-->
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ അറിയാനും കാണാനും സുന്ദരമായ കാഴ്ചകള്‍ ആസ്വദിക്കാനും വിദേശീയര്‍ ഒരുപാട് പേര്‍ വരാറുണ്ട്. വന്ന് കണ്ട് മടങ്ങുന്നവരെല്ലം കേരളത്തെക്കുറിച്ച് നല്ല അനുഭവങ്ങളാണ് പങ്കിടാറുള്ളത്. വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ഇവിടെയുള്ളവരുടെ പെരുമാറ്റത്തില്‍ സന്തുഷ്ടരാകുകയും ചെയ്യുന്നവരാണ് കൂടുതല്‍ വീദേശീയര്‍. എന്നാല്‍ ചിലരൊക്കെ നല്ല അനുഭവങ്ങള്‍ ഉണ്ടായാലും ചെറിയ പ്രശ്നങ്ങള്‍ കാരണം ഇന്ത്യ അത്ര നല്ല സ്ഥലമല്ലെന്നും പറയാറുണ്ട്.
ഇപ്പോഴിതാ ദൈവത്തിന്റെ സ്വന്തം നാടിനെ വാനോളം പുകഴ്ത്തുകയാണ് എമ്മ എന്ന വിദേശ സഞ്ചാരി. കേരളത്തിലെ വർക്കലയില്‍ എത്തിയ എമ്മ നാടിന്റെ ഭംഗിയും അനുഭവവുമാണ് അവരുടെ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ പങ്കിട്ടത്. തനിക്ക് ഒരു സിനിമയിലെന്ന പോലത്തെ അനുഭവമാണ് ഈ നാട്ടില്‍ നിന്ന് ഉണ്ടായതെന്നാണ് എമ്മ വിളിച്ചു പറയുന്നത്.
‘‘ഇന്ത്യയിലേക്ക് പോകരുത്, അവിടം വൃത്തിയില്ലാത്തയിടമെന്നാണ് എന്നോട് പലരും പറഞ്ഞിരുന്നു. എന്നാല്‍, ആ പറഞ്ഞത് ശരിയല്ലെന്ന് കാണിക്കാൻ ഞാനിവിടെ എത്തി. ഇവിടുത്തെ കാഴ്ച്ചകള്‍ അതിമനോഹരമാണ്. കേരളത്തിലെ വർക്കല എന്ന സ്ഥലത്താണ് ഞാന്‍. സിനിമയില്‍ നിന്ന് ഇറങ്ങിവന്ന ഒരു സ്ഥലം പോലെയുണ്ട് ഇവിടം...’’ വ്ലോഗില്‍ എമ്മ പറയുന്നു.
മനോഹരമായ ഒരു കുറിപ്പ് പങ്കിട്ടാണ് വർക്കലയിലെ അനുഭവം എമ്മ വിശദമാക്കുന്നത്. ‘‘നിങ്ങള്‍ ഇക്കാര്യത്തോട് യോജിക്കുന്നുണ്ടോ? ഇന്ത്യയിലേക്ക് പോകരുതെന്ന് ഒരുപാട് പേർ എന്നോട് പറഞ്ഞു. മാലിന്യങ്ങള്‍ നിറഞ്ഞ, വൃത്തിക്കെട്ട, തട്ടിപ്പുകാരുടെ സ്ഥലമാണ് ഇന്ത്യയെന്നാണ് പലരും എന്നോട് പറഞ്ഞത്. എന്നാല്‍ അതല്ല ഇന്ത്യയുടെ പൂർണചിത്രം. അത് തെളിയിക്കാനം നിങ്ങളോട് പറയാനും ഞാൻ ഇവിടേക്ക് എത്തിയിരിക്കുകയാണ്. കേരളത്തിലെ വർക്കലയിലാണ് ഞാനിപ്പോള്‍. സിനിമയിലേത് പോലൊരു സ്ഥലം നേരിട്ട് കണ്ട അനുഭവമാണ് എനിക്ക്.
പാറക്കെട്ടുകളിൽ നിരന്നിരിക്കുന്ന ഈന്തപ്പനകൾ, താഴെ ആഞ്ഞടിക്കുന്ന ടർക്കോയ്സ് തിരമാലകൾ, ഇന്ത്യയെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കുന്ന എല്ലാ കഥകളും മറക്കാൻ സഹായിക്കുന്ന സൂര്യാസ്തമയങ്ങള്‍. കേരളത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് തന്നെ ഇവയെല്ലാം മാറ്റിമറിക്കുന്നു. ബീച്ചുകള്‍ വളരെ ശാന്തമാണ്. ഇവിടെയുള്ള നാട്ടുകാർ ഞാൻ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സൗഹൃദപരമാണ്. ഇവിടുത്തെ ഭക്ഷണം അതുപോലെ മനോഹരമാണ്.
നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നെങ്കില്‍ ആരെങ്കിലും പറഞ്ഞു കേട്ട കാര്യങ്ങള്‍ കേട്ട് മടി തോന്നിയിട്ടുണ്ടെങ്കില്‍, ഇവിടേക്ക് വരൂ. ഞാൻ 3 ആഴ്ച ഇവിടെ ചെലവഴിച്ചു, ഇപ്പോള്‍ ഈ നാടിനോട് എനിക്ക് പ്രണയമാണ്. ഇന്ത്യയുടെ തെക്കൻ സംസ്ഥാനമായ കേരളം ഈ രാജ്യത്തെ നിങ്ങൾ കാണുന്ന രീതിയും തോന്നലുകളും എന്നെന്നേക്കുമായി മാറ്റിയെടുക്കും...
വർക്കല, കേരളം - ഇന്ത്യ വെറുമൊരു കാര്യമല്ല എന്നതിന്റെ തെളിവാണ്...ഇവിടെ ആയിരം വ്യത്യസ്ത കഥകളുണ്ട്, ഇത് നേരിട്ട് കാണേണ്ടതാണ്, നിങ്ങൾ ഇതുവരെ ഇവിടെ പോയിട്ടുണ്ടോ? നിങ്ങൾക്ക് എന്താണ് തോന്നിയത്? എന്നെ അറിയിക്കൂ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് എമ്മ വീഡിയോ പങ്കിട്ടിരിക്കുന്നത്.
എമ്മയുടെ വീഡിയോ വളരെ വേഗത്തില്‍ വൈറലായി. ഒരുപാട് ആളുകള്‍ കേരളത്തിന്റെ സൗന്ദര്യവും സംസ്കാരവും മനസ്സിലാക്കിയതിന് നന്ദിയും സന്തോഷവും കമന്റുകളിലൂടെ കുറിക്കുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതമെന്നും കുറിക്കുന്നവരുണ്ട്.