-->
ആഫ്രിക്കന്‍ നാടോടിക്കഥകളുടെ വായനക്കാര്‍ക്ക് സുപരിചിതമായ മരമാണ് ബോബാബ്. ഈ മരവുമായി ബന്ധപ്പെട്ട ഒരു ചരിത്ര കഥയാണ് ഏറെ ശ്രദ്ധ നേടുന്നത്. ജോര്‍ജിയ എന്ന രാജ്യത്തെ അതികായനാണ് ബിഡ്‌സിന ഇവാനിഷ്‌വിലി. രാജ്യത്തെ ഏറ്റവും വലിയ പണക്കാരനായ ഇദ്ദേഹം മുന്‍ പ്രധാനമന്ത്രിയുമായിരുന്നു. ജോര്‍ജിയന്‍ രാഷ്ട്രീയത്തിലും സമൂഹത്തിലുമൊക്കെ ശക്തമായ സ്ഥാനമുള്ള ബിഡ്‌സിനയ്ക്ക് സസ്യങ്ങളോട് വളരെ സ്‌നേഹമാണ്. കരിങ്കടല്‍ തീരത്ത് അദ്ദേഹമൊരുക്കിയ പാര്‍ക്കില്‍ അനേകം സസ്യങ്ങളും മരങ്ങളും സ്ഥിതി ചെയ്യുന്നു. ഈ പാര്‍ക്കിലേക്ക് അദ്ദേഹം കൊണ്ടുവന്ന 8 ബോബാബ് മരങ്ങള്‍ രണ്ടു ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയത്തെ വരെ ഉലച്ചു.
ആഫ്രിക്കന്‍ രാഷ്ട്രമായ കെനിയയില്‍ നിന്നാണ് ഇദ്ദേഹം 8 അത്യപൂര്‍വ ബോബാബ് മരങ്ങള്‍ ബിഡ്‌സിന ജോര്‍ജിയയിലേക്കു കൊണ്ടുപോയത്. കെനിയന്‍ ഗ്രാമങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തി മരങ്ങള്‍ കണ്ടെത്തി പിഴുതെടുത്താണ് കൊണ്ടുപോയത്. വമ്പന്‍ മരങ്ങളാണ് ഇവ. ഈ പറിച്ചെടുക്കല്‍ ആഫ്രിക്കയിലെ പ്രകൃതിസ്‌നേഹികളുടെ വന്‍ വിമര്‍ശനത്തിനിടയാക്കി. ബയോ പൈറസി എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിച്ചത്. ജീവന്റെ മരമെന്നും തലകുത്തിനില്‍ക്കുന്ന മരങ്ങളെന്നുമൊക്കെ അറിയപ്പെടുന്ന ബോബാബ് ആഫ്രിക്കന്‍ ദ്വീപായ മഡഗാസ്‌കറിലും ആഫ്രിക്കന്‍ വന്‍കരയിലും ഓസ്‌ട്രേലിയയിലുമൊക്കെയാണ് ഈ മരങ്ങള്‍ കാണപ്പെടുന്നത്. മഡഗാസ്‌കറിലേതാണ് ഏറ്റവും പ്രശസ്തം. മഡഗാസ്‌കറില്‍ 2.1 കോടി വര്‍ഷം മുന്‍പാണ് ഇവ ഉദ്ഭവിച്ചത്. ഇവയുടെ വിത്തുകള്‍ പിന്നീട് ഓസ്‌ട്രേലിയയിലേക്കും ആഫ്രിക്കന്‍ വന്‍കരയിലേക്കും സമുദ്ര കറന്റുകളിലൂടെ കൊണ്ടുപോകുകയായിരുന്നു.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ജീവിക്കുന്ന മരമാണ് ബോബാബ്. വരണ്ടനാളുകള്‍ക്കായി ധാരാളം വെള്ളം തടിക്കുള്ളില്‍ ശേഖരിക്കുന്നത് ഈ മരത്തിന്റെ പ്രത്യേകതയാണ്. ഈ മരങ്ങളില്‍ നിന്നുള്ള ഇലകളും പഴങ്ങളും ആഹാരമാക്കാറുണ്ട്. പഴങ്ങളിലെ കുരുക്കള്‍ എണ്ണയുല്‍പാദനത്തിനും ഉപയോഗിക്കും. 20 മുതല്‍ 100 അടി വരെ ഉയരം വയ്ക്കുന്ന മരങ്ങളാണ് ഇവ. സിംബാബ്വെയിലുള്ള ഉള്ളു പൊള്ളയായ ഒരു ബോബാബ് മരത്തില്‍ 40 പേര്‍ക്ക് താമസിക്കാമത്രേ. ആഫ്രിക്കയില്‍ വീടായും താമസകേന്ദ്രമായും മറ്റുമൊക്കെ ബോബാബ് റോളുകള്‍ വഹിച്ചിട്ടുണ്ട്.ബോബാബ് മരങ്ങളില്‍ 8 സ്പീഷീസുകളുണ്ട്. ഇതില്‍ ആറെണ്ണം മഡഗാസ്‌കറിലാണു കാണപ്പെടുന്നത്. ഒരെണ്ണം ഓസ്‌ട്രേലിയയിലും ഒരെണ്ണം ആഫ്രിക്കയിലും.
ഏതായാലും 7000 കിലോമീറ്റര്‍ ദൂരം താണ്ടിയുള്ള ഈ മരയാത്ര ഫലവത്തായില്ല. ജോര്‍ജിയയിലെ പാര്‍ക്കിലെത്തിച്ച ബോബാബ് മരങ്ങള്‍ക്കു വിഐപി പരിഗണന കിട്ടിയെങ്കിലും ഇവ കരിഞ്ഞുപോയി. ഇതോടെ കെനിയയിലും ജോര്‍ജിയയിലും പ്രതിഷേധം ഉടലെടുത്തു. ബോബാബ് മരങ്ങള്‍ ഇങ്ങനെ കൊണ്ടുപോകുന്നതിനെതിരെ കെനിയ നിയമനിര്‍മാണവും നടത്തി.