാലത്തെയും ഏറ്റവും നല്ല സുഹൃത്തിന് ആശംസകള്‍ നേരുന്നതിനൊപ്പം നിമിഷിന്റെ മനോഹരമായ ഹൃദയം വളരെ ശുദ്ധവും വിലപ്പെട്ടതുമായി സുരക്ഷിതമായും കേടുകൂടാതെയും സൂക്ഷിക്കാനും അഹാന കുറിക്കുന്നുണ്ട്. ‘‘നിം നോം, എന്റെ എക്കാലത്തെയും ഏറ്റവും നല്ല സുഹൃത്ത്, ജന്മദിനാശംസകൾ. നിങ്ങളുടെ മനോഹരമായ ഹൃദയം സുരക്ഷിതമായും കേടുകൂടാതെയും സൂക്ഷിക്കുക, കാരണം അത് വളരെ ശുദ്ധവും വിലപ്പെട്ടതുമാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിന്റെ ജീവിതത്തിലേക്ക് ഒഴുകിയെത്തിയ എല്ലാ സൗഭാഗ്യങ്ങൾക്കും പിന്നിലെ ഒരേയൊരു കാരണം നിന്നിലെ നന്മയാണ്. ആ ദയയും വിനയവും കൈവിടാതെ, നീ എപ്പോഴും ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവനായ ആ നല്ല കുട്ടിയായി തുടരുക. നിംസ് നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു...’’ എന്ന് കുറിച്ച് നിമിഷിനൊപ്പമുള്ള സെല്‍ഫിയും പങ്കിട്ടാണ് അഹാനയുടെ പോസ്റ്റ്. കാറിനുള്ളില്‍ ഡ്രൈവിംഗ് സീറ്റില്‍ അഹാനയും ഒപ്പം നിമിഷും ഇരിക്കുന്നതാണ് ചിത്രം.
അഹാനയുടെ ആശംസയ്ക്ക് ‘താങ്ക്യൂ അമ്മു...’എന്ന് ലവ് ഇമോജിക്കൊപ്പം കുറിച്ച് നിമിഷും മറുപടി നല്‍കിയിട്ടുണ്ട്. നിമിഷിന് പിറന്നാൾ ആശംസകൾ നേരുന്നതിനൊപ്പം ഇരുവർക്കും ആശംസകൾ എന്നാണ് പലരും കമന്റ് ചെയ്തത്. ‘നിമിഷ് രവിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ,’ എന്ന കുറിപ്പോടെ, അഹാന, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പം നിമിഷ് നിൽക്കുന്ന മനോഹരമായ ചിത്രം പങ്കിട്ടാണ് അഹാനയുടെ അമ്മ സിന്ധു കൃഷ്ണ നിമിഷിന് ആശംസ പങ്കുവെച്ചത്.
അഹാനയുടെ ഏറ്റവും അടുത്ത ചങ്ങാതിയായ നിമിഷ് രവിയുമായി ഏതാണ്ട് ഒരു പതിറ്റാണ്ടോളം പഴക്കമുള്ള സൗഹൃദമാണ് അഹാനയ്ക്കുള്ളത്. സിനിമ സ്വപ്നം കണ്ടു നടക്കുന്ന കാലം മുതലുള്ള സൗഹൃദമാണതെന്ന് അഹാന തന്നെ പറഞ്ഞിട്ടുണ്ട്. അഹാനയുടെ കുടുംബത്തിനും ഏറെ പ്രിയപ്പെട്ടയാളാണ് നിമിഷ്. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും നിറസാന്നിധ്യമായി നിമിഷും ഉണ്ടാവാറുണ്ട്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത തിയറ്ററുകളിൽ തരംഗമായി മാറിയ ലോക ചാപ്റ്റർ 1 ചന്ദ്രയുടെ ഛായാഗ്രഹണമൊരുക്കിയത് നിമിഷ് രവിയായിരുന്നു. ലോക 200 കോടി ക്ലബിലേക്ക് കടന്നപ്പോള്‍ സംവിധായകൻ ഡൊമിനിക് അരുണിനൊപ്പം ലോകയ്ക്കായി കഠിനാന്വാനമാണ് നിമിഷ് രവി നടത്തിയത് എന്ന് അഹാന മുന്‍പൊരു പോസ്റ്റില്‍ പങ്കുവച്ചിരുന്നു.