-->
ബോളിവുഡിന്റെ ക്യൂട്ട് താരദമ്പതിമാരാണ് സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇക്ബാലും. ഏഴ് വർഷം നീണ്ടുനിന്ന പ്രണയത്തിനുശേഷമാണ് നടനും മോഡലുമായ സഹീറിനെ സൊനാക്ഷി വിവാഹം ചെയ്തത്. ഡബിള്‍ എക്സെല്‍ എന്ന സിനിമയിലും ബ്ലോക്ക്ബസ്റ്റര്‍ എന്ന മ്യൂസിക് വീഡിയോയിലും ഇവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരദമ്പതിമാര്‍. പ്രണയത്തെ നിലനിര്‍ത്തുന്നത് തങ്ങള്‍ക്കിടയിലുള്ള ചിരിയും തമാശയുമാണെന്ന് ബോളിവുഡിന്റെ ക്യൂട്ടെസ്റ്റ് കപ്പിള്‍സ് പല തവണ തെളിയിച്ചിട്ടുണ്ട്. ഇവര്‍ പങ്കിടുന്ന നര്‍മ്മം കലര്‍ന്ന റീല്‍സ് വീഡിയോകള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. തന്റെ പുരുഷനിൽ എന്താണോ ആഗ്രഹിച്ചത് അതെല്ലാം സഹീറില്‍ ഉണ്ടെന്നും ഇന്നത്തെ ലോകത്ത് അവരുടെ വികാരങ്ങളെക്കുറിച്ച് തുറന്നതും പ്രകടിപ്പിക്കുന്നതുമായ ഒരാളെ കണ്ടെത്തുക പ്രയാസമാണെന്നുമാണ് സൊനാക്ഷി ഒരിക്കല്‍ സഹീറിനെക്കുറിച്ച് പറഞ്ഞത്.
ഇപ്പോഴിതാ തന്റെ സങ്കടത്തെ മറികടക്കാൻ താൻ എങ്ങനെ ചിത്രകലയിലേക്ക് തിരിഞ്ഞെന്ന് പറയുകയാണ് സൊനാക്ഷി സിൻഹ. എന്നാല്‍ ഇക്ബാലിന് കണ്ടുമുട്ടിയ ശേഷം സങ്കടം മറികടന്നതും എങ്ങനെയാണ് പെയിന്റിംഗ് നിര്‍ത്തിയതെന്നും പറയുകയാണ് സൊനാക്ഷി. ‘‘എനിക്ക് സങ്കടം വരുമ്പോഴാണ് ഞാന്‍ പെയിന്റ് ചെയ്തിരുന്നത്. വരക്കുമ്പോൾ എന്റെ മനസ്സ് പൂർണ്ണമായും ശാന്തമാകുമായിരുന്നു. വ്യത്യസ്തമായ ഒരു ലോകത്തേക്ക് ഞാൻ അപ്രത്യക്ഷയാകുമായിരുന്നു. എന്റെ നിറങ്ങളിലേക്കും...എന്റെ ക്യാൻവാസിലേക്കും മാത്രം. പല മുഖങ്ങളും മൃഗങ്ങളുമൊക്കെ എന്റെ ക്യാന്‍വാസില്‍ നിറഞ്ഞിട്ടുണ്ട്. സങ്കടപ്പെട്ടിരിക്കുമ്പോഴാണ് ഞാന്‍ വരച്ചിരുന്നത്.
പക്ഷേ എന്നാണോ ഞാന്‍ എന്റെ ഭർത്താവിനെ കണ്ടുമുട്ടിയത്, ആ ദിവസം ഞാൻ പെയിന്റ് ചെയ്യുന്നത് നിർത്തി. കേള്‍ക്കുന്നവര്‍ക്കത് തമാശയായി തോന്നും, ഞാന്‍ സത്യമാണ് പറഞ്ഞത്. പക്ഷേ ഞാൻ അതിനുശേഷം പെയിന്റ് എടുത്തിട്ടില്ല. അതെ. അത് ആഴമുള്ളതാണ്. ഞാൻ സഹീറിനെ കണ്ടുമുട്ടിയതിനുശേഷം, അവൻ എന്നോട് പറഞ്ഞത്, ‘വീണ്ടും വരയ്ക്കാനായി നീ സങ്കടപ്പെടില്ല എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതിനു പകരം നീ അതില്‍ വളരെ മിടുക്കിയായതു കൊണ്ട് വരയ്ക്കാന്‍ തുടങ്ങണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു...’ എന്നാണ്. പക്ഷേ സത്യം പറഞ്ഞാല്‍ കഴിഞ്ഞ 8 വർഷമായി ഞാൻ ഒരു പെയിന്റ് ബ്രഷ് പോലും എടുത്തിട്ടില്ല...’’ സൊനാക്ഷി പറയുന്നു.
പുരുഷ മേധാവിത്വമുള്ള നിരവധി ആക്ഷൻ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് സൊനാക്ഷി പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ഹൊറര്‍ ത്രില്ലര്‍ ജോറണിലുള്ള കഥാപാത്രങ്ങളിലാണ് സൊനാക്ഷി അടുത്തിടെയായി തിളങ്ങുന്നത്. സൊനാക്ഷിയുടെ അടുത്ത പവര്‍ പാക്ക് പെര്‍ഫോമന്‍സ് എത്തുന്നത് തെലുങ്ക് അരങ്ങേറ്റ ചിത്രമായ ‘ജടാധാര’യിലൂടെയാണ്. സോനാക്ഷി സിൻഹയും സുധീർ ബാബുവും ഒരുമിച്ചെത്തുന്ന, ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർനാച്ചുറൽ ത്രില്ലർ ‘ജടാധാര’ 2025 നവംബർ 7 ന് ഹിന്ദിയിലും തെലുങ്കിലും തിയേറ്ററുകളിൽ റിലീസ് ചെയ്യും. വെങ്കട്ട് കല്യാണും അഭിഷേക് ജയ്‌സ്വാളും ചേർന്ന് സംവിധാനം ചെയ്ത ഈ ചിത്രം പുരാണങ്ങൾ, ബ്ലാക്ക് മാജിക്, പുരാതന ശാപങ്ങൾ, ഒരു നിഗൂഢ നിധി വേട്ട എന്നിവയുടെ ആവേശകരമായ മിശ്രിതമാണ് വാഗ്ദാനം ചെയ്യുന്നത്.