-->
സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് നന്ദി പറഞ്ഞ് സനല്‍കുമാര്‍ ശശിധരന്‍. ഇഷ്ടസംവിധായകരുടെ പേരുള്‍ പരാമര്‍ശിച്ച കൂട്ടത്തില്‍ തന്റെ പേരും എടുത്തു പറഞ്ഞതിലുളള സന്തോഷം പങ്കുവെച്ചായിരുന്നു സനല്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. കൈ പിടിച്ചു നടത്തിയവരും തന്നെ അറിയില്ലെന്ന മട്ടില്‍ മൗനം പാലിക്കുമ്പോഴാണ് അടുരിന്റെ ഈ വാക്കുകള്‍ എന്ന് സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു.
സനല്‍കുമാര്‍ ശശിധരന്റെ കുറിപ്പ്
ഫെയ്സ്ബുക്കിലെ ഒരു സുഹൃത്ത് അയച്ചുതന്ന പത്രകട്ടിംഗാണിത്. വിരലിലെണ്ണിപ്പറയുന്ന ഇഷ്ടസംവിധായകരുടെ കൂട്ടത്തിൽ അടൂർ എന്റെയും പേരു പറഞ്ഞിരിക്കുന്നു. സമൂഹത്തിന്റെ ചലനങ്ങളെല്ലാം അറിയുന്ന മനുഷ്യൻ എന്ന നിലയിൽ എന്റെ മേലുള്ള ദുരാരോപണങ്ങളും അറസ്റ്റുനാടകങ്ങളും എല്ലാം അദ്ദേഹം അറിഞ്ഞിട്ടുണ്ടാവാതിരിക്കാൻ ഒരുവഴിയുമില്ല. എല്ലാം ഏകപക്ഷീയമായ പ്രചരണങ്ങളും എന്നെ കുറ്റവിചാരണചെയ്യാതെയുള്ള വിധികളുമായിരുന്നു. പക്ഷേ അടൂർ ഗോപാലകൃഷ്ണൻ എന്ന മനുഷ്യൻ, ചലച്ചിത്രകാരൻ എന്നെ വിധിച്ചില്ല.
എലിപ്പത്തായവും മുഖാമുഖവും അനന്തരവും കൊടിയേറ്റവും മതിലുകളും വിധേയനും കഥാപുരുഷനും തുടങ്ങിയ എണ്ണം പറഞ്ഞ സിനിമകൾ ചെയ്ത വലിയ കലാകാരനാണ്. ഇഷ്ടസംവിധായകരുടെ പേരുകൾ ചോദിക്കുമ്പോൾ അദ്ദേഹത്തിന് സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന എന്നെ മനപൂർവം ഒഴിവാക്കാവുന്നതേയുള്ളു. അടൂർ സാറിനെ ഞാൻ കണ്ടിട്ടോ സംസാരിച്ചിട്ടോ വർഷങ്ങളായി. മറന്നുപോകാം, പറയാതിരിക്കാം, പറഞ്ഞിട്ട് എന്റെ മേൽ കുതിരകയറുന്നവരുടെ കുതിരകയറ്റം എന്തിന് തന്റെമേൽ ഏറ്റുവാങ്ങണം എന്ന് ചിന്തിക്കാം. പക്ഷേ അദ്ദേഹം അത് പറഞ്ഞു. എനിക്കൊപ്പം നടന്നവർ, ഞാൻ കൈപിടിച്ചു സിനിമയിലേക്ക് നടത്തിയവർ, ഞാനുയർത്തിയ ചെറുതണലുകളിൽ അൽപമെങ്കിലും ഇരുന്നവർ എല്ലാം അപൂർവം ചിലരൊഴികെ എന്നെ അറിയില്ല എന്നപോലെ മൗനം പാലിക്കുമ്പോഴാണ് ഇതെന്നോർക്കണം. അതാണ് ഒരു മനുഷ്യൻ എന്ന നിലയിലും കലാകാരൻ എന്ന നിലയിലും അടൂരിന്റെ മഹത്വം.
വർഷങ്ങൾക്കു മുൻപ് കയറ്റം എന്ന സിനിമയുടെ ലിങ്ക് ഞാൻ അദ്ദേഹത്തിന് അയച്ചുകൊടുത്തിരുന്നു. വിമിയോ ലിങ്ക് പകുതികഴിയുമ്പോൾ എന്തുകൊണ്ടോ നിലച്ചുപോകുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഞാനദ്ദേഹത്തിന് ഒരു പെൻഡ്രൈവോ സിഡിയോ കൊടുക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് തുടരെയുണ്ടായ പ്രശ്നങ്ങൾക്കിടെ അത് കഴിഞ്ഞില്ല. മുഴുവൻ കാണാത്ത സിനിമയെക്കുറിച്ച് അദ്ദേഹം അഭിപ്രായം പറഞ്ഞില്ല. കാണണമെന്നുള്ള ആഗ്രഹത്തിൽ പക്ഷേ പിന്നീടൊരിക്കൽ വിളിച്ചപ്പോഴും സിനിമ കിട്ടിയില്ല എന്നോർമിപ്പിച്ചു. എങ്കിലും ഇത്രയും പറഞ്ഞു "ഇത്രയും കഷ്ടപ്പെട്ട് ഹിമാലയത്തിലൊന്നും ഒരു മലയാളിയും സിനിമ ചെയ്തിട്ടില്ല. എങ്ങനെ നിങ്ങളിത് ചെയ്തു?" അതു തന്നെ എനിക്ക് വലിയ ബഹുമതിയായിരുന്നു.
നന്ദി പറഞ്ഞ് അങ്ങയുടെ മഹത്വത്തെ കുറയ്ക്കുന്നില്ല സർ. ആഴം കുറഞ്ഞ കുളത്തിലെ മാനത്തുകണ്ണികളെപ്പോലുള്ള മലയാളികളോട് ക്ഷമിക്കുക എന്ന് മാത്രമേ പറയാനുള്ളു.