-->
തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു വന്ദേഭാരതില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. സംഗീതം ആസ്വദിക്കാനുള്ളതാണെന്നും തീവ്രവാദ ഗാനമൊന്നും അല്ലല്ലോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുട്ടികളുടെ പാട്ട് ആഘോഷത്തിന്റെ ഭാഗമാണെന്നും അതിന്റെ പേരില്‍ വിവാദമുണ്ടാക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുട്ടികളെ കൊണ്ട് ആ ഗാനം 'പാടിച്ചു' എന്നത് വെറും ആരോപണം മാത്രമാണ്. അതിനുപിന്നിലെ ദുരുദ്ദേശം ലോകത്തിന് മുഴുവന്‍ മനസിലാവും. അത് കുട്ടികളുടെ ആഘോഷത്തിന്റെ ..ഭാഗം മാത്രമായിരുന്നു. സംഗീതം എന്നത് ആസ്വദിക്കേണ്ടതാണ്, അതിന് ഭാഷയോ ജാതിയോ മതമോ ഇല്ല. അങ്ങനെയുള്ള സംഗീതത്തിന് സര്‍ക്കാര്‍ അവാര്‍ഡുകള്‍ വരെ കൊടുക്കുന്നി?', സുരേഷ്‌ഗോപി ചോദിച്ചു.
'കുട്ടികള്‍ അവരുടെ ഇഷ്ടത്തിന് പാടി, ഞങ്ങള്‍ അവരെ തടഞ്ഞില്ല. അത് ഞങ്ങളുടെ വിശാലമനസ്‌കതയാണ്. അത് തീവ്രവാദികളുടെ പാട്ടൊന്നുമല്ലല്ലോ. സംഗീതമാണ്, അത് ആസ്വദിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കാതുകള്‍ തിരിക്കൂ, ഹൃദയം തിരിക്കൂ, മുഖം തിരിക്കൂ.. അങ്ങനെ എന്തുവേണമെങ്കിലും ചെയ്‌തോളൂ. കുഞ്ഞുങ്ങള്‍ സന്തോഷത്തോടെ ചെയ്ത ഒരു കാര്യത്തിലേക്ക് വിഷം കുത്തിവെക്കാനാണ് വിവാദക്കാര്‍ ശ്രമിക്കുന്നത്', കേന്ദ്രമന്ത്രി ആരോപിച്ചു.