-->
കോഴിക്കോട്: നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെ കാണാനില്ലെന്ന് പരാതിയുമായി യുഡിഎഫ്. വോട്ടര്‍പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് നാദാപുരം പഞ്ചായത്തില്‍ യുഡിഎഫ് ഉയര്‍ത്തിയ പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറിയെ സിപിഐഎം ഭീഷണിപ്പെടുത്തി വെച്ചേക്കുകയാണെന്നാണ് ആക്ഷേപം. പഞ്ചായത്ത് സെക്രട്ടറി റിജുലാലിനെ ഒരാഴ്ചയായി പഞ്ചായത്ത് ഓഫീസില്‍ കാണുന്നില്ലെന്നാണ് പരാതി.
പഞ്ചായത്ത് ഓഫീസില്‍ എത്തുന്നില്ലെന്നും ഓഫീസ് ഫോണും പേഴ്സണല്‍ നമ്പറും സ്വിച്ച് ഓഫ് ആണെന്നും പരാതിയില്‍ പറയുന്നു. പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പോലും സെക്രട്ടറിയുമായി ബന്ധപ്പെടാനാകുന്നില്ല. ഓഫീസ് കാര്യങ്ങളില്‍ അദ്ദേഹം പല നമ്പറുകളില്‍ നിന്നും വിളിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയാണെന്നും ഇത് ആരുടെയൊക്കെ നമ്പറാണെന്ന് പരിശോധിക്കപ്പെടണമെന്നും പറയുന്നു.
ഇതിന് കാരണം സെക്രട്ടറിയെ സിപിഐഎം ഭീഷണിപ്പെടുത്തിയത് ആണെന്നായിരുന്നു യുഡിഎഫ് ആരോപണം. രേഖകള്‍ സഹിതം ഹിയറിങ്ങിന് ഹാജരായിട്ടുപോലും വോട്ടര്‍മാരെ ചേര്‍ക്കുന്നില്ലെന്നായിരുന്നു യുഡിഎഫ് നേരത്തേ ഉന്നയിച്ച പരാതി. പഞ്ചായത്ത് സെക്രട്ടറിയെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി അന്വേഷിച്ചിട്ടുപോലും അദ്ദേഹത്തെകുറിച്ച് വ്യക്തമായ വിവരം ലഭിച്ചില്ലെന്നും യുഡിഎഫ് ആരോപിച്ചു.