-->
തിരുവനന്തപുരം: ക്രൂരമായ അപവാദ പ്രചാരണത്തിന് ഇരയായ യുവതിയ്ക്ക് നീതിയുറപ്പാക്കാനുള്ള പോരാട്ടത്തില്‍ കൂടെ നിന്ന മാധ്യമ പ്രവര്‍ത്തകന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അവരുടെ ജീവിത സഖാവാകുന്നു. സ്വന്തം നഗ്‌നദൃശ്യം താന്‍ തന്നെ പ്രചരിപ്പിച്ചുവെന്ന വ്യാജ പ്രചാരണത്തിന്റെ പേരില്‍ 2016ല്‍ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ തൊടുപുഴയിലെ ശോഭാ ജോസഫ് ആണ് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ചത്. ഈ കേസിലുടനീളം വാര്‍ത്തയിലൂടെ ശോഭക്ക് പിന്തുണ നല്‍കിയ ജേണലിസ്റ്റാണ് അനില്‍ ഇമ്മാനുവല്‍. അനിലും ശോഭയും വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ്.
മൂന്നരവര്‍ഷത്തിനിടെ മൂന്ന് ഫോറന്‍സിക് പരിശോധനകള്‍ നടത്തിയാണ് ശോഭ തന്റെ ഒറ്റയാള്‍ നിയമപോരാട്ടം വിജയത്തില്‍ എത്തിച്ചത്. വ്യാജ പ്രചാരണത്തിന്റെ പേരില്‍ 2016ല്‍ ശോഭ വീട്ടില്‍ നിന്ന് പുറത്തായപ്പോഴാണ് ചില അടുപ്പക്കാര്‍ വഴി വാര്‍ത്താ സഹായം തേടി അനില്‍ ഇമ്മാനുവലിനെ ബന്ധപ്പെട്ടത്. പിന്നീട് വാര്‍ത്തകളിലൂടെയും മറ്റും വിവരം ശ്രദ്ധയില്‍പെട്ട ഡിജിപി ലോക്നാഥ് ബെഹ്‌റ ഇടപെട്ട് സിഡാക്ക് ലാബിനെ കൊണ്ട് പരിശോധിപ്പിച്ചാണ് ശോഭയുടേതെന്ന് ആരോപിക്കപ്പെട്ട വീഡിയോ വ്യാജമെന്ന് സ്ഥിരീകരിച്ചത്.
അന്ന് മനോരമ ചാനലില്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആയിരുന്ന അനില്‍ ഇമ്മാനുവല്‍ 2018 നവംബറില്‍ ഈ വാര്‍ത്ത പുറത്തുവിട്ടതോടെയാണ് ശോഭയുടെ വിജയവാര്‍ത്ത ലോകമറിഞ്ഞത്. പിന്നീട് മുഖ്യധാരാ പത്രങ്ങളും ദേശീയ മാധ്യമങ്ങളും അടക്കം ഈ വിഷയം വലിയ വാര്‍ത്താ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാന വനിതാ കമ്മീഷന്‍ അടക്കം ശോഭക്ക് ആദരവുമായി രംഗത്ത് എത്തിയിരുന്നു. ശോഭയുടെ നിയമപോരാട്ടം സിനിമയാക്കാനും വിവിധ ഭാഷകളില്‍ നിന്ന് പലരും മുന്നോട്ട് വന്നിരുന്നു.
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ജേണലിസ്റ്റും ആ വാര്‍ത്തകളില്‍ കേന്ദ്ര കഥാപാത്രമായി വന്ന യുവതിയും തമ്മില്‍ ഒന്നിച്ചൊരു ജീവിതത്തിലേക്ക് കടക്കുന്നു എന്ന അപൂര്‍വതയാണ് ഈ വിവാഹത്തെ ശ്രദ്ധേയമാക്കുന്നത്. തനിക്കെതിരെ ഉയര്‍ത്തിയ ആരോപണം വ്യജമായിരുന്നു എന്ന് 2022ല്‍ ഭര്‍ത്താവ് കോടതിയില്‍ ഏറ്റുപറഞ്ഞതോടെ കേസ് പിന്‍വലിച്ച് ഒത്തുതീര്‍പ്പിന് തയ്യാറായ ശോഭ, തൊട്ടുപിന്നാലെ 2022ല്‍ വിവാഹമോചനം നേടി. 2021ല്‍ വിവാഹമോചനം നേടിയ അനില്‍ ഇമ്മാനുവല്‍ 2022ല്‍ മനോരമ ചാനലില്‍ നിന്ന് രാജിവച്ച് സ്വതന്ത്ര മാധ്യമ സ്ഥാപനം തുടങ്ങി. ഇതിന് ശേഷമാണ് ശോഭയുമായുള്ള സൗഹൃദം ദാമ്പത്യത്തിലേക്ക് കടക്കുന്നത്.