Saturday, March 14, 2026 Last Updated 36 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 16 Oct 2025 05.10 PM

ആ സ്ത്രീയുടെ കുഞ്ഞ് പകുതി അകത്തും പകുതി പുറത്തുമായിരുന്നു; കണ്ടപ്പോൾ മരവിച്ചു പോയി, ദൈവം ആ സഹോദരനെ അവിടേക്ക് അയച്ചതാണ്; അനുഭവം പങ്കിട്ട് ട്രെയിൻ യാത്രക്കാരൻ

uploads/news/2025/10/805983/Untitled-3.jpg
Man became real hero for a mother and child in train (Image Source: Instagram)

യാത്രയ്ക്കടിയില്‍ സംഭവിക്കുന്ന അവിചാരിതമായ ചില കാര്യങ്ങള്‍ മറ്റുള്ളവരുടെ ജീവിതം മാറ്റിമറിക്കാറുണ്ട്. ഒന്നും പ്ലാന്‍ ചെയ്തിട്ടില്ലെങ്കില്‍ കൂടി ചിലപ്പോഴൊക്കെ മറ്റുള്ളവരുടെ ജീവിതത്തില്‍ ഒരു ദൈവദൂതനെപ്പോലെയായി മാറാന്‍ നിമിഷങ്ങള്‍ മാത്രം മതി. അത്തരം ഹൃദയസ്പര്‍ശിയായ സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കാഴ്ച്ചക്കാരുടെ മുന്നിലേക്ക് എത്തുന്നു എന്നതാണ് ഡിജിറ്റല്‍ യുഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇപ്പോഴിതാ രാത്രി ഒരു മണിക്ക് ട്രെയിനില്‍ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് സഹായമായി മാറിയ അപരിചിതനായ യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഏറെ ഹൃദയസ്പർശിയായ ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തത് ട്രെയിനില്‍ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ്. സംഭവത്തിന് ദൃക്‌സാക്ഷിയായ മഞ്ജീത് ധില്ലണ്‍ പങ്കുവെച്ചതാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായ വീഡിയോ.
സ്ത്രീ പ്രസവവേദന കൊണ്ട് ബുദ്ധിമുട്ടുകയാണ് എന്ന് മനസിലായ അപരിചിതനായ യുവാവ് ഉടൻ തന്നെ എമർജൻസി ചെയിൻ വലിച്ച്‌ ട്രെയിൻ നിർത്തുകയായിരുന്നു. ‘‘ഈ മനുഷ്യൻ ശരിക്കും ധീരനാണ്... അദ്ദേഹത്തെ കുറിച്ച്‌ വിവരിക്കാൻ എനിക്ക് വാക്കുകളില്ല. പുലർച്ചെ 1 മണിക്കായിരുന്നു സംഭവം, രാം മന്ദിർ സ്റ്റേഷനിലായിരുന്നു അപ്പോള്‍ ട്രെയിൻ, യുവാവ് ട്രെയിനിന്റെ എമർജൻസി ചെയിൻ വലിച്ച്‌ വണ്ടി നിർത്താൻ ശ്രമിച്ചു. ഇത് പറയുമ്പോള്‍ എനിക്ക് ഇപ്പോഴും ഒരു വിറയലാണ്, മരവിപ്പാണ്... ആ സ്ത്രീയുടെ കുഞ്ഞ് പകുതി പുറത്തായിരുന്നു, പകുതി അകത്തും പകുതി പുറത്തും. ആ നിമിഷം, ദൈവം ഈ സഹോദരനെ എന്തോ ഒരു കാരണം കൊണ്ട് അവിടേക്ക് അയച്ചതായി എനിക്ക് തോന്നി... പോസ്റ്റില്‍
ഞങ്ങൾ എല്ലാവരും പരമാവധി ശ്രമിച്ചു - ഞങ്ങൾ നിരവധി ഡോക്ടർമാരെ വിളിച്ചു, പക്ഷേ ആംബുലൻസ് എത്താൻ സമയമെടുത്തു. ഒടുവിൽ, ഒരു വനിതാ ഡോക്ടർ ഒരു വീഡിയോ കോളിലൂടെ അദ്ദേഹത്തെ നയിച്ചു, അവർ നിർദ്ദേശിച്ചതുപോലെ അദ്ദേഹം ചെയ്തു. ആ നിമിഷത്തിലെ അദ്ദേഹത്തിന്റെ ധൈര്യം വാക്കുകൾക്കതീതമായിരുന്നു.
നേരത്തെ, സ്ത്രീയുടെ കുടുംബം അവളെ അടുത്തുള്ള ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി, പക്ഷേ ഞെട്ടിപ്പിക്കുന്ന കാര്യം, പ്രസവം അവിടെ നടത്താൻ കഴിയില്ലെന്നും അതിനാൽ അവർക്ക് അവളെ ട്രെയിനിൽ തിരികെ കൊണ്ടുവരേണ്ടി വന്നുവെന്നും അവരോട് പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ഒരു അമ്മയെ സഹായിക്കാൻ ഒരു ആശുപത്രി വിസമ്മതിച്ചത് ശരിക്കും ലജ്ജാകരമാണ്.
ആ രാത്രിയിൽ, രണ്ട് ജീവൻ രക്ഷിക്കാൻ ഈ പുരുഷൻ കാരണമായി. പലരും നോക്കി നിൽക്കുകയും നടന്നു പോകുകയും ചെയ്തു, പക്ഷേ ഞങ്ങൾക്ക് കഴിഞ്ഞില്ല...കാരണം ഞങ്ങൾ മനുഷ്യരാണ്.
ആരെയെങ്കിലും സഹായിക്കാൻ നിങ്ങൾക്ക് എപ്പോഴെങ്കിലും അവസരം ലഭിച്ചാൽ, അത് ദൈവത്തിൽ നിന്നുള്ള ഒരു അടയാളമായി കണക്കാക്കി അത് ചെയ്യുക സുഹൃത്തുക്കളേ....അജ്ഞാതനായ ആ യുവാവാണ് അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചത്, ഞങ്ങൾ ഒരുമിച്ച് അവളെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ചു....എനിക്ക് ഇപ്പോൾ എന്താണ് തോന്നുന്നതെന്ന് വാക്കുകളിൽ പോലും പ്രകടിപ്പിക്കാൻ കഴിയില്ല....’’ എന്നാണ് വീഡിയോ പങ്കിട്ട് മഞ്ജീത് ധില്ലണ്‍ കുറിച്ചത്.
‘‘ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഒരു കാര്യം ചെയ്യുന്നത്. എനിക്ക് പേടി ഉണ്ടായിരുന്നു. വീഡിയോ കാളിലൂടെ മാഡം എന്നെ സഹായിച്ചു...’’ എന്ന് യുവതിക്ക് സഹായവുമായി എത്തിയ യുവാവ് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ബുദ്ധിമുട്ട് ഒന്നും കൂടാതെയുള്ള പ്രസവത്തിനു യുവാവ് യുവതിയെ സഹായിച്ചുവെന്ന് പോസ്റ്റില്‍ നിന്ന് മനസ്സിലാക്കാം. മറ്റു യാത്രക്കാരും സഹായവുമായി കൂടെ കൂടി.
പോസ്റ്റ് വൈറലായതോടെ അനേകങ്ങളാണ് പോസ്റ്റിന് കമന്റുകള്‍ നല്‍കിയത്. തീർത്തും അപരിചിതയായ ഒരു യുവതിയെ വേണ്ട സമയത്ത് വേണ്ടതുപോലെ സഹായിച്ച ആ ചെറുപ്പക്കാരനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ.

Ads by Google
Thursday 16 Oct 2025 05.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW