-->
കോട്ടയം: ആഭിചാരക്രിയയുടെ മറവില്‍ യുവതിക്ക് പീഡനമേറ്റ സംഭവത്തില്‍ പ്രതി ശിവദാസ് ഇത്തരം ക്രിയകള്‍ പതിവായി ചെയ്തിരുന്നതായി മൊഴി. മൂന്നുവര്‍ഷമായി പത്തനംതിട്ട ജില്ല കേന്ദ്രീകരിച്ച് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തുവരുന്നതായി പ്രതി പോലീസിന് മൊഴി നല്‍കി. 30 വര്‍ഷം മുമ്പ് ഊരാളികളില്‍ നിന്നുമാണ് ആഭിചാരക്രിയകള്‍ പഠിച്ചതെന്ന് ശിവദാസ് മൊഴി നല്‍കി. ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണിക്കൂറുകളോളം നീണ്ട ശാരീരികവും മാനസികവുമായ പീഡനത്തിനാണ് യുവതി ഇരയായത്.
ശിവദാസിനെയും അഖില്‍ദാസിനെയും പിതാവ് ദാസിനെയും കഴിഞ്ഞ ദിവസം മണര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ ഭര്‍ത്താവ് അഖില്‍ദാസിന്റ മാതാവ് വഴിയാണ് യുവതിയെ ഇവിടേയ്ക്ക് കൊണ്ടുവന്നത്. അഖില്‍ദാസിന്റെയും യുവതിയുടെയും പ്രണയ വിവാഹം നടന്നിട്ട് ഒന്നരയാഴ്ച മാത്രമേയായിട്ടുള്ളു. ഇതിനിടയിലാണ് യുവതിയെ ആഭിചാരക്രിയകള്‍ക്ക് വേണ്ടി നിര്‍ബന്ധിച്ചത്. യുവതിയെ മദ്യം നല്‍കി ബലം പ്രയോഗിച്ച് കട്ടിലില്‍ കിടത്തി. ബീഡി വലിപ്പിക്കുകയും ഈ ബീഡികൊണ്ട് തലയില്‍ പൊള്ളലേല്‍പ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ചെയ്തതായി യുവതി മൊഴിയുണ്ട്. കുതറിയോടാന്‍ ശ്രമിച്ചപ്പോള്‍ പട്ടുകള്‍ ഉപയോഗിച്ച് കട്ടിലില്‍ കെട്ടിയിടാന്‍ ശ്രമിച്ചു.
വീണ്ടും ഓടാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നുമാണ് ആരോപണം. കഴിഞ്ഞ രണ്ടിനു രാവിലെ 11 മുതല്‍ രാത്രി ഒന്‍പതു വരെ ആഭിചാരക്രിയകള്‍ നീണ്ടു. യുവതിയുടെ മാനസികനില തകരാറിലായതിനെത്തുടര്‍ന്നു പിതാവ് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മണര്‍കാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. സംഭവത്തിനുശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു മാറിനിന്ന ഒന്നാം പ്രതിയെ തിരുവല്ല മുത്തൂര്‍ ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളായ, യുവാവിന്റെ മാതാവും മറ്റുള്ളവരും ഒളിവിലാണ്.
യുവതിയുടെ ഭര്‍ത്തൃമാതാവ് സൗമിനി ആഭിചാര ക്രിയകളില്‍ വിശ്വസിക്കുകയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതി ശിവദാസിന്റെ അരികില്‍ പോകാറുമുണ്ടായിരുന്നു. ആഭിചാര ക്രിയകള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ദൈവകോപമുണ്ടാകുമെന്ന് യുവതിയെ പറഞ്ഞുവിശ്വസിപ്പിച്ചാണ് ഇവിടെ എത്തിച്ചത്. സമീപകാലത്ത് യുവതിയുടെ മരിച്ച രണ്ട് ബന്ധുക്കളുടെ ആത്മാക്കള്‍ യുവതിയുടെ ദേഹത്ത് കയറിയെന്നാരോപിച്ചാണ് സൗമിനി പ്രതി ശിവദാസിനെ നിരന്തരം സന്ദര്‍ശിച്ചത്. ആഭിചാരക്രിയകള്‍ അഖില്‍ദാസിന്റെ സഹോദരി വീഡിയോ ചിത്രീകരിച്ചിരുന്നു. ഇതിന്റെ വീഡിയോ പോലീസിന് കിട്ടിയിട്ടുണ്ട്. ക്രൂരത വീഡിയോയില്‍ നിന്നും വ്യക്തമാണ്.