-->
തിരുവനന്തപുരം: മാറി മാറി വന്ന ന്യൂനമര്‍ദ്ദങ്ങളുടെയും ചുഴലിക്കാറ്റിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ന്ന ശക്തവും തീവ്രവുമായ മഴയ്ക്ക് നാളെ മുതല്‍ ശമനം. ഇനി ഒരാഴ്ച സംസ്ഥാനത്ത് ഒരു ജില്ലയിലും ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്‌ക്കോ ഇടിയോടുകൂടിയ മഴയ്‌ക്കോ മാത്രമാണ് സാധ്യതയുള്ളത്. അതിനാല്‍ നാളെ മുതല്‍ ഞായറാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പിന്റെ ഭാഗമായ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ല.
ഇന്ന് ന്യൂനമര്‍ദ്ദത്തിന്റെയും ചുഴലിക്കാറ്റിന്റെയും സ്വാധീനഫലമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
'മോന്‍താ' തീവ്ര ചുഴലിക്കാറ്റ് ഇന്നലെ രാത്രി 11.30 നും 12.30 നും ഇടയില്‍ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയില്‍ നര്‍സപൂരിനു സമീപം മണിക്കൂറില്‍ 90-100 കിലോമീറ്റര്‍ വേഗത്തിലാണ് കരയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് തീരദേശ ആന്ധ്രയ്ക്ക് മുകളില്‍ ചുഴലിക്കാറ്റായും നിലവില്‍ അതിതീവ്ര ന്യൂനമര്‍ദമായും ശക്തി കുറഞ്ഞു. വടക്ക് -വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി ആന്ധ്രപ്രദേശ്, അതിനോട് ചേര്‍ന്ന തെലങ്കാന, തെക്കന്‍ ഛത്തീസ്ഗഢ് വഴി നീങ്ങി അടുത്ത 6 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി വീണ്ടും ശക്തി കുറയാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളിലായി തീവ്രന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അടുത്ത 36 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ അറബിക്കടലിലൂടെ വടക്ക് - വടക്കു കിഴക്കന്‍ ദിശയില്‍ നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.