-->
അഹമ്മദാബാദ്: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗുജാറാത്ത് സർക്കാരിലെ മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരെല്ലാം രാജിവെച്ചു. എല്ലാ മന്ത്രിമാരുടേയും രാജി മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ സ്വീകരിച്ചതായാണ് വിവരം. ഉടൻതന്നെ പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നും ഇതിന് മുന്നോടിയായി ഗവർണർ ആചാര്യ ദേവവ്രതിനെ മുഖ്യമന്ത്രി കാണുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വെള്ളിയാഴ്ച രാവിലെ മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉണ്ടാകുമെന്നാണ് സർക്കാർ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നത്. പത്ത് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തിക്കൊണ്ട് ഗുജറാത്തിൽ മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് ചെയ്യുന്നു. പുനഃസംഘടനയുടെ ഭാഗമായി നിലവിലുള്ളവരിൽ പകുതിയിലേറെപ്പേരേയും മാറ്റി നിയമിച്ചേക്കുമെന്നും വിവരങ്ങളുണ്ട്.
നിലവിൽ മുഖ്യമന്ത്രി അടക്കം 17 മന്ത്രിമാരാണ് മന്ത്രിസഭയിൽ ഉള്ളത്. എട്ടുപേർ ക്യാബിനറ്റ് പദവിയുള്ളവരും എട്ടുപേർ സഹമന്ത്രിമാരുമായിരുന്നു. 182 അംഗങ്ങളാണ് ഗുജറാത്ത് നിയമസഭയിൽ ഉള്ളത്. വ്യവസ്ഥകൾ പ്രകാരം 27 മന്ത്രിമാർവരെ ആകാം.