Saturday, March 14, 2026 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 17 Oct 2025 03.29 PM

‘‘വാശിപ്പുറത്ത് സൂപ്പര്‍സ്റ്റാറുകളെ ഒഴിവാക്കി,ദിലീപിനെയും പുതുമുഖങ്ങളെയും വച്ച് പടം ചെയ്തു; സമയദോഷമായിപ്പോയി ആ സിനിമ...’’ സംവിധായകന്‍ കരീം

ജനപ്രിയനായകന്‍ ദിലീപിന്റെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ‘ഏഴരക്കൂട്ടം’ എന്ന സിനിമയിലേത്. ഇപ്പോഴിതാ ഈ സിനിമ സൂപ്പര്‍സ്റ്റാറുകളെ ഒഴിവാക്കി വാശിപ്പുറത്ത് ചെയ്തതു കൊണ്ട് പരാജയപ്പെട്ട സിനിമയാണിതെന്ന് പറയുകയാണ് സംവിധായകന്‍ കരീം.
Director Kareem, Ezharakoottam movie, Dileep
Director Kareem about ezharakkoottam movie (Image source: Youtube)

മിമി​‍ക്രി വേദികളിലൂടെ തുടക്കം കുറിച്ച് മലയാള സിനിമയില്‍ അസിസ്റ്റന്റായി തുടങ്ങി പിന്നീട് ചെറിയ വേഷങ്ങളിലൂടെയും സഹതാരമായും അഭിനയിച്ച ശേഷം ജനപ്രിയ നായകനായി ഉയര്‍ന്ന താരമാണ് ദിലീപ്. മലയാള സിനിമയില്‍ മോഹൻലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവർക്ക് ശേഷം സൂപ്പർതാര പദവി നേടിയ അഭിനേതാവ് കൂടിയാണ് ദിലീപ്. ഒരു സമയത്ത് ദിലീപിന്റെ ചിത്രങ്ങള്‍ ഹിറ്റ് ചാര്‍ട്ടുകളില്‍ മാത്രം ഇടം നേടുന്നവയായിരുന്നു.
നര്‍മ്മരസം കലര്‍ന്ന സിനിമകളിലൂടെയാണ് ദിലീപ് നായക വേഷങ്ങളില്‍ തിളങ്ങി തുടങ്ങിയത്. പിന്നീട് സീരിയസ് കഥാപാത്രങ്ങളടക്കം തന്നില്‍ ഒതുങ്ങുമെന്ന് ദിലീപ് തെളിയിച്ചു. സൂപ്പര്‍ഹിറ്റുകളായി മാറിയ ഒരുപാട് ചിത്രങ്ങള്‍ ദിലീപിന്റെ റെക്കോര്‍ഡിലുണ്ട്. കളക്ഷനില്‍ മറ്റ് സൂപ്പർതാരങ്ങളെ പോലും മറികടക്കാനുള്ള ശേഷിയും ഒരുകാലത്ത് ദിലീപ് ചിത്രങ്ങള്‍ക്കുണ്ടായിരുന്നു. കുടുംബപ്രേക്ഷകർ ഏറ്റെടുത്ത ഒട്ടേറെ ചിത്രങ്ങള്‍ രണ്ടായിരത്തിന്റെ തുടക്കത്തില്‍ ദിലീപിന്റെ ഹിറ്റ് ലിസ്റ്റില്‍ വന്നു.
ഏറെ അഭിനയസാധ്യതയുണ്ടായിരുന്നെങ്കിലും ദിലീപിന്റെ അധികമാരും ശ്രദ്ധിക്കാത്ത പ്രകടനമുള്ള സിനിമയായിരുന്നു ഏഴരക്കൂട്ടം. ഒരുകൂട്ടം പുതുമുഖങ്ങള്‍ അണിനിരന്ന ഈ ചിത്രം സംവിധാനം ചെയ്‌തത്‌ പ്രമുഖ സംവിധായകൻ ഭരതന്റെ സഹായി ആയിരുന്ന കരീം ആയിരുന്നു.
ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച്‌ സംസാരിക്കുകയാണ് കരീം. അന്ന് സൂപ്പർസ്‌റ്റാറുകളുടെ ഡേറ്റ് കിട്ടുമായിരുന്നുവെന്നും എന്നിട്ടും വാശിയുടെ പുറത്ത് പുതുമുഖങ്ങളെ വച്ചൊരു സിനിമ എടുക്കുകയായിരുന്നു എന്നാണ് കരീം പറയുന്നത്. ദിലീപ് ആ ചിത്രത്തില്‍ എത്തിയതിനെക്കുറിച്ചും കരീം പറയുന്നു.
‘‘ഏഴരക്കൂട്ടത്തിന് മുൻപ് തന്നെ ദിലീപ് സിനിമയില്‍ എത്തിയിരുന്നു. എങ്കിലും അവനൊരു ബ്രേക്ക് കിട്ടുന്നത് ആ ചിത്രത്തിലൂടെ ആയിരുന്നു. ഒരുപാട് പേരെ ഓഡിഷൻ നടത്തിയും ഇന്റർവ്യൂ ചെയ്‌തിട്ടും ഒക്കെയായിരുന്നു ഞാൻ ആ സിനിമയിലേക്ക് ആളെ എടുത്തത്. ആയിരത്തോളം പേരെ ഇന്റർവ്യൂ ചെയ്‌തിരുന്നു. ഒരു പ്രത്യേക ക്യാരക്റ്റർ ആയിരുന്നു അത്, ദിലീപ് ഒന്നും മനസില്‍ ഇല്ലായിരുന്നു. പിന്നെ അതിലേക്ക് എത്തിയതാണ്.
സൈന്യത്തില്‍ അഭിനയിച്ച ഒരാള്‍ ഉണ്ടെന്ന് ചക്രവർത്തിയാണ് പറയുന്നത്. അതിന്റെ സ്ക്രിപ്റ്റ് ഷിബു ആയിരുന്നു. അങ്ങനെയാണ് ദിലീപ് വരുന്നത്. അഭിനയിച്ചു കാണിക്കാൻ പറഞ്ഞപ്പോള്‍ മികച്ച രീതിയില്‍ ദിലീപ് അത് ചെയ്‌തിരുന്നു. തിരിഞ്ഞുള്ള ആ നടത്തമൊക്കെ കൃത്യമായിരുന്നു. മിമിക്രിക്കാരെ വേണ്ടെന്നാണ് ആദ്യം ഞാൻ കരുതിയത്. ദിലീപ് മിമിക്രിയില്‍ തിളങ്ങുന്ന ആളാണെന്നൊക്കെ പിന്നെ ഷിബു പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്.
എനിക്ക് അന്ന് മമ്മൂട്ടിയെയോ മോഹൻലാലിനെയോ വച്ചൊരു സിനിമ പിടിക്കാൻ സാധിക്കുമായിരുന്നു. എന്താണെന്ന് വച്ചാല്‍ ഇവരുമായി നല്ല അടുപ്പമുണ്ടായിരുന്നു. ലാലുമായി നല്ല ബന്ധമായിരുന്നു, പിന്നെ മമ്മൂക്കയുമായി നല്ല അടുപ്പമായിരുന്നു. എന്നിട്ടും എന്തോ അങ്ങനെ ചെയ്യാൻ തോന്നിയില്ല. അതൊക്കെയായിരിക്കും ഈ സമയദോഷം എന്ന് പറയുന്നത്.
ഈ ഒരു സബ്‌ജക്റ്റ് കേട്ടപ്പോള്‍ എനിക്ക് ഭയങ്കര താല്‍പര്യം തോന്നി. എന്താണെന്നു വച്ചാല്‍ അതിലൊരു വെറൈറ്റി ഉണ്ടായിരുന്നു. അങ്ങനെയാണ് പുതുമുഖങ്ങളെ വച്ച്‌ സിനിമ എടുക്കാനായി തീരുമാനിക്കുന്നത്. നിർമ്മാതാവ് അതിന് ഓക്കേ ആയിരുന്നു. ആര് വേണമെങ്കിലും വച്ച്‌ പടം എടുത്തോളൂ എന്നായിരുന്നു പറഞ്ഞത്. അങ്ങനെയാണ് വാശിപ്പുറത്ത് സൂപ്പർതാരങ്ങളെ ഒക്കെ ഒഴിവാക്കി പുതിയവരെ വച്ച്‌ ഒരു പടം പിടിക്കുന്നത്.
മമ്മൂക്കയും ഭരതേട്ടനും ആയിരുന്നു അതിന്റെ ആദ്യം കോപ്പി കണ്ടത്. രണ്ട് പേരും നല്ല അഭിപ്രായമാണ് പറഞ്ഞത്. നീ ഇത്രേം ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് അന്ന് ഭരതേട്ടൻ പറഞ്ഞത്. ക്രൗഡ് ഒന്നും എനിക്ക് പ്രശ്‌നമായി തോന്നിയിരുന്നില്ല. ഭരതേട്ടൻ തമിഴില്‍ കമല്‍ ഹാസനെ വച്ച്‌ ചെയ്‌ത തേവർമകനില്‍ ഞാൻ ആയിരുന്നു അസോസിയേറ്റ്. അതുകൊണ്ട് കൂടുതല്‍ പേരെ നിയന്ത്രിച്ച്‌ ശീലമുണ്ടായിരുന്നു.
ദിലീപ് തുടങ്ങിയത് സൈന്യത്തില്‍ ആണെങ്കിലും ബ്രേക്ക് കിട്ടിയത് ഏഴരക്കൂട്ടത്തില്‍ കൂടെ ആയിരുന്നു. അതിന് ശേഷമാണ് മാനത്തെ കൊട്ടാരവും സല്ലാപവും ഒക്കെ വരുന്നത്. പിന്നെ എന്തുകൊണ്ടോ ദിലീപ് വലിയ താരമായപ്പോള്‍ സിനിമകള്‍ ഒന്നും നടന്നില്ല. ഒന്ന് രണ്ട് കഥകള്‍ ഒക്കെ പറയാൻ ചെന്നെങ്കിലും അതൊക്കെ ബുദ്ധിമുട്ടായിരുന്നു...’’ സംവിധായകൻ കരീം പറഞ്ഞു.

Ads by Google
Friday 17 Oct 2025 03.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW