-->
സ്ത്രീപ്രാധാന്യമുള്ള സിനിമകളില്‍ മികച്ച അഭിനയം കാഴ്ചവച്ച് പ്രേക്ഷകമനസ്സിലിടം നേടിയ അഭിനേത്രിയും സംവിധായികയുമാണ് രേവതി. രേവതി വെള്ളിത്തിരയില്‍ അനശ്വരമാക്കിയ കഥപാത്രങ്ങള്‍ അനവധിയാണ്. ഇന്നും രേവതിയുടെ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. രേവതിക്കൊപ്പമല്ലെങ്കില്‍ കൂടി മലയാള സിനിമാപ്രേക്ഷകര്‍ ഏറെയിഷ്ടപ്പെടുന്ന ഒരുപാട് കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തിച്ച താരമാണ് മഞ്ജുവാര്യര്‍. ഇവര്‍ രണ്ടാളും ഒരുമിച്ച് സ്ക്രീന്‍ ഷെയര്‍ ചെയ്തിരുന്നെങ്കിലെന്ന് ആരാധകര്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.
ഇപ്പോഴിതാ മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് തന്റെ പുതിയ പ്രോജക്ടിനെപ്പറ്റിയുള്ള സൂചന നല്‍കുകയാണ് രേവതി. ഒപ്പം ചേര്‍ത്തു പിടിച്ചും ചിരിച്ചുല്ലസിച്ചുമുള്ള ക്യൂട്ട് നിമിഷങ്ങളടങ്ങിയതുമായ ചിത്രങ്ങളാണ് രേവതി പങ്കുവച്ചിരിക്കുന്നത്. ‘‘പരസ്പരം ബഹുമാനിക്കുന്ന ആളുകളോടൊപ്പം പ്രവർത്തിക്കുന്നത് വളരെ മികച്ച അനുഭവമാണ്...മഞ്ജുവാര്യർ എന്ന സ്ത്രീ തനിക്കായി ഒരു ഇടം സൃഷ്ടിച്ചിട്ടുണ്ട്... ഉടൻ വരുന്നു....’’ മഞ്ജുവാര്യര്‍ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് രേവതി കുറിച്ചു. തന്റെ പുതിയ പ്രൊജക്ടിനെപ്പറ്റിയുള്ള സൂചനയാണ് ഈ ചിത്രത്തിലൂടെ രേവതി നല്‍കുന്നത്. ഇവര്‍ ഒരുമിച്ചുള്ള ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയാണ്. സ്ക്രീന്‍ ഷെയര്‍ ചെയ്യുന്നതിന് പകരം രേവതിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍ അഭിനയിക്കുകയാണോ എന്നാണ് കൂടുതല്‍ ആരാധകരും കമന്റുകളിലൂടെ ചോദിക്കുന്നത്. രണ്ടു സൂപ്പര്‍സ്റ്റാറുകള്‍ ഒരേ ഫ്രെയിമില്‍, ഒരു വമ്പന്‍ പ്രൊജക്ട് പ്ലാനിംഗില്‍ എന്നൊക്കെ കുറിക്കുന്നവരുമുണ്ട്.