-->
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ആദ്യ അറസ്റ്റ്. ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി അറസ്റ്റില്‍. ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ വച്ചുള്ള പത്ത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം സംഘമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
നാളെ 12 മണിക്കുള്ളില്‍ ഇയാളെ റാന്നി കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. എസ്പി ബിജോയ്യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാവിലെ 10 മണിയോടെ കല്ലറയിലെ വീട്ടില്‍ നിന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
ദ്വാരപാലക ശില്‍പ്പപാളികളിലെ സ്വര്‍ണക്കൊള്ള, കട്ടിളപ്പടിയിലെ സ്വര്‍ണപ്പാളി ചെമ്പാക്കിയ അട്ടിമറി എന്നിങ്ങനെ രണ്ടു കേസുകളിലും പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ശബരിമലയുടെ മറവില്‍ പോറ്റി ലക്ഷങ്ങള്‍ കൈക്കലാക്കിയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. സ്പോണ്‍സറെന്ന് അവകാശപ്പെട്ടിരുന്ന ഉണ്ണിക്കൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശലില്‍ ആകെ ചെലവാക്കിയത് 3 ഗ്രാം മാത്രമാണ്. 475 ഗ്രാം അഥവാ 56 പവന്‍ അടിച്ചെടുത്തു. ഇപ്പോഴത്തെ വിപണിവിലയില്‍ അമ്പത് ലക്ഷത്തോളം രൂപയുടെ ലാഭമുണ്ട്. അതുകൂടാതെ സ്വര്‍ണം പൂശാനെന്ന പേരില്‍ ബെംഗളൂരുവിലെ രണ്ട് പേരില്‍ നിന്ന് പണവും പിരിച്ചിട്ടുണ്ട്.
ശബരിമലയിൽനിന്നു സ്വർണക്കവർച്ച നടന്നുവെന്നു ബോധ്യമായി ഇത്രയും ദിവസമായിട്ടും പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ പോലും എടുക്കാതെ മുന്നോട്ടുപോകുന്നതിനെതിരെ നേരത്തെ വിമർശനമുയരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നതും രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയതും.