-->
മനുഷ്യശരീരത്തെ കാര്‍ന്നു തിന്നുന്ന അസുഖങ്ങളില്‍ ഒന്നായ അര്‍ബുദം അതിന്റെ വേരുകള്‍ ജീവിതത്തില്‍ എവിടെയൊക്കെയോ ഒരു നൊമ്പരം അവശേഷിപ്പിക്കും. കടന്നു പോകുന്ന വഴികളില്‍ ആ നൊമ്പരത്തിന്റെ ചിലപ്പോഴൊക്കെ കണ്ണുനീരായി പ്രകടമാകാറുമുണ്ട്. സിനിമ സീരിയല്‍ രംഗത്തെ ഒരുപാട് സെലിബ്രിറ്റികള്‍ ക്യാന്‍സര്‍ എന്ന മഹാമാരിയില്‍ പെട്ട് ഉലഞ്ഞു പോയിട്ടുണ്ട്. ചിലരൊക്കെ ഫിനിക്സ് പക്ഷികളെപ്പോലെ അതില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് മറ്റുള്ളവര്‍ക്ക് പ്രചോദനമായിട്ടുമുണ്ട്.
അത്തരത്തില്‍ രണ്ടുപേരാണ് ബോളിവുഡിന്റെ പ്രിയ താരം സോണാലി ബിന്ദ്രെയും ഹിന്ദി സീരിയല്‍ ലോകത്ത് തിളങ്ങി നിന്നിരുന്ന ഹിനാ ഖാനും. രണ്ടുപേരും ക്യാന്‍സറിനോട് പോരാടി വിജയം കൈവരിച്ച് തങ്ങളുടെ കരിയറിലേക്കും ലൈംലൈറ്റിലേക്കും തിരിച്ചു വന്നവരാണ്. തങ്ങളുടെ ക്യാന്‍സര്‍ ജേര്‍ണി പങ്കിട്ട് പലര്‍ക്കും പ്രചോദമായിട്ടുമുണ്ട് രണ്ടുപേരും. കളേഴ്സ് ടിവിയിലെ ‘പതി പത്നി ഔർ പംഗ’ എന്ന റിയാലിറ്റി ടെലിവിഷൻ ഷോയില്‍ ദമ്പതികളുടെ കൂട്ടത്തില്‍ ഒരു മത്സരാര്‍ത്ഥിയായി ഹിന ഖാനുമുണ്ട്. ആ പരിപാടിയില്‍ സെലിബ്രിറ്റി അവതാരക സോണാലി ബിന്ദ്രെയാണ്. ദമ്പതികള്‍ ഒരുമിച്ചുള്ള ടാസ്കുകള്‍ , പങ്കെടുക്കുന്നവരുമായുള്ള അവതാരകരുടെ സൗഹൃദം തുടങ്ങി നിരവധി കാര്യങ്ങൾ എന്നിവ കൊണ്ട് രസകരമാണ് ഈ ഷോ.
എന്നാല്‍ ഇപ്പോഴിതാ വരാനിരിക്കുന്ന എപ്പിസോഡ് വൈകാരികമായി മാറുന്നതായി പുതിയ പ്രൊമോയാണ് ‘പതി പത്നി ഔർ പങ്ക’ കാണിക്കുന്നത്.
‘ധമാൽ വിത്ത് പതി പത്നി ഔർ പങ്ക’ എന്ന എപ്പിസോഡില്‍ ദീപാവലി ആഘോഷമാണ് കാണിക്കുന്നത്. അതില്‍ ‘ട്രൂത്ത് ഓര്‍ ഡെയര്‍’ എന്നൊരു സെഗ്മെന്റ് വരുന്നുണ്ട്. മത്സരാര്‍ത്ഥിയായ റുബീന ദിലൈക്കിന് കിട്ടുന്ന ഡെയര്‍ ടാസ്ക് സദസ്സിലുള്ള ഒരാളിന്റെ തലമുടി അവരെ കണ്‍വിന്‍സ് ചെയ്ത് മുറിപ്പിക്കുക എന്നതാണ്. കണ്ടു നിന്നവരും സഹമത്സരാര്‍ത്ഥികളും ഈ ടാസ്ക് പറ്റില്ല എന്ന് പറയുമ്പോള്‍ റുബിന സധൈര്യം ഈ ടാസ്ക് ഏറ്റെടുത്ത് സദസ്സിലുള്ള ഒരു സ്ത്രീയില്‍ നിന്ന് അനുവാദം വാങ്ങുകയും ചെയ്തു. നീളമുള്ള മുടിയുള്ള സ്ത്രീ സമ്മതിച്ചെങ്കിലും ഒരു ഇഞ്ച് ട്രിം ചെയ്യാൻ മാത്രമാണ് പറഞ്ഞത്. എന്നാല്‍ തലമുടി മുറിക്കാനായി സ്ത്രീ വേദിയില്‍ എത്തിയതിനു ശേഷം പറഞ്ഞ കാര്യങ്ങളാണ് സൊനാലിയെയും ഹിനയെയുമടക്കം എല്ലാവരെയും ഈറനണിയിച്ചത്.
റുബീന തലമുടി മുറിക്കാൻ തയ്യാറായപ്പോള്‍, ആ സ്ത്രീ പറഞ്ഞത്, “എന്റെ മുടി ഒരു കാൻസർ രോഗിക്ക് ദാനം ചെയ്യാൻ ഞാൻ പദ്ധതിയിട്ടിരുന്നു...’’ എന്നാണ്. ഒരു ഇഞ്ച് മുറിക്കുന്നതിനുപകരം, തന്റെ മുടി തോളിന്റെ നീളം വരെ ചെറുതാക്കാൻ തയ്യാറാണെന്ന് അവര്‍ റുബീനയോട് പറഞ്ഞു. അതു കേട്ടതോടെ എല്ലാവരും ഒരു നിമിഷം ഷോക്കായി. അന്തരീക്ഷം ആകെ മാറി. കാൻസർ അതിജീവിച്ച സോണാലിയും ഹിനയും വികാരാധീനരായി. റുബീനയും വികാരഭരിതയായി, വിറയ്ക്കുന്ന കൈകളിൽ കത്രിക ഏറ്റെടുത്ത്, മുടി മുറിക്കുന്നതിന് മുമ്പ് ദൈവനാമം ജപിച്ചപ്പോൾ സെറ്റ് നിശബ്ദമായി. റുബീന ആ സ്ത്രീയുടെ മുടി മുറിച്ചപ്പോൾ, സോണാലിയും ഹിനയും കണ്ണുനീർ പൊഴിച്ചു, പിന്നീട് പരസ്പരം കെട്ടിപ്പിടിക്കുന്നത് കാണപ്പെട്ടു.
സ്ത്രീയുടെ മുറിച്ച മുടി കൈയിൽ പിടിച്ചുകൊണ്ട് ഹിന പറഞ്ഞത് കേട്ടിരുന്ന എല്ലാവരെയും ഈറനണിയിച്ചു. ‘‘ഇത് ഒരാൾക്ക് എത്രമാത്രം സന്തോഷം നൽകുമെന്ന് നിങ്ങൾക്കറിയില്ല. എല്ലാ ദിവസവും ഞാൻ ഒരു വിഗ് ധരിക്കാറുണ്ട്, അതും ഒരിക്കൽ മറ്റൊരാളുടേതായിരുന്നു, ഇവര്‍ ഇപ്പോൾ നൽകുന്നതുപോലെ...’’ എന്ന് ഹിന പറഞ്ഞു. ‘‘നിങ്ങള്‍ ഇപ്പോള്‍ സുന്ദരിയായി കാണപ്പെടുന്നു, പക്ഷേ നിങ്ങളുടെ ഹൃദയം അതിലും മനോഹരമാണ്...’’ എന്നാണ് സൊണാലി പറഞ്ഞത്. എല്ലാവരും വൈകാരിമായി ഏറ്റെടുത്ത ഒരു എപ്പിസോഡായിരുന്നു ഇത്.
2018 ലാണ് സോണാലിക്ക് മെറ്റാസ്റ്റാറ്റിക് കാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്. രോഗം പടർന്നിട്ടുണ്ടെന്നും അത് തീവ്രവും ഉടനടിയുള്ളതുമായ ചികിത്സ ആവശ്യമാണെന്നും താരം വെളിപ്പെടുത്തി. ന്യൂയോർക്കിൽ കീമോതെറാപ്പിക്ക് വിധേയയായ താരം മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം കാൻസർ രഹിതരായി ഇന്ത്യയിലേക്ക് മടങ്ങി.
സ്റ്റേജ് 3 സ്തനാർബുദം കണ്ടെത്തിയതായി 2024 ലാണ് ഹിന വെളിപ്പെടുത്തിയത്. തന്റെ ചികിത്സാ യാത്ര താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ശസ്ത്രക്രിയകളും കീമോതെറാപ്പിയും നടത്തിയ ഇപ്പോൾ ഇമ്മ്യൂണോതെറാപ്പിയിൽ തുടരുന്നു.
‘പതി പത്നി ഔർ പംഗ’ എന്ന റിയാലിറ്റി ഷോയിൽ വിവാഹിതരായ സെലിബ്രിറ്റി ദമ്പതികളായ ഹിന ഖാൻ–റോക്കി ജയ്‌സ്വാൾ, പവൻ കുമാർ–ഗീത ഫോഗട്ട്, റുബിന ദിലൈക്–അഭിനവ് ശുക്ല, സ്വര ഭാസ്‌കർ–ഫഹദ് അഹമ്മദ്, ഗുർമീത് ചൗധരി–ദേബിന ബോണർജി, അവിക ഗോർ–മിലിന്ദ് ചന്ദ്‌വാനി, സുദേഷ് ലെഹ്‌രി–മംത ലെഹ്‌രി എന്നിവരാണുള്ളത്. മുനാവർ ഫാറൂഖിക്കൊപ്പം സോണാലി ബെന്ദ്രെയുമാണ് ഈ ഷോ അവതരിപ്പിക്കുന്നത്. ദമ്പതികൾക്ക് അവരുടെ അനുയോജ്യതയും രസതന്ത്രവും പരീക്ഷിക്കുന്നതിനായി തീം അടിസ്ഥാനമാക്കിയുള്ള ടാസ്‌ക്കുകളിലൂടെയാണ് ഷോ രസകരമാകുന്നത്. ജിയോഹോട്ട്‌സ്റ്റാറിലും കളേഴ്‌സ് ടിവിയിലും ഇത് കാണാൻ ലഭ്യമാണ്.