-->
തന്റെ അമ്മയുടെ വേര്‍പാടിനെ കുറിച്ച് സംസാരിച്ച് നടന്‍ അര്‍ഷാദ് വാര്‍സി. അമ്മ മരിക്കുന്നതിന് മുമ്പ് ഒരു തുളളി വെളളം പോലും തനിക്ക് നല്‍ക്കാനായില്ല എന്നാണ് അര്‍ഷാദ് പറയുന്നത്. അമ്മയുടെ മരണം ഇന്നും വേട്ടയാടുന്ന വേദനയാണ് എന്നാണ് ഒരു അഭിമുഖത്തില്‍ നടന്‍ പറഞ്ഞത്.
'എന്റെ അമ്മയൊരു സിമ്പിള്‍ ഹൗസ് വൈഫ് ആയിരുന്നു. നല്ല ഭക്ഷണമുണ്ടാക്കുമായിരുന്നു. അമ്മയുടെ കിഡ്‌നി തകരാറിലായി. ഡയാലിസിസിലായിരുന്നു. ഡോക്ടര്‍ അമ്മയ്ക്ക് വെള്ളം കൊടുക്കരുതെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. അമ്മ വെള്ളത്തിനായി യാചിച്ചു കൊണ്ടിരുന്നു. പക്ഷെ ഞാന്‍ സമ്മതിച്ചതേയില്ല. മരിക്കുന്നതിന് തൊട്ടു മുമ്പും രാത്രിയും അമ്മ എന്നെ വിളിച്ച് വെള്ളം ചോദിച്ചു.''
'പക്ഷെ ഞാന്‍ കൊടുത്തില്ല. ആ രാത്രി അമ്മ മരിച്ചു. അതോടെ ഞാനും മരിച്ചു. അന്ന് അമ്മയ്ക്ക് വെള്ളം കൊടുത്തിരുന്നുവെങ്കില്‍, അതിന് ശേഷം അമ്മ മരിച്ചാല്‍, ജീവിതകാലം മുഴുവന്‍ ഞാന്‍ വെള്ളം കൊടുത്തത് കൊണ്ടാണ് അമ്മ മരിച്ചതെന്ന് സ്വയം ഞാന്‍ പഴിച്ചിരുന്നേനെ എന്ന് ചിന്തിക്കുന്നൊരു ഭാഗമുണ്ട് മനസില്‍.''
''പക്ഷെ ഇന്ന് ചിന്തിക്കുമ്പോള്‍ അമ്മയ്ക്ക് വെള്ളം കൊടുക്കണമായിരുന്നുവെന്നാണ് തോന്നുന്നത്. അന്ന് ഞാനൊരു കുട്ടിയായിരുന്നു. ഡോക്ടര്‍ പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തത്. ഇന്ന് എനിക്ക് ആ തീരുമാനമെടുക്കാനാകും. അവസാന നാളുകള്‍ ആശുപത്രിയില്‍ കിടക്കാതെ കുടുംബത്തോടൊപ്പം ചെലവിടാമെന്ന് തീരുമാനിക്കാം.''
'നമ്മള്‍ ഒരിക്കലും രോഗിയുടെ ഭാഗത്തു നിന്നും ചിന്തിക്കില്ല. നമ്മുടെ ഗില്‍റ്റിന്റെ അടിസ്ഥാനത്തിലാകും തീരുമാനമെടുക്കുക'' എന്നാണ് അര്‍ഷദ് പറയുന്നത്.
ബോളിവുഡ് ജനപ്രീയ നടനാണ് അര്‍ഷാദ് വാര്‍സി. 1996ല്‍ തേരേ മേരേ സപ്‌നേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അര്‍ഷാദ് നായകനായും സഹനടനായും കോമഡി താരമായും കൈയ്യടി നേടിയുണ്ട്.