-->
നിരവധി അത്ഭുത കാഴ്ചകള്‍ സമ്മാനിക്കുന്ന രാജ്യമാണ് മൊറോക്കോ. പിരമിഡുകളും നിറം വാരിപ്പൂശിയ കെട്ടിടങ്ങളുമൊക്കെയുള്ള ഈ രാജ്യത്തിലെ അദ്ഭുതങ്ങളിലൊന്ന് ഒരു മരമാണ്. ആര്‍ഗന്‍ മരം. ഒരുകാലത്ത് ഉത്തര ആഫ്രിക്കയില്‍ ധാരാളമുണ്ടായിരുന്ന മരങ്ങളാണ് ആര്‍ഗന്‍. എന്നാല്‍ ഇന്ന് ഇവയുടെ എണ്ണം വളരെ കുറയാനിടയായി. മൊറോക്കോയാണ് ഈ മരങ്ങള്‍ ഏറ്റവും കൂടുതലുള്ള രാജ്യം.
വിറക്, ഭക്ഷണം, ഔഷധം, സൗന്ദര്യവര്‍ധകങ്ങള്‍ തുടങ്ങി അനേകം ഉത്പന്നങ്ങള്‍ ആര്‍ഗന്‍ മരത്തില്‍ നിന്നുണ്ടാകുന്നു. അതിനാല്‍ തന്നെ നമ്മുടെ തെങ്ങ് പോലെ ഒരു കല്‍പവൃക്ഷമാണ് ഇത്. 65 ദശലക്ഷം വര്‍ഷം മുതല്‍ 18 ലക്ഷം വര്‍ഷങ്ങള്‍ മുന്‍പ് വരെയുള്ള കാലഘട്ടത്തിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്. നീണ്ടകാലത്തെ വരള്‍ച്ച, ഉയര്‍ന്ന താപനില മറ്റു ദുഷ്‌കര സാഹചര്യങ്ങള്‍ എന്നിവയൊക്കെ അതിജീവിക്കാന്‍ ഇവയ്ക്കു കഴിയും.
ആര്‍ഗന്‍ മരങ്ങളിലെ പഴം കഴിക്കാന്‍ ആടുകള്‍ മരത്തിനു മുകളില്‍ കയറുന്നതും മൊറോക്കോയിലെ അദ്ഭുതക്കാഴ്ചയാണ്. ശരാശരി 30 അടിയിലധികം പൊക്കത്തില്‍ ആടുകള്‍ ഇങ്ങനെ കയറാറുണ്ട്.ആടുകള്‍ ഇങ്ങനെ മരത്തില്‍ കയറുന്നത് തദ്ദേശീയര്‍ക്കും സന്തോഷമുള്ള കാര്യമാണ്. പഴം കഴിച്ചുകഴിയുന്ന ആടുകള്‍ ഉമിനീര്‍ പുറത്തുവിടുമ്പോളും വിസര്‍ജിക്കുമ്പോഴും ആര്‍ഗന്‍ പഴത്തിന്റെ കുരുക്കളും പുറത്തുവരും. ഈ കുരുക്കള്‍ക്ക് നല്ല മൂല്യമുണ്ട്. ആര്‍ഗന്‍ ഓയില്‍ ഉത്പാദിപ്പിക്കാനായി ഇവ ഉപയോഗിക്കും. മെക്‌സിക്കോയ്ക്ക് വിദേശ വിപണിയില്‍ നല്ല പണം നേടിക്കൊടുക്കുന്ന ഒരു കയറ്റുമതി ഉത്പന്നമാണ് ആര്‍ഗന്‍ ഓയില്‍.