-->
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ വിവാദം പുകയുന്നതിനിടെ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞുവച്ചുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കുവാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ തീരുമാനമാണ് പിഎം ശ്രീയിൽ ഒപ്പിട്ട നടപടിയെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ഒരു നീക്കവും സർക്കാർ അനുവദിക്കില്ല. അതുപോലെ, കുട്ടികൾക്ക് അർഹമായ ഒരു രൂപ പോലും നഷ്ടപ്പെടുത്താൻ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീയിൽ ഒപ്പിടാത്തതിന്‍റെ പേരിൽ സര്‍വ ശിക്ഷ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചു. ഇതിലൂടെ 1158.13 കോടി കേരളത്തിന് നഷ്ടമായി. ഒപ്പിട്ടതിനാൽ 1476 കോടി ഇനി കേരളത്തിന് ലഭിക്കുമെന്നും 971 കോടി സര്‍വ ശിക്ഷ പദ്ധതി പ്രകാരം കിട്ടുമെന്നും മന്ത്രി പറഞ്ഞു.ഫണ്ട് തടഞ്ഞുവെച്ചത് സൗജന്യ യൂണിഫോം, അലവൻസുകള്‍ എന്നിവയെ ബാധിച്ചു. കുട്ടികളുടെ ഭാവി പന്താടി ഒരു സമ്മര്‍ദത്തിന് വഴങ്ങാൻ സര്‍ക്കാര്‍ തയ്യാറാല്ല. ഇത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഫണ്ട് അല്ലെന്നും നമുക്ക് അവകാശപ്പെട്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിൽ നടപ്പാക്കാൻ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ നടപ്പാക്കുകയുള്ളു. കേന്ദ്രം സമഗ്രശിക്ഷ പദ്ധതിക്കു നൽകാമെന്ന് ഇന്നലെ ധാരണയായത് 971 കോടി രൂപയാണെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
പിഎം ശ്രീയിൽ ഒപ്പിട്ടതോടെ കേരളം ദേശീയ വിദ്യാഭ്യാസ നയത്തെ പൂർണമായും അംഗീകരിക്കുകയാണെന്ന ചില വാദഗതികൾ സാങ്കേതികം മാത്രമാണ്. 2023 വരെ സമഗ്ര ശിക്ഷ പദ്ധതിയുടെ ഫണ്ട് വാങ്ങുമ്പോഴും സംസ്ഥാന താൽപര്യങ്ങൾക്കും വിദ്യാഭ്യാസ മൂല്യങ്ങൾക്കും അനുസരിച്ചാണ് പദ്ധതികൾ തയാറാക്കിയത്. അതേ നയം മാത്രമേ തുടരൂ. ഉന്നത വിദ്യാഭ്യാസ വകുപ്പ് പിഎം ഉഷ പദ്ധതി നടപ്പാക്കിയും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാമെന്ന വ്യവസ്ഥയോടെയാണ്. എന്നിട്ടും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നയം മാത്രമാണ് ഇവിടെ നടപ്പാക്കുന്നത്. പല കാര്യങ്ങളിലും നാം ദേശീയ വിദ്യാഭ്യാസ നയത്തെക്കാൾ ബഹുദൂരം മുന്നിലാണ്. പാഠ്യപദ്ധതിയുടെ വർഗീയവത്കരണത്തിന് കേരളം നിന്നുകൊടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.