-->
ബോളിവുഡിന്റെ പ്രിയ താരങ്ങളും താരപത്നിമാരുമായ കജോളിന്റെയും ട്വിങ്കിൾ ഖന്നയുടെയും ‘ടൂ മച്ച് വിത്ത് കജോൾ ആൻഡ് ട്വിങ്കിൾ’ എന്ന ടോക്ക് ഷോ തുടക്കം മുതൽ തന്നെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. സമീപകാല എപ്പിസോഡുകളിൽ ചിലത് നെഗറ്റീവ് ഇമേജും നേടിയിട്ടുണ്ട്. ഈ ഷോയിൽ ബന്ധങ്ങളിലെ വൈകാരിക വിശ്വാസവഞ്ചനയെയും ശാരീരിക വിശ്വാസവഞ്ചനയെയും കുറിച്ചുള്ള തങ്ങളുടെ അഭിപ്രായം തുറന്നു പറഞ്ഞതിന്റെ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.
ഇപ്പോഴിതാ ബോളിവുഡ് സംവിധായിക ഫറാ ഖാൻ കജോളിന്റെ ഒരു ചോദ്യത്തിന് നൽകിയ ശക്തമായ മറുപടിയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇത്രയും വർഷങ്ങൾക്ക് ശേഷം ഫറാ ഖാൻ വിശ്വസിക്കുകയും പ്രസക്തയായിരിക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള കജോളിന്റെ അഭിപ്രായമാണ് കോളിളക്കങ്ങൾ സൃഷ്ടിക്കാനുള്ള കാരണം.
ഫറാ ഖാനും അനന്യ പാണ്ഡെയും അതിഥികളായിരുന്ന എപ്പിസോഡിൽ, ആ സംഭാഷണത്തിനിടെ, കജോൾ ഫറായോട് പറഞ്ഞു, ‘‘ഇന്നുവരെയെങ്കിലും നിങ്ങൾ പ്രസക്തനാണ്, കുറഞ്ഞപക്ഷം നിങ്ങൾ പ്രസക്തനാണെന്ന് നിങ്ങൾ വിശ്വസിക്കുന്നു...’’ എന്ന്. എന്നാലതിന് ശക്തമായ മറുപടിയിലൂടെയാണ് കജോളിനെതിരെ ഫറാ ഖാൻ തിരിച്ചടിച്ചത്.
‘‘അതെ, പക്ഷേ കജോൾ എനിക്ക് ‘പ്രസക്തി’ എന്ന ആ വാക്ക് ഇഷ്ടമല്ല, കാരണം നിങ്ങൾ ജോലി ചെയ്യുന്നില്ലെങ്കിൽ പോലും, എല്ലാ വ്യക്തികളും ഏതെങ്കിലും വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രസക്തരാണെന്ന് എനിക്ക് തോന്നുന്നു...’’ ഫറയുടെ ഈ മറുപടി കേട്ട് കജോൾ സ്വയം വിശദീകരിക്കാൻ ശ്രമിച്ചു, ‘നിങ്ങൾ പ്രസക്തരാണെന്ന് നിങ്ങൾക്ക് തോന്നുമ്പോൾ അതാണ് ഞാൻ ഉദ്ദേശിക്കുന്നത്...’ എന്നാക്കി കജോള്‍.
എന്നിട്ടും ഫറാ തുടർന്നു, “എപ്പോഴും എന്റെ കുട്ടികൾക്കും ഭർത്താവിനും അമ്മയ്‌ക്കും ഞാൻ പ്രസക്തയാണെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്, നിങ്ങൾക്കറിയാമോ, ഞാൻ പോലും അത് ഒരു മോശം വാക്കാണെന്ന് കരുതുന്നു, അല്ലേ? പുറത്തുപോയി സജീവമായി പ്രവർത്തിക്കാത്ത ആളുകളെ ഈ വാക്കുകള്‍ തളർത്തും, നിരാശരാക്കും...’ ഫറാ പറഞ്ഞു. ഫറയുടെ മറുപടി കേട്ട് അല്‍പ്പം ചമ്മിയ നിലയില്‍ ഇരിക്കുന്ന കജോള്‍ പിന്നീട് അന്തരീക്ഷം സുഗമമാക്കാന്‍ ട്വിങ്കിളിനൊപ്പം ചിരിക്കുകയും ചെയ്യുന്നുണ്ട്.
ഫറായുടെ മറുപടിക്ക് ഏകകണ്ഠമായ പ്രശംസ ലഭിച്ചു. കജോളിന് ഉചിതമായ മറുപടി നൽകിയതിന് നെറ്റിസൺസ് ഫറാ ഖാനെ അഭിനന്ദിക്കുന്നുണ്ട്. ‘കജോളിന് കൃത്യമായ മറുപടി നല്‍കിയതില്‍ സന്തോഷമുണ്ട്, ഇരുവരും വളരെ അരോചകവും അപമാനകരവുമാണ്, ഒരേ സ്വഭാവമുള്ളവര്‍ പരസ്പരം കുറിക്കു കൊള്ളുന്ന മറുപടി നല്‍കും...’ എന്നതടക്കമാണ് കമന്റുകള്‍. അതിഥികളെ എപ്പോഴും താഴ്ത്തിക്കെട്ടാൻ ശ്രമിച്ചതിന് നെറ്റിസൺമാർ ഷോയെയും അവതാരകരെയും ട്രോൾ ചെയ്തു.