-->
കേന്ദ്രസർക്കാർ പി എം ശ്രീയിലൂടെ ഒളിച്ചു കടത്താൻ ശ്രമിക്കുന്ന വിദ്യാഭ്യാസ നയത്തെ കേരളത്തിൽ പ്രതിരോധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് . രാജ്യത്തെ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി തയ്യാറാക്കിയ പദ്ധതിയെന്നാണ് പി എം ശ്രീയെ കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത് .
രാജ്യത്തെ പല സംസ്ഥാനങ്ങളിലും സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന ഗവൺമെൻറ് സ്കൂളുകളുടെ അവസ്ഥയെ എസ് എഫ് ഐ എടുത്തു കാണിച്ചു . ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഇപ്പോഴും ഔപചാരിക വിദ്യാഭ്യാസത്തിനു പുറത്ത് നിൽക്കുന്ന ഗതികേട് നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നുണ്ട് . ഭരണഘടനയിൽ തന്നെ ഒരു കുട്ടിയുടെ വിദ്യാഭ്യാസം അവന്റെ അവകാശമാണെന്ന് ലിഖിതമായ നാട്ടിലാണ് ഇത്തരമൊരു സ്ഥിതി സംജാതമായിരിക്കുന്നത് . സ്വാതന്ത്രാനന്തര ഇന്ത്യയിൽ ഇപ്പോഴും സ്കൂളിന്റെ പടി കടക്കാൻ കഴിയാത്തവരുണ്ട് എന്നത് നാം ഗൗരവത്തോടെ കാണണം .
ബി ജെ പി ഭരിച്ച 11 വർഷത്തെ ഭരണത്തിലും ഇത്തരമൊരു മാറ്റം കാണാൻ സാധിച്ചിട്ടില്ലെന്നും ഇതാണ് സ്ഥിതി എന്നിരിക്കെ 2019 ൽ പുതിയ വിദ്യാഭ്യാസ നയം കേന്ദ്രം ആവിഷ്ക്കരിക്കുന്നതെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കുന്നു . വിദ്യാഭ്യാസ രംഗത്തെ പരിമിതികളെ മറികടക്കുന്നതിനുള്ള ക്രിയാത്‌മക നിർദ്ദേശങ്ങൾ ഉണ്ടായിരുന്നില്ല എന്നത് മാത്രമല്ല . വിദ്യാഭ്യാസ മേഖലയെ പൂർണ്ണമായി സംഘ പരിവാർ ആശയങ്ങൾ ചേർത്ത് കാവി വൽക്കരിക്കുന്നതിനുള്ള ലക്ഷ്യമാണ് ഈ നയത്തിന് പിന്നിലെന്നും എസ് എഫ് ഐ ആരോപിക്കുന്നു . ഇന്ത്യയിൽ വിദ്യാഭ്യാസം പുരോഗമനപരവും , ജനാധിപത്യ മൂല്യങ്ങൾ ഉൾക്കൊള്ളുന്നതും , മതനിരപേക്ഷവും ആയിരിക്കണം . ഇതിനായി ഇന്ത്യയിൽ ഇന്ന് പോരാട്ടം നയിക്കുന്നവരാണ് എസ് എഫ് ഐ ക്കാർ . അതിനു ലോകത്തിനു മാതൃകയാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളമെന്നും അദ്ദേഹം വ്യക്തമാക്കി . പി എം ശ്രീയിലൂടെ കേന്ദ്രം ഒളിച്ചു കടത്താൻ ശ്രമിക്കുന്ന വർഗീയ വിദ്യാഭ്യസത്തിനെതിരെ പ്രതിഷേധവും പ്രതിരോധവും തുടരുമെന്ന തീരുമാനത്തിൽ തന്നെയാണ് എസ് എഫ് ഐ പ്രവർത്തകർ .