-->
കരുത്തുറ്റ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് മീര ജാസ്മിന്‍. ജനപ്രിയ നായികമാരിൽ ഒരാളായിരുന്ന മീര മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് അതാത് സ്റ്റേറ്റ് അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടി ആ ഭാഷകളിലെ ഒന്നാം നിര നായികയായി തിളങ്ങിയ മലയാള താരം കൂടിയാണ് മീര. പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി ചവിട്ടിക്കയറിയ മീര ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളികളുടെ ഇഷ്ടതാരമായി.
തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറെന്ന് വിശേഷിക്കപ്പെടുന്ന ഉര്‍വ്വശിക്കൊപ്പം മീര ജാസ്മിന്‍ തിളങ്ങിയ സിനിമയാണ് സത്യന്‍ അന്തിക്കാടിന്റെ ‘അച്ചുവിന്റെ അമ്മ’. ഉര്‍വ്വശിയും മീരയും അമ്മയും മകളുമായി ശക്തമായ പ്രകടനം കാഴ്ചവച്ച ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയതാണ്. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്ത ഈ സിനിമയില്‍ ഈ സിനിമയില്‍ രണ്ടുപേരും തകര്‍ത്തഭിനയിച്ചിട്ടുണ്ട്. ഇരുപത് വർഷം പിന്നിട്ടിട്ടും ഇന്നും ആ ചിത്രത്തിന് ആരാധകർ ഏറെയാണ്.
അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് പ്രവേശിച്ച വ്യക്തിയായിരുന്നു എല്‍ദോ സെല്‍വരാജ്. പിന്നീട് നിരവധി സിനിമകളില്‍ പ്രൊഡക്ഷൻ കണ്‍ട്രോളർ ആയി പ്രവർത്തിച്ച വ്യക്തി കൂടിയായിരുന്നു എല്‍ദോ.
ഇപ്പോഴിതാ ആ സിനിമയിലെ തന്റെ അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് എല്‍ദോ. മീര ജാസ്മിനുമായി ഒരു സഹോദര ബന്ധമുണ്ടെന്നും ഇന്നുമത് അങ്ങനെ തന്നെ തുടരുന്നുവെന്നും പറയുകയാണ് എല്‍ദോ.
‘‘അച്ചുവിന്റെ അമ്മ എന്ന സിനിമ ഇത്രയധികം മെഗാഹിറ്റ് ആവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ ആദ്യമായി സിനിമയില്‍ വന്ന സമയമായിരുന്നു 2004. എന്റെ പുസ്‌തകത്തില്‍ എഴുതിയ ഒരു കാര്യമുണ്ട്. മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് രണ്ടോ മൂന്നോ രൂപയൊക്കെ കൊടുത്താല്‍ സ്‌കൂളില്‍ പ്രൊജക്റ്റർ വച്ച് സിനിമ കാണിക്കുന്ന ഒരു പരിപാടി ഉണ്ടായിരുന്നു. ഒരു ദിവസം എന്നോടും സ്‌കൂളില്‍ നിന്ന് മൂന്ന് രൂപ കൊണ്ട് വരാൻ പറഞ്ഞു. ഞാൻ വീട്ടില്‍ പോയി അഞ്ച് രൂപ ഏർപ്പെടുത്തി. അങ്ങനെ സിനിമ കണ്ടു. അന്ന് മുതല്‍ സിനിമയോട് ഒരു ആവേശമാണ്. അങ്ങനെ കുറെ കാലത്തിന് ശേഷം അച്ചുവിന്റെ അമ്മ ലൊക്കേഷനില്‍ എത്തിയപ്പോള്‍ എന്തെന്നില്ലാത്ത ഒരു ആകാംഷയും സന്തോഷവും ഒക്കെയായിരുന്നു. ആരൊക്കെയോ എഴുതി വച്ചത് പോലെ. അതിലെ പാട്ടുകള്‍ ഒക്കെ എടുക്കുമ്പോള്‍ ഞങ്ങള്‍ റിപ്പീറ്റ് ചെയ്‌ത് പാടുമായിരുന്നു. അതിലെ സീനുകള്‍ ഒക്കെ ഷൂട്ട് ചെയ്യുമ്പോള്‍ എനിക്ക് തോന്നിയിരുന്നു, ഇതൊക്കെ പ്രേക്ഷകർ സ്വീകരിക്കുമെന്ന്. പിന്നെ സത്യൻ അന്തിക്കാട് പ്രേക്ഷകരുടെ സ്വന്തം സംവിധായകന്‍ കൂടിയാണല്ലോ. അദ്ദേഹം ചെയ്യുന്ന സിനിമ ഒരിക്കലും മോശമെന്ന് ആരും പറയില്ല. ഫീമെയില്‍ ഓറിയന്റഡ് ആയത് കൊണ്ട് വിജയിക്കില്ലെന്ന തോന്നലുമുണ്ടായിരുന്നില്ല. കാരണം ഉർവശിയിലും മീര ജാസ്‍മിനിലും നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. രണ്ട് പേരും ഒപ്പത്തിനൊപ്പം പെർഫോം ചെയ്‌ത സിനിമയായിരുന്നു അത്.
അന്ന് കൊച്ചുകുട്ടിയെ പോലെ സിനിമയും ഷൂട്ടിംഗും നോക്കുകയായിരുന്നു. മോണിറ്റർ ഒന്നും ഉണ്ടായിരുന്നില്ല അന്ന്. ഫിലിം ആയിരുന്നതിനാല്‍ ഒന്നും കാണാൻ പറ്റില്ല. എല്ലാം ഒരു അതിശയമായിരുന്നു. അന്നമിന്നും സിനിമയുടെ സുവർണകാലം ചെന്നൈയാണ്. ഞാൻ ആ സിനിമയിലൂടെ ആണ് ചെന്നൈയില്‍ എത്തിയത്. ഉർവശി ചേച്ചിയുടെ ടെറാക്കണ്‍ എന്ന വണ്ടി ഞാനാണ് ഓടിച്ചത്. അതന്ന് ചെന്നൈയിലേക്ക് കൊണ്ടു പോരാന്‍ ആരുമില്ല. അങ്ങനെ ആ വണ്ടിയിലാണ് ഞാന്‍ ചെന്നൈയിലേക്ക് എത്തിയത്. മറക്കാനാവാത്ത ഒരുപാട് നല്ല അനുഭവങ്ങള്‍ തന്ന സിനിമയാണ് അച്ചുവിന്റെ അമ്മ...
പാട്ടിന്റെ പാലാഴി എന്ന സിനിമയിലൂടെയാണ് ഞാൻ പ്രൊഡക്ഷൻ കണ്‍ട്രോളർ ആയിരുന്നത്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ടൂര്‍ പോകാന്‍ ആഗ്രഹിച്ച സ്ഥലമാണ് മൈസൂര്‍. അതേ മൈസൂരില്‍ വച്ചായിരുന്നു ഈ സിനിമയുടെ ഷൂട്ട്. അതില്‍ എനിക്ക് ഏറ്റവും സന്തോഷം തോന്നിയ കാര്യം എന്താണെന്ന് വച്ചാല്‍ ഞാൻ ആദ്യമായി ചെയ്‌ത സിനിമയിലെ നായികയായ മീര ജാസ്‌മിൻ തന്നെയായിരുന്നു ഈ സിനിമയിലെയും നായിക. മീര ജാസ്‌മിന് ഒപ്പം ഒരുപാട് സിനിമകളില്‍ ഞാൻ വർക്ക് ചെയ്‌തിട്ടുണ്ട്.
അതെനിക്ക് ഒരുപാട് സന്തോഷം നല്‍കിയിരുന്നു. കാരണം മീര ജാസ്‌മിൻ ഒരുപാട് സപ്പോർട്ട് ചെയ്‌ത വ്യക്തിയായിരുന്നു. അവരുമായി ഉള്ള സൗഹൃദം വളരെ വലുതായിരുന്നു. ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി ചെയ്ത പടത്തിന്റെ ലാസ്റ്റ് ദിവസം വാങ്ങിത്തന്ന ഒരു നവരത്നമോതിരം എനിക്ക് വാങ്ങിത്തന്നു. നമ്മള്‍ ഇടാൻ കൊതിച്ച മോതിരം കിട്ടുമെന്ന് പറയാറില്ലേ, അതാണ് മീര വാങ്ങിത്തന്നത്. ആറേഴ് പടത്തിന് മുകളില്‍ ഞാൻ അവരുമായി ചെയ്‌തിട്ടുണ്ട്. ആങ്ങള-പെങ്ങള്‍ ബന്ധമായിരുന്നു. എപ്പോള്‍ കണ്ടാലും ഓടിവന്ന് വര്‍ത്തമാനം പറയും. ഇപ്പോഴും ആ ബന്ധം അതുപോലെ തന്നെ തുടരുന്നുണ്ട്...മലയാള സിനിമയില്‍ ആദ്യമായി ഒരു സിനിമാതാരം തരുന്ന ഗിഫ്റ്റാണിത്...’’ എല്‍ദോ പറയുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എല്‍ദോ ഇത് പറഞ്ഞത്.