-->
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഗോരഖ്പൂരിൽ നടന്ന 'ഏകതാ യാത്ര'യിലും വന്ദേമാതരം കൂട്ടത്തോടെ ആലപിക്കുന്ന പരിപാടിയിലും സംസാരിക്കുമ്പോൾ രാജ്യത്തോടുള്ള ബഹുമാനവും അഭിമാനബോധവും വളർത്തുന്നതിനാണ് ഈ നീക്കമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. "ദേശീയ ഗീതമായ വന്ദേമാതരത്തോട് ആദരവ് ഉണ്ടാകണം. ഉത്തർപ്രദേശിലെ എല്ലാ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഞങ്ങൾ ഇത് നിർബന്ധമാക്കും," യോഗി ആദിത്യനാഥ് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ദേശീയ ഗീതത്തിന്‍റെ 150-ാം വാർഷികം ആഘോഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിൽ വർഷം മുഴുവനും നീണ്ടുനിൽക്കുന്ന അനുസ്മരണം ഉദ്ഘാടനം ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് പ്രചോദനമാകുകയും ദേശീയ അഭിമാനത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രതീകമായി നിലനിൽക്കുകയും ചെയ്യുന്ന ഈ ഗീതത്തിന്‍റെ 150 വർഷം ആഘോഷിക്കുന്നതിനായി, 2024 നവംബർ ഏഴ് മുതൽ 2026 നവംബർ ഏഴ് വരെ നീണ്ടുനിൽക്കുന്ന രാജ്യവ്യാപകമായ ആഘോഷങ്ങൾക്ക് ഈ പരിപാടി തുടക്കം കുറിച്ചു.