-->
തിരുവനന്തപുരം: പി എം ശ്രീയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ നിലപാടിനിടയില്‍ ഇന്ന് വൈകുന്നേരം മന്ത്രിസഭായോഗം ചേരും. സിപിഐ മന്ത്രിമാരുടെ ബഹിഷ്‌കരണ ഭീഷണിക്കിടെയാണ് സംസ്ഥാന മന്ത്രിസഭായോഗം നടക്കാന്‍ പോകുന്നത്. പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഐ മന്ത്രിമാര്‍ നേരത്തേ തീരുമാനം എടുത്തിരുന്നു.
വൈകുന്നേരം 3. 30നാണ് മന്ത്രിസഭായോഗം ചേരുക. അതിന് മുമ്പായി സമവായം ഉണ്ടായില്ലെങ്കില്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌ക്കരിച്ചേക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരാനിരിക്കുന്നതിനാല്‍ മന്ത്രിസഭായോഗം സുപ്രധാന തീരുമാനം എടുക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും നാട്ടിലെത്തിയ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയും പൊളിഞ്ഞിരുന്നു.
ഇതോടെയാണ് സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനം എടുത്തത്. നിലപാടില്‍ വെള്ളം ചേര്‍ക്കാനാകില്ലെന്നും ആദര്‍ശം പണയം വെയ്ക്കാനാകില്ലെന്നുമുള്ള നിലപാട് തുടരുകയാണ് സിപിഐ. പി എം ശ്രീ ഹിന്ദുത്വ അജണ്ടകളുടെ സ്ഥാപനവത്കരണമാണ്. മതാത്മക ചിന്തകളെ പരിപോഷിപ്പിക്കുന്ന വിദ്യാലയ അന്തരീക്ഷം ഒരുക്കാനുള്ള ശ്രമമാണെന്ന് ഇന്ന് പുറത്തുവന്ന ജനയുഗത്തില്‍ സിപിഐ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ആദര്‍ശം പണയം വെയ്ക്കാനാകില്ലെന്നും ഇതില്‍ പറയുന്നു.
ഫണ്ട് നല്‍കില്ലെന്ന കേന്ദ്രനിലപാടിനോട് പോരടിക്കുകയാണ് വേണ്ടതെന്നിരിക്കെ കേന്ദ്ര ഫണ്ട് ലഭിക്കാന്‍ പദ്ധതി അനിവാര്യം എന്ന ചിന്താഗതി ഇടതുപക്ഷണങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ആദര്‍ശം പണയം വെയ്ക്കാനാകുമോയെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ എഴുതിയ ലേഖനത്തില്‍ ചോദിക്കുന്നു.
സാമ്പത്തിക-രാഷ്ട്രീയ ആവശ്യങ്ങള്‍ തിരിച്ചറിയാനുള്ള ശേഷി കമ്യൂണിസ്റ്റ് ഭരണകൂടത്തിന് ഉണ്ടാകണം. പുന്നപ്ര-വയലാര്‍ കാലത്തെ ടി വി തോമസ് സര്‍ സി പി ചര്‍ച്ചയും ഓര്‍മിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ജനയുഗത്തിലെ ലേഖനം.