Saturday, March 14, 2026 Last Updated 2 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 30 Oct 2025 01.46 PM

‘അയാളെന്നെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു; കൈ എടുക്ക്, എന്നെ കൊന്നിട്ടേ എന്തെങ്കിലും ചെയ്യാനാവൂ എന്നായി ഞാന്‍...’അജ്മല്‍ അമീറിനെതിരെ തമിഴ് നടി നര്‍വിനി ദേരി

വീഡിയോ വോയിസ് ചാറ്റുകളിലൂടെ മോശം സംസാരമടക്കം നിരവധി ലൈംഗികാരോപണങ്ങളാണ് നടന്‍ അജ്മല്‍ അമീറിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് തമിഴ് നടി നര്‍വിനി ദേരി.
Actor Ajmal Ameer , Tamil actress Narvini Dery
Actress Narvini Dery about ajmal ameer creepy behaviour (Image Source: Youtube)

മലയാളം , തമിഴ് , തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിക്കുന്ന ഒരു ചലച്ചിത്രതാരമാണ് അജ്മൽ അമീര്‍ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അജ്മലിന്റെ പേര് കേള്‍ക്കുന്നത് ചില വിവാദങ്ങളിലാണ്. ലൈംഗികാരോപണവുമായി യുവതി രം​ഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞത്. വോയിസ് മെസേജടക്കമുള്ള സ്ക്രീന്‍ഷോട്ടുകള്‍ പങ്കിട്ടായിരുന്നു യുവതി ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ വ്യാജമായി ഉണ്ടാക്കിയ ഒരു കഥയും എഐ ഉപയോഗിച്ചുണ്ടാക്കിയ ഒരു വോയ്സ് ഇമിറ്റേറ്റിങ്ങിനുമൊന്നും തന്നെയും തന്റെ കരിയറിനെയും തകര്‍ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു കൊണ്ട് അജ്മലും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അതിനു ശേഷം പലരും അജ്മലിന്റെ മോശം ഇട​പെടലിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇപ്പോഴിതാ നടന്‍ അജ്മല്‍ അമീറിനെതിരെ വീണ്ടുമൊരു ആരോപണം ഉന്നയിക്കുകയാണ് തമിഴ് നടി നര്‍വിനി ദേരി. ഓഡിഷനെന്ന പേരില്‍ തന്നെ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ഭാഗ്യംകൊണ്ടാണ് താന്‍ അവിടെനിന്ന് രക്ഷപ്പെട്ടതെന്ന് നര്‍വിനി പറഞ്ഞു. പഠനവും ജീവിതവും ഓര്‍ത്താണ് പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്നും താരം വ്യക്തമാക്കി.
‘‘അജ്മൽ അമീറിനെതിരെ ഒരുപക്ഷേ ആദ്യം രം​ഗത്ത് വന്നത് ഞാനായിരിക്കും. മുൻപ് എന്റെ സുഹൃത്തിന് നൽകിയ ഇൻസ്റ്റ​ഗ്രാം അഭിമുഖത്തിലാണ് ഞാൻ അജ്മൽ അമീറിന്റെ അതിക്രമങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. 2018ല്‍ ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ ചെന്നൈയിലെ മാളില്‍വെച്ചാണ് അജ്മല്‍ അമീറിനെ ആദ്യമായി കാണുന്നത്. എനിക്ക് അജ്മലിനെ പരിചയമില്ലായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്താണ് അജ്മല്‍ അമീറാണെന്നും ‘കോ’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നും പറഞ്ഞത്. അജ്മല്‍ അടുത്തേക്ക് വന്ന് നിങ്ങള്‍ നടിയല്ലേ, തന്റെ അടുത്ത ചിത്രത്തിലേക്ക് നായികയെ അന്വേഷിക്കുന്നുണ്ട് എന്ന് പറഞ്ഞു. നമ്ബറൊക്കെ പരസ്പരം ഷെയര്‍ ചെയ്താണ് അന്ന് പിരിഞ്ഞത്. പിന്നീട് വാട്‌സാപ്പില്‍ മെസേജ് അയക്കുകയും ഫോട്ടോ ഷെയര്‍ ചെയ്യുകയുംചെയ്തു. ഒഡീഷന് വരണമെന്ന് പറഞ്ഞ് അജ്മല്‍ വിളിച്ചു. പക്ഷേ, അന്ന് ഞാന്‍ ഡെന്മാര്‍ക്കിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇപ്പോള്‍ തന്നെ വരാമോ, ടീമിനെ മീറ്റ് ചെയ്യാം എന്ന് പറഞ്ഞു. വന്ന് മീറ്റ് ചെയ്താല്‍ മാത്രം മതി, സിനിമ തുടങ്ങാന്‍ കുറച്ചുസമയമെടുക്കും എന്നൊക്കെ പറഞ്ഞു. അന്ന് രാത്രി എനിക്ക് ഫ്ലൈറ്റ് ഉണ്ടായിരുന്നു. സാധാരണ എവിടെയെങ്കിലും ഓഡിഷനോ മറ്റോ പോകുമ്പോള്‍ എന്റെ സുഹൃത്തോ അല്ലെങ്കില്‍ ആരെങ്കിലും കൂടെ വരാറുണ്ട്. പക്ഷെ അന്ന് രാത്രി എനിക്ക് ഫ്ലൈറ്റ് ഉണ്ടായിരുന്നു.
അദ്ദേഹം സ്വന്തം കാര്യങ്ങളെല്ലാം പറഞ്ഞപ്പോള്‍ ഞാന്‍ മെസ്സേജ് അയച്ചു. എവിടെയാണ് കാണേണ്ടതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു ഹോട്ടലോ കോഫി ഷോപ്പോ ആണ് പറഞ്ഞത്. അഡ്ഡ്രസും ലൊക്കേഷനും ഷെയര്‍ ചെയ്തു. ഞാന്‍ ഒരു ടാക്‌സി ബുക്ക് ചെയ്ത് ഉടന്‍ തന്നെ അങ്ങോട്ട് പോയി. അത്ര അറിയപ്പെടുന്ന ഹോട്ടലൊന്നുമല്ലല്ലോ എന്ന് ഞാന്‍ അജ്മലിനോട് ചോദിച്ചിരുന്നു. നല്ല സ്ഥലം തന്നെയാണെന്നായിരുന്നു മറുപടി. ഊബറിലാണ് ഞാന്‍ പോയത്. പോകുമ്പോള്‍ത്തന്നെ എനിക്കൊരു പന്തികേട് തോന്നിയിരുന്നു. ആ സ്ഥലം കണ്ടപ്പോള്‍ത്തന്നെ എനിക്ക് വല്ലാത്തൊരു അസ്വാഭാവികത തോന്നി. ഞാന്‍ ചെന്ന് കതക് മുട്ടിയപ്പോള്‍ അജ്മല്‍ വാതില്‍ തുറന്നു. ടീമിലുള്ളവര്‍ എവിടെയെന്ന് ചോദിച്ചപ്പോള്‍, അവര്‍ പുറത്തേക്ക് പോയെന്ന് അജ്മല്‍ പറഞ്ഞു. എങ്കില്‍ താഴെയിരിക്കാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അജ്മല്‍ വിസ്സമതിച്ചു. എന്തോ പന്തികേടുണ്ടെന്ന് എന്റെ മനസ് പറയുന്നുണ്ടായിരുന്നു. ഞാന്‍ മുറിയിലേക്ക് കയറിയപ്പോള്‍ അജ്മല്‍ എനിക്ക് ഭക്ഷണം വിളമ്പി. ഞാനത് നിരസിച്ചു. അതേസമയം, ഞാന്‍ 20 മിനിറ്റില്‍ മെസേജ് അയച്ചില്ലെങ്കില്‍ എന്നെ വിളിക്കണമെന്ന് ഒരു സുഹൃത്തിന് മെസേജ് അയച്ചു.
അയാള്‍ സംസാരിച്ചുകൊണ്ട് വന്ന് എന്റെ കൈയില്‍ നിന്ന് നിന്ന് ബാഗെടുത്ത് വെച്ചിട്ട്, എന്റെ തൊട്ടടുത്തേക്ക് വന്നിരുന്നു. ഞാന്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി കൈ കഴുകിയിട്ട് വരാമെന്ന് പറഞ്ഞ് വാഷ്റൂമിലേക്ക് പോയി. അങ്ങനെ വാഷ്റൂമില്‍ പോയി ഈ സാഹചര്യം എങ്ങനെ നേരിടാമെന്ന് ഞാന്‍ ചിന്തിച്ചു. ഞാൻ മുൻപ് സൈക്യാട്രി ഓഫിസറായി ജോലി ചെയ്തിട്ടുണ്ട്. ഇതുപോലുള്ള ഒരുപാട് പേരെ കൈകാര്യം ചെയ്തിട്ടുമുണ്ട്. അങ്ങനെ മനസ്സിനെ പാകപ്പെടുത്തി, ഞാന്‍ വാഷ്‌റൂമില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അയാള്‍ പാട്ടുവെച്ചു. എന്നിട്ട് എന്റെ കൈ പിടിച്ച്‌ പറഞ്ഞു, ‘വരൂ, നമുക്ക് ഡാന്‍സ് ചെയ്യാം, അടിച്ചുപൊളിക്കാം’ എന്ന്. ‘ഇല്ല, എനിക്കറിയാം നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന്. ഞാന്‍ അതിനല്ല ഇവിടെ വന്നത്. എനിക്ക് താല്പര്യമില്ല’, എന്ന് മറുപടി നല്‍കി.
അപ്പോള്‍ അയാള്‍ പറയാന്‍ തുടങ്ങി, ‘നീയെന്താ ഈ പറയുന്നത്? ഞാന്‍ ഇത്ര ഹാന്‍സമായ ആളല്ലേ? എന്റെ പിന്നാലെ എത്ര പേരുണ്ട്? പെണ്‍കുട്ടികള്‍ക്കൊക്കെ എന്നെ ഒരുപാട് ഇഷ്ടമാണ്. കുറച്ച്‌ എന്‍ജോയ് ചെയ്യൂ’ എന്ന്. ‘എനിക്ക് നിങ്ങളെ ഒട്ടും ഇഷ്ടമല്ല’ എന്ന് ഞാന്‍ പറഞ്ഞു. സൈക്കോളജിക്കലായി അയാളെ തളര്‍ത്തണമായിരുന്നു. ‘എനിക്ക് നിങ്ങളെ ഒട്ടും ഇഷ്ടമല്ല’ എന്ന് ഞാന്‍ പറഞ്ഞു. ‘എന്താ നിനക്കെന്നെ ഇഷ്ടമല്ലാത്തത്?’ എന്ന് ചോദിച്ചുകൊണ്ട് അയാള്‍ ആകെ ഡള്‍ ആയി. അയാള്‍ക്ക് വളരെ വിഷമമായി. പിന്നെ അയാള്‍ നിര്‍ബന്ധിക്കാന്‍ ശ്രമിച്ചില്ല. എന്നാലും അയാള്‍ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. ഞാന്‍ ‘കൈ എടുക്ക്’ എന്ന് പറഞ്ഞു. ‘നിനക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ’ എന്നും ഞാന്‍ പറഞ്ഞു.
പെട്ടെന്ന് അയാള്‍ക്കൊരു കോള്‍ വന്നു. അയാള്‍ ആരോടോ സംസാരിക്കുകയായിരുന്നു. ആ സമയത്ത് ഞാന്‍ എന്റെ ബാഗ് എടുത്തു. ഈ സമയം ഞാൻ എന്റെ ഫോൺ എടുത്ത് എന്നെ കാത്തുനിന്നിരുന്ന ഊബർ ഡ്രൈവറെ അലേർട്ട് ചെയ്തു. ഞാന്‍ ഒറ്റയ്ക്കല്ല വന്നതെന്ന് അയാളോട് പറഞ്ഞു. ‘താഴെ എന്റെ സഹോദരിമാര്‍ കാത്തുനില്‍ക്കുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ പോയില്ലെങ്കില്‍ അവര്‍ മുകളിലേക്ക് വരും' എന്നും പറഞ്ഞു. കൃത്യസമയത്ത് എനിക്കൊരു കോളും വന്നു. ആ സമയം റൂം ബോയി കോളിങ് ബെല്ല് അടിച്ചു. അവന്‍ പേടിച്ചുപോയി. എനിക്ക് തുറക്കാൻ പറ്റുന്ന ഉയരത്തിൽ ആയിരുന്നില്ല വാതിലിന്റെ കൊളുത്തുണ്ടായിരുന്നത്. അജ്മൽ വാതിൽ തുറന്നയുടനെ ഞാൻ ഇറങ്ങിയോടുകയായിരുന്നു.
ഭാഗ്യം കൊണ്ടാണ് ഞാൻ അവിടെ നിന്ന് രക്ഷപെട്ടത്. എന്റെ സുഹൃത്തിനോട് ഞാൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി. അന്വേഷിച്ചപ്പോൾ നിരവധി പെൺകുട്ടികളോട് അജ്മൽ ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. ഈ സംഭവത്തിന് ശേഷവും അയാൾ എനിക്ക് നിരന്തരം മെസേജ് അയക്കുമായിരുന്നു. സ്റ്റോറി പോസ്റ്റ് ചെയ്താലൊക്കെ ഉടൻ മെസേജുമായി വരും. ഇനിയും കാണാൻ പറ്റുമോ എന്നൊക്കെ ചോദിക്കും. എന്റെ പഠനവും ജീവിതവുമൊക്കെ ഓർത്താണ് ഞാൻ അന്ന് പൊലീസ് കേസ് കൊടുക്കാതിരുന്നത്...’’നര്‍വിനി പറഞ്ഞു. ട്രെൻഡ് ടോക്സ് എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW