-->
കോഴിക്കോട് : താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യുമോണിയയാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
ഓഗസ്റ്റ് പതിനാലിനായിരുന്നു അനയ മരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു മരണം. അനയയെ ആദ്യം പനിലക്ഷണങ്ങളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം. അനയയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്നായിരുന്നു ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിച്ചത്.
ഇതിന് പിന്നാലെയായിരുന്നു സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ വിപിനെ ആക്രമിച്ചത്. വടിവാള്‍ കൊണ്ടുള്ള ആക്രമണത്തില്‍ ഡോക്ടറുടെ തലയില്‍ പത്ത് സെന്റീമീറ്റര്‍ നീളത്തില്‍ മുറിവേറ്റിരുന്നു. മകളുടെ മരണകാരണം അറിയണമെന്നാവശ്യപ്പെട്ടായിരുന്നു പിതാവ് സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചത്. സംഭവത്തിന് ശേഷം മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകവേ ഡോക്ടര്‍ക്കുള്ള വെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ആരോഗ്യവകുപ്പിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നായിരുന്നു സനൂപ് പറഞ്ഞത്.ഫ.