-->
ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പോയി ഉപരി പഠനം നടത്തുന്ന വിദ്യാർത്ഥികൾ അനവധിയാണ്. പലരും പഠനത്തിനൊപ്പം ജോലിയും ചെയ്ത് ജീവിതം സുന്ദരമാക്കാനാണ് വിദേശത്തേക്ക് പോകുന്നത്. എന്നാൽ പുറംമോടി പോലെ അത്ര സുന്ദരമല്ല വിദേശത്തുള്ള പഠനം എന്ന് പലരും പറയാറുണ്ട്.
ഇപ്പോഴിതാ വിദേശത്ത് ജീവിതം കെട്ടിപ്പടുക്കുന്നതിനിടെ ഇന്റർനാഷണല്‍ സ്റ്റുഡന്റ്സ് നേരിടുന്ന വൈകാരികവും സാമ്പത്തികവുമായ പ്രതിസന്ധികളെ കുറിച്ച് പങ്കിടുകയാണ് ജർമ്മനിയിലെ ഒരു ഇന്ത്യൻ വിദ്യാർത്ഥി. പ്രഥമേഷ് പാട്ടീല്‍ എന്ന വിദ്യാർത്ഥിയാണ് പോസ്റ്റ് ഇൻസ്റ്റാഗ്രാമില്‍ ഷെയർ ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ഒരു സ്വപ്നജീവിതമായിട്ടാണ് വിദേശജീവിതം കാണാറുള്ളതെങ്കിലും അതിന്റെ പിന്നിലെ ത്യാഗവും പോരാട്ടവുമെല്ലാം വലുതാണ് എന്നാണ് പാട്ടീല്‍ പറയുന്നത്.
"സന്തോഷത്തിന്റെ കൊടുമുടി കരച്ചിലും സങ്കടത്തിന്റെ കൊടുമുടി ചിരിയുമാണ് എന്ന് പറഞ്ഞത് ആരാണെങ്കിലും അത് തികച്ചും ശരിയാണ്. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഞാൻകരഞ്ഞിട്ടില്ല, കാരണം ഞാൻ ശക്തനാകണമായിരുന്നു. കഷ്ടപ്പാടുകൾക്ക് ശേഷം കഷ്ടപ്പാടുകൾ നേരിട്ടു, പക്ഷേ ഒരു കണ്ണുനീർ പോലും പൊഴിച്ചില്ല. ഒരുപക്ഷേ പോരാട്ടവുമായി പരിചയപ്പെട്ടിരിക്കാം, അല്ലെങ്കിൽ വളരെ ശക്തനായി മാറിയിരിക്കാം.
അവസാനം ഒരു ജോലി കിട്ടിയ നിമിഷം അത് വീട്ടിലേക്ക് വിളിച്ച് അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ, എന്റെ അമ്മ 'കഠിനാധ്വാനം എപ്പോഴും അതിന്റെ ഫലം തരിക തന്നെ ചെയ്യും' മോനെ എന്ന് പറഞ്ഞപ്പോൾ, മാതാപിതാക്കളാല്‍ അംഗീകരിക്കപ്പെട്ട ആ നിമിഷം ഞാൻ കരഞ്ഞു പോയി...എന്നെയത് കണ്ണീരിലാഴ്ത്തി.
വളരെ കുറച്ച് ആളുകൾ മാത്രമേ പോരാട്ടങ്ങളെയും മോശം ദിവസങ്ങളെയും കുറിച്ച് പോസ്റ്റുചെയ്യുന്നുള്ളൂ, പക്ഷേ ഇന്ന് എന്റെ കഥ മാത്രമല്ല, പുതുതായി ഒരു ജീവിതം കെട്ടിപ്പടുക്കാൻ തന്റെ കംഫർട്ട് സോൺ വിട്ട ഓരോ അന്താരാഷ്ട്ര വിദ്യാർത്ഥിയുടെയും കഥ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ആളുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ നല്ല നിമിഷങ്ങൾ കാണുകയും നമ്മൾ മികച്ച ജീവിതം നയിക്കുന്നുണ്ടെന്ന് കരുതുകയും ചെയ്യുന്നു. എന്നാൽ ഒന്നും സൗജന്യമായി ലഭിക്കുന്നില്ല, ഓരോ സ്വപ്നത്തിനും ഒരു വിലയുണ്ട്.
ഇതൊരു ഇന്റേൺഷിപ്പ് മാത്രമാണെന്ന് എനിക്കറിയാം, ഞാൻ ഉപരിതലത്തിൽ നിന്ന് പഠിച്ചു കഴിഞ്ഞു, ഇനിയും ഒരു മല കയറാനുണ്ട്. മറ്റുള്ളവർക്ക് ഇത് വലിയ കാര്യമല്ലായിരിക്കാം, പക്ഷേ 18 വയസ്സുള്ള ഞാൻ ഇത് ഒരിക്കലും വിശ്വസിക്കില്ല. ഈ ഇന്റേൺഷിപ്പ് തീർച്ചയായും എനിക്ക് നിരവധി വാതിലുകൾ തുറക്കും. ഞാൻ മുന്നോട്ട് പോകും.
അവസാനമായി, എന്റെ ഏറ്റവും പ്രയാസകരമായ ദിവസങ്ങളിൽ എന്നോടൊപ്പം നിന്ന എന്റെ എല്ലാ അന്താരാഷ്ട്ര സുഹൃത്തുക്കൾക്കും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. അവരിൽ നിന്നുള്ള ഏറ്റവും ചെറിയ ഉപദേശങ്ങൾ പോലും എന്റെ യാത്രയിൽ ഒരു ഡൊമിനോ പ്രഭാവം സൃഷ്ടിച്ചു. അവരില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല... " എന്ന ക്യാപ്ഷൻ നൽകിയാണ് പ്രഥമേഷ് തന്റെ ജീവിത വഴികളിലെ നിമിഷങ്ങൾ വീഡിയോയായി പങ്കിട്ടിരിക്കുന്നത്.
"നേരത്തെ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ജർമ്മനിയിലേക്ക് പോയി. ഒമ്പതു പേർ കൂടി ഒരു ചെറിയ അപാർട്മെന്റില്‍ ഒറ്റ ബാത്ത്റൂം ഉപയോഗിച്ച് ജീവിച്ചു. നാല് സ്യൂട്ട്കേസും വലിയ സ്വപ്നങ്ങളുമായിട്ടാണ് ഞാൻ അന്ന് ജർമ്മനിയിലേക്ക് വന്നത്. മണിക്കൂറില്‍ എട്ട് യൂറോയ്ക്ക് റസ്റ്റോറന്റ് കിച്ചണുകളും ടോയ്‌ലറ്റുകളും വൃത്തിയാക്കേണ്ടി വന്നു. തണുപ്പില്‍ പലചരക്ക് സാധനങ്ങള്‍ എത്തിക്കുന്ന ജോലി ചെയ്തതും, ശമ്പളം വൈകുകയോ ചിലപ്പോള്‍ കിട്ടുകയോ ചെയ്യാത്ത വെയർഹൗസുകളിലും സൂപ്പർമാർക്കറ്റുകളിലും പാർട് ടൈം ജോലി ചെയ്ത സമയം. ഒപ്പം വീട്ടുടമ പറ്റിച്ച് കുറേ പണം പോയത്..." എന്നിങ്ങനെ മിക്ക പ്രതിസന്ധികളും വീഡിയോയിലൂടെ പ്രഥമേഷ് പറയുന്നു.
ജർമ്മനി, അന്താരാഷ്ട്രവിദ്യാർത്ഥിജീവിതം എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും പ്രഥമേഷ് കുറിച്ചിട്ടുണ്ട്.
വിദേശത്ത് പോയാലുടനെ നല്ല ജീവിതം കിട്ടണമെന്നില്ല. ഒരുപാട് കഷ്ടപ്പാടുകളും അതിന്റെ പിന്നിലുണ്ടാകും എന്ന് ഈ പോസ്റ്റില്‍ നിന്നും വ്യക്തമാകും. പോസ്റ്റ് വൈറൽ ആയതോടെ യുവാവിന്റെ അംഗീകരിച്ചും യുവാവിനെ അഭിനന്ദിച്ചും ഒരുപാടുപേർ കമന്റുകള്‍ നല്‍കുന്നുണ്ട്.