-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ രണ്ടാം തവണയും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് നോട്ടീസയച്ച് പ്രത്യേക അന്വേഷണ സംഘം. ചോദ്യം ചെയ്യലിന് അടിയന്തരമായി ഹാജരാകാനാണ് ആവശ്യം. പത്മകുമാറിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തതായി സൂചനയുണ്ട്. ഇതിന് പിന്നാലെയാണ് രണ്ടാം തവണയും നോട്ടീസ് നല്‍കിയിരിക്കുന്നത്.
അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് വിട്ടു. പത്തനംതിട്ടയില്‍ നിന്നും കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകും. ഈ മാസം 24 വരെയാണ് റിമാന്‍ഡ് ചെയ്തത്. കസ്റ്റഡി അപേക്ഷ പിന്നീട് സമര്‍പ്പിക്കും.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം പാളി കൊടുത്തുവിടാന്‍ ഇടപെടല്‍ നടത്തിയത് വാസുവാണെന്നാണ് റിമാന്റ് റിപ്പോര്‍ട്ട്.
ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവുമാണ് വാസുവിനെതിരെ മൊഴി നല്‍കിയത്. ഇതര പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി. ബോര്‍ഡിന് നഷ്ടമുണ്ടായെന്നും പ്രതികള്‍ക്ക് അന്യായമായി ലാഭമുണ്ടായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് വാസുവിന്റെ നിര്‍ദേശപ്രകാരമാണെന്ന വിവരം എസ്‌ഐടിക്ക് ലഭിച്ചിരുന്നു.
ക്രൈം ബ്രാഞ്ച് ഓഫീസില്‍ വെച്ച് രണ്ടു ദിവസം നീണ്ട ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് വാസു അറസ്റ്റിലാകുന്നത്. ചെമ്പ് പാളികള്‍ എന്ന് രേഖപ്പെടുത്തി നവീകരണത്തിന് ശുപാര്‍ശ നല്‍കിയെന്നും രേഖകളില്‍ സ്വര്‍ണ്ണം പൊതിഞ്ഞ പാളികള്‍ എന്നത് ഒഴിവാക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ വാസുവിന് അറിയാമായിരുന്നു എന്നായിരുന്നു സുധീഷ് കുമാര്‍ എസ്‌ഐടിക്ക് നല്‍കിയ മൊഴി. 2019 നവംബര്‍ മുതല്‍ രണ്ടുവര്‍ഷമാണ് എന്‍ വാസു ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പ്രവര്‍ത്തിച്ചത്.