Sunday, March 15, 2026 Last Updated 2 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 17 Oct 2025 10.11 AM

ലോകയുമായി ഥാമയ്ക്ക് എന്തെങ്കിലും സാമ്യമുണ്ടോ? മറുപടിയുമായി ആയുഷ്മാന്‍ ഖുറാന

movie, loka

മാഡ്ഡോക്ക് ഹൊറര്‍ കോമഡി യൂണിവേഴ്‌സിലെ അടുത്ത ചിത്രമാണ് ഥാമ. രശ്മിക മന്ദാന, ആയുഷ്മാന്‍ ഖുറാന എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയായ ' ലോക'യും ഥാമയും തമ്മില്‍ സാമ്യമുണ്ടോ എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കാരണം ഇരു സിനിമകളും സംസാരിക്കുന്നത് വാമ്പയറുകളേക്കുറിച്ചാണ് എന്നതാണ് പ്രധാന കാരണം. ഇപ്പോഴിതാ ഇതിന് മറുപടി നല്‍കുകയാണ് സിനിമയിലെ നായകനായ ആയുഷ്മാന്‍ ഖുറാന. ലോകയുമായി ഥാമയ്ക്ക് ബന്ധമില്ലെന്ന് നടന്‍ പറഞ്ഞു. തികച്ചും വ്യത്യസ്തമായ കഥയാണ് സിനിമയുടേതെന്നും ആയുഷ്മാന്‍ ഖുറാന കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അഹമ്മദാബാദില്‍ ഷൂട്ട് നടക്കുന്നതിനിടയിലാണ് ലോക എന്ന പടത്തെക്കുറിച്ച് ഞാന്‍ അറിഞ്ഞത്. ബ്രേക്ക് കിട്ടിയപ്പോള്‍ പോയിക്കണ്ടു. ഗംഭീരമായി അവര്‍ ആ സിനിമ ചെയ്തിട്ടുണ്ട്. അവരുടെ നാട്ടില്‍ പറഞ്ഞുകേട്ടിട്ടുള്ള കഥയെ വളരെ മനോഹരമായി സിനിമയാക്കി. പക്ഷേ, ഈ സിനിമയും ലോകയും തമ്മില്‍ ഒരു തരത്തിലും സാമ്യമില്ല.

ഹൊററിനും കോമഡിക്കും പ്രാധാന്യം നല്‍കിയാണ് ഥാമ ഒരുങ്ങിയത്. എന്നാല്‍ ലോക അതിലും കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട്. ഈ സിനിമ പ്രധാനമായും ഹിന്ദി മാര്‍ക്കറ്റിനെയാണ് ലക്ഷ്യം വെക്കുന്നത്. ലോക പാന്‍ ഇന്ത്യന്‍ അപ്പീലുള്ള സിനിമയാണ്. എവിടെയുള്ള ആളുകള്‍ക്കും അതിവേഗം ലോക സിനിമ കണക്ടാകും.

എന്നാല്‍ ഥാമ അങ്ങനെയല്ല, ഞങ്ങളുടേതായ കഥകളും വിശ്വാസങ്ങളും ആധാരമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. ട്രെയ്ലര്‍ കണ്ടിട്ട് രശ്മികയുടെ കഥാപാത്രം ലോകയിലേത് പോലെ വാമ്പയറാണെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ അതൊന്നുമല്ല ഈ സിനിമയുടെ കഥ. രണ്ട് സിനിമകളും തമ്മില്‍ താരതമ്യം ചെയ്യേണ്ട ആവശ്യമൊന്നുമില്ല,' ആയുഷ്മാന്‍ ഖുറാന പറയുന്നു.

മാഡ്ഡോക്ക് ഹൊറര്‍ കോമഡി യൂണിവേഴ്‌സിലെ അഞ്ചാമത്തെ ചിത്രമാണ് ഥാമ. സ്ത്രീ, ഭേദിയ, മുഞ്ജ്യ തുടങ്ങിയവയാണ് ഈ യൂണിവേഴ്‌സില്‍ ഇതിനുമുന്‍പ് വന്ന ചിത്രങ്ങള്‍. ആദിത്യ സര്‍പോദാര്‍ ആണ് സംവിധാനം. പരേഷ് റാവലും നവീസുദ്ദീന്‍ സിദ്ദിഖിയുമാണ് മറ്റുപ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രം ഒക്ടബോര്‍ 21ന് തിയേറ്ററുകളിലെത്തും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW