-->
തിരുവനന്തപുരം: മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള സിപിഐയുടെ പ്രതിഷേധം ഫലം കണ്ടു തുടങ്ങുന്നു. പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രത്തില്‍ ഇളവ് തേടി കേന്ദ്രത്തിന് സംസ്ഥാനസര്‍ക്കാര്‍ കത്തു നല്‍കിയേക്കും. സിപിഐഎം അവെയ്‌ലബിള്‍ സംസ്ഥാന സെക്രട്ടേറിയേറ്റും സിപിഐ സംസ്ഥാനകൗണ്‍സില്‍ യോഗവും തിരുവനന്തപുരത്ത് നടക്കുകയാണ്.
സിപിഐ സംസ്ഥാന നേതൃത്വം പരിശോധന നടത്തിയ ശേഷം കത്ത് കൈമാറും. കത്തിന്റെ കരട് സിപിഐഎം സിപിഐയ്ക്കും കൈമാറിയിട്ടുള്ളതായിട്ടാണ് വിവരം. കത്തിന്റെ കരട് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എംഎ ബേബി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് കൈമാറുകയും അത് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയുമാണ്. ഇതിന്റെ പകര്‍പ്പ് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്കും അയച്ചു.
ഇന്ന് രാവിലെ എകെജി സെന്ററില്‍ നടന്ന സിപിഎമ്മിന്റെ അവെയ്‌ലബിള്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഈ കരട് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്യുകയാണ്. ധാരണാപത്രം മരവിപ്പിക്കണമെന്നായിരുന്നു സിപിഐ നേരത്തേ മുന്നോട്ട് വച്ച പ്രധാന ഉപാധി. ഇന്ന് വൈകിട്ട് നടക്കുന്ന സംസ്ഥാന മന്ത്രിസഭായോഗത്തില്‍ സിപിഐ യുടെ നാലു മന്ത്രിമാരും പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെയാണ് സമവായനീക്കവുമായി സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലുണ്ടായത്.
കത്ത് നല്‍കിയാല്‍ മാത്രം പോരാ. കേന്ദ്രത്തിന് നല്‍കുന്ന കത്ത് സംസ്ഥാന സര്‍ക്കാര്‍ തന്നെ നല്‍കണം. അങ്ങനെ നല്‍കുന്ന കത്ത് പരസ്യപ്പെടുത്തണം. അതായത് കത്ത് നല്‍കിയ വിവരം മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ പരസ്യപ്പെടുത്തണമെന്നാണ് സിപിഐയുടെ നിലപാട്. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എംഎ ബേബി, മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി എം.വി.ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തുള്ള അവെയ്ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചേരുകയും ചെയ്തു.