-->
ശരീരാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന ഒന്നാണ് നടത്തം. ദിവസവും കുറച്ച് നേരമെങ്കിലും നടക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. എന്നാല്‍ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഇന്ന് ഭൂരിഭാഗം ആളുകളും വാഹനങ്ങളെ ആശ്രയിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അല്പ ദൂരം നടന്നുപോകുക എന്നത് അല്പം ബുദ്ധിമുട്ടാണ്. എന്നാല്‍ ഇപ്പോഴിതാ ഓഫീസിലേക്ക് നടന്നുപോകുന്ന ശീലം ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ച് തുറന്നുപറയുകയാണ് ഒരു യുവാവ്.
5 കിലോമീറ്റര്‍ അകലെയുള്ള ഓഫീസിലേക്ക് കാല്‍നടയായാണ് യാത്ര ചെയ്ത് എത്തുന്നതെന്നും ഇത് തന്റെ ശരീരത്തിന് ഉണ്ടാക്കിയ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തിയെന്നും ഇയാള്‍ പറയുന്നു. 'എന്റെ ഓഫീസില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ അകലെയാണ് ഞാന്‍ താമസിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ഞാന്‍ ടാക്‌സികളോ വാഹനങ്ങളോ ഉപയോഗിക്കുന്നത് നിര്‍ത്തി, മൂന്ന് പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസിലേക്ക് നടന്ന് വരാന്‍ തീരുമാനിച്ചു. അതായത് ആഴ്ചയില്‍ 30 കിലോമീറ്റര്‍ നടക്കും. ആദ്യം ഞാന്‍ കരുതിയത് ഈ നടത്തം എന്നെ വളരെ ക്ഷീണിപ്പിക്കും എന്നായിരുന്നു. പക്ഷേ അതിശയകരമെന്നു പറയട്ടെ, എന്റെ ആരോഗ്യത്തിനും വാലറ്റിനും വേണ്ടി ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്നായിരുന്നു അത്' യുവാവ് പറയുന്നു.
നടത്തം ആരംഭിച്ചതിന് ശേഷം തന്റെ ശരീരത്തിലും ജീവിതത്തിലും വലിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയെന്നും പോസ്റ്റില്‍ പറയുന്നു. ഈ നടത്തം ശരീരത്തില്‍ നിന്ന് 500 മുതല്‍ 600 വരെ കലോറി കുറയ്ക്കുന്നുവെന്നും ഓട്ടോ, ക്യാബ് ചിലവുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ടെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. 'ഏകദേശം ഒരു മണിക്കൂര്‍ സമയമാണ് ഒരു സൈഡിലേക്ക് നടക്കാന്‍ ഞാന്‍ എടുക്കുന്നത്. ഇതിന് പുറമേ ഇപ്പോള്‍ ഓട്ടോ, ക്യാബ് െ്രെഡവര്‍മാരുമായി തര്‍ക്കിക്കേണ്ടി വരുന്നില്ല. മികച്ച ദഹനം നടക്കുന്നു. രാവിലെ വയര്‍ വീര്‍ക്കുന്നത് കുറഞ്ഞു. ജോലിസമയത്ത് കൂടുതല്‍ ഊര്‍ജ്ജസ്വലത അനുഭവപ്പെടാനും തുടങ്ങി. ഇപ്പോള്‍ വേഗം ഉറങ്ങുകയും ഉന്മേഷത്തോടെ ഉണരുകയും ചെയ്യുന്നുണ്ട്. സമ്മര്‍ദ്ദവും കുറഞ്ഞു. ഒരു ഫ്രീ ജിം മെമ്പര്‍ഷിപ്പ് ലഭിച്ചത് പോലെയുമാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്,' പോസ്റ്റില്‍ പറയുന്നു.
ബിപിയോ ഷുഗര്‍ പ്രശ്‌നങ്ങളോ ഒന്നുമില്ലെങ്കിലും ഒരു പ്രതിരോധ നടപടി എന്ന നിലയിലാണ് താന്‍ ഇത് ചെയ്യുന്നതെന്നും പോസ്റ്റില്‍ പറയുന്നു. പഠനങ്ങള്‍ പ്രകാരം വേഗത്തിലുള്ള നടത്തം ദീര്‍ഘകാല ഹൃദയാരോഗ്യം, രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ തടയുന്നതിന് സഹായിക്കുമെന്നും ഇത് തനിക്ക് സത്യമാണെന്ന് തോന്നുന്നുണ്ടെന്നും യുവാവ് പറയുന്നുണ്ട്.
I started walking🚶♂️30 km a week instead of using a auto/cab — here’s what I noticed byu/Medium_Childhood_527 inBengaluru