-->
ബംഗളൂരു: കന്നഡ നടന്‍ ഹരീഷ് റായ് (55) അന്തരിച്ചു. ഏറെ നാളുകളായി അര്‍ബുദ ബാധിതനായി ചികിത്സയിലായരുന്നു. ഓം, കെജിഎഫ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പ്രശസ്തനായ താരമാണ് ഹരീഷ്. കെജിഎഫിലെ കാസിം ചാച്ച എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബംഗളൂരുവിലെ കിദ്വായ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയില്‍ ചികിത്സയിലായിരുന്നു നടന്‍. തന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും ചികിത്സയുടെ ഭാഗമായിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചുമൊക്കെ ഹരീഷ് റായ് തുറന്നു പറഞ്ഞിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്മാരായ യഷ്, ധ്രുവ് സര്‍ജ എന്നിവരുള്‍പ്പെടെ കന്നഡ സിനിമയില്‍ നിന്നുള്ള നിരവധിപ്പേര്‍ ഹരീഷിന് ചികിത്സ സഹായമെത്തിച്ചിരുന്നു. ഓം, സമര, ബാംഗ്ലൂര്‍ അണ്ടര്‍വേള്‍ഡ്, ജോഡിഹക്കി, രാജ് ബഹദൂര്‍, സഞ്ജു വെഡ്‌സ് ഗീത, സ്വയംവര, നല്ല, കെജിഎഫ് പാര്‍ട്ട് 1, 2 തുടങ്ങി നിരവധി കന്നഡ, തമിഴ്, തെലുങ്ക് സിനിമകളില്‍ ഹരീഷ് റായ് അഭിനയിച്ചിട്ടുണ്ട്.
ഹരീഷിന്റെ മരണം കന്നഡ സിനിമയ്ക്ക് തീരാത്ത നഷ്ടമാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. ഒറ്റ കുത്തിവെപ്പിന് 3.55 ലക്ഷം രൂപ വില വരുമെന്നും, 63 ദിവസം നീണ്ടുനില്‍ക്കുന്ന ഒരു സൈക്കിളില്‍ മൂന്ന് കുത്തിവെപ്പുകള്‍ ആവശ്യമാണെന്നും അദ്ദേഹം നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ഇതനുസരിച്ച് ഒരു സൈക്കിളിന് 10.5 ലക്ഷം രൂപ ചിലവാകും. സമാനമായ അവസ്ഥയിലുള്ള രോഗികള്‍ക്ക് 20 കുത്തിവെപ്പുകള്‍ വരെ വേണ്ടിവരുമെന്നും, അങ്ങനെയെങ്കില്‍ ചികിത്സാച്ചെലവ് ഏകദേശം 70 ലക്ഷം രൂപയോളം ആകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നടന്‍ യഷുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നടനായിരുന്നു ഹരീഷ് റായ്. 'യഷ് എന്നെ മുന്‍പ് സഹായിച്ചിട്ടുണ്ട്.
എല്ലായിപ്പോഴും എനിക്ക് അദ്ദേഹത്തോട് ചോദിക്കാന്‍ കഴിയില്ല. ഒരാള്‍ക്ക് എത്ര മാത്രം ചെയ്യാന്‍ കഴിയും? വിവരമറിഞ്ഞാല്‍ അദ്ദേഹം തീര്‍ച്ചയായും എന്റെ കൂടെ നില്‍ക്കുമെന്ന് എനിക്കറിയാം. തന്റെ പുതിയ ചിത്രമായ 'ടോക്‌സിക്കി'ന്റെ തിരക്കിലാണെങ്കിലും അദ്ദേഹം ഒരു ഫോണ്‍ കോള്‍ അകലെയാണ്,' യഷിനെക്കുറിച്ച് ഹരീഷ് മുന്‍പ് പറഞ്ഞതിങ്ങനെ.
ഉപേന്ദ്ര സംവിധാനം ചെയ്ത് ശിവരാജ്കുമാര്‍ നായകനായ ഓം എന്ന ചിത്രം റിലീസായതിന് പിന്നാലെയാണ് ഹരീഷ് പ്രശസ്തിയിലേക്കുയര്‍ന്നത്. സിംഹരൂപിണി എന്ന ചിത്രത്തിലാണ് അദ്ദേഹം ഒടുവില്‍ അഭിനയിച്ചത്.