-->
ലോകത്തിന്റെ പല ഭാഗത്തും നിന്നുള്ള ഓരോ കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂഡെ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ ചൈനയിലെ ഒരു ട്രേഡിംഗ് പ്ലാറ്റ്‌ഫോം റീഫണ്ടിനായി ചെയ്യാന്‍ ആവശ്യപ്പെട്ട ഒരു കാര്യത്തെ ചൊല്ലി വലിയ പ്രതിഷേധമാണ് ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. റീഫണ്ട് ലഭിക്കുന്നതിനായി, അമ്മ സ്വന്തം കുട്ടിയെ അടിക്കുന്ന ദൃശ്യം റെക്കോര്‍ഡ് ചെയ്യണം എന്നതായിരുന്നു ഈ നിബന്ധന. ചിയാന്‍ഡാവോ എന്ന ട്രേഡിംഗ് പ്ലാറ്റ്‌ഫോമിലാണ് ഈ സംഭവം നടന്നത്.
ലി യുന്‍ എന്ന സ്ത്രീയോടാണ് പണം തിരികെ നല്‍കാന്‍ അവരുടെ 11 വയസ്സുള്ള മകളെ തല്ലാന്‍ ട്രേഡിങ് ആപ്പ് ആവശ്യപ്പെട്ടത്. 500 യുവാന് (ഏകദേശം 6,152 രൂപ) മുകളില്‍ വിലയുള്ള ട്രേഡിംഗ് കാര്‍ഡുകള്‍ രഹസ്യമായി ലി യുന്റെ മകള്‍ ചിയാന്‍ഡാവോ ആപ്പ് വഴി വാങ്ങിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. സാധനം വാങ്ങി രണ്ട് മണിക്കൂറിനുള്ളില്‍ത്തന്നെ ലി വില്‍പ്പനക്കാരനെ സമീപിച്ച് റീഫണ്ട് ആവശ്യപ്പെട്ടു. എന്നാല്‍ സാധാരണ റീഫണ്ട് നടപടിക്രമത്തിന് പകരം, വില്‍പ്പനക്കാരന്‍ അവര്‍ക്ക് ഒരു റീഫണ്ട്‌നോട്ടീസ് നല്‍കി.
നോട്ടീസിലെ വ്യവസ്ഥകള്‍ അമ്പരപ്പിക്കുന്നതായിരുന്നു. റീഫണ്ട് അംഗീകരിക്കണമെങ്കില്‍, അമ്മ കുട്ടിയെ തുടര്‍ച്ചയായി അഞ്ച് മിനിറ്റ് അടിക്കുന്ന വീഡിയോ സമര്‍പ്പിക്കണം. അടിക്കുന്ന ശബ്ദം വ്യക്തമായി കേള്‍ക്കണം. ഇതിനുപുറമെ, കുട്ടിയെ മൂന്ന് മിനിറ്റ് ശകാരിക്കുന്ന ഒരു ക്ലിപ്പും നല്‍കണം. കുട്ടി കൈകൊണ്ട് എഴുതിയതും ഒപ്പിട്ട് വിരലടയാളം പതിപ്പിച്ചതുമായ, കുറഞ്ഞത് 1,000 ചൈനീസ് അക്ഷരങ്ങളുള്ള ഒരു ക്ഷമാപണ കത്ത് അമ്മയുടെ അരികില്‍ വെച്ച് വായിക്കുന്ന ദൃശ്യവും ആവശ്യപ്പെട്ടു.
ചിയാന്‍ഡാവോയുടെ കസ്റ്റമര്‍ കെയര്‍ ടീമിനെ ലി, സമീപിച്ചപ്പോള്‍, പ്ലാറ്റ്‌ഫോമിന് നടപടിയെടുക്കാന്‍ കഴിയില്ലെന്നും വില്‍പ്പനക്കാരനുമായി നേരിട്ട് ചര്‍ച്ച ചെയ്യണമെന്നും മറുപടി ലഭിച്ചു. ഒക്ടോബര്‍ 20 ന് കമ്പനി ഒരു പ്രസ്താവന പുറത്തിറക്കി. ഈ റീഫണ്ട് നോട്ടീസ് വില്‍പ്പനക്കാരന്‍ വ്യക്തിപരമായി നല്‍കിയതാണെന്നും ഇത് പ്ലാറ്റ്‌ഫോം അംഗീകരിച്ച ഔദ്യോഗിക നയമല്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍, ഇതിനെതിരെ ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ ട്രേഡിങ് കമ്പനിക്കെതിരെ വലിയ വിമര്‍ശനവും പ്രതിഷേധവുമാണ് ഉയരുന്നത്.