-->
ബോളിവുഡിന്റെ താരറാണിയായ ദീപിക പദുകോണ്‍ തന്റെ അഭിനയമികവിലൂടെയാണ് ഇത്രയധികം ആരാധകരെ നേടിയെടുത്തത്. സൗന്ദര്യം കൊണ്ടും കരുത്തുറ്റ കഥാപാത്രങ്ങള്‍ കൊണ്ടുമാണ് ദീപിക, ബോളിവുഡിന്റെ ഏറ്റവും താരമൂല്യമുള്ള താരമായി മാറിയത്. കരിയറിലും സ്വകാര്യ ജീവിതത്തിലും തിളങ്ങി നില്‍ക്കുന്ന താരം ബോളിവുഡിന്റെ എനര്‍ജറ്റിക് ഹീറോ രണ്‍വീര്‍ സിംഗിന്റെ ഭാര്യയും ദുവ സിംഗ് പദുകോണിന്റെ അമ്മയുമാണ്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കിടാറുള്ള എല്ലാ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ മെറ്റയുമായി സഹകരിച്ച് ഒന്നിലധികം രാജ്യങ്ങളിൽ എഐ പതിപ്പിന്റെ പുതിയ ശബ്ദമായി മാറുകയാണ് ദീപിക പദുകോണ്‍. തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ പങ്കിട്ട ഈ വീഡിയോയിലൂടെ എഐയ്ക്കായി ഒരു സ്റ്റുഡിയോയിൽ തന്റെ ശബ്ദം റെക്കോർഡുചെയ്യുന്നതാണ് പങ്കിട്ടിരിക്കുന്നത്. ‘‘ഹായ്, ഞാൻ ദീപിക പദുക്കോൺ. ഞാൻ മെറ്റ എഐയുടെ പുതിയ ശബ്ദമാണ്. അതിനാൽ റിംഗ് ടാപ്പ് ചെയ്‌താൽ എന്റെ ശബ്ദം കേള്‍ക്കാം...
ശരി, ഇത് വളരെ മികച്ചതാണെന്ന് ഞാൻ കരുതുന്നു... ഞാൻ ഇപ്പോൾ മെറ്റ എഐയുടെ ഭാഗമാണ്, ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിങ്ങൾക്ക് എന്റെ ശബ്ദവുമായി ഇംഗ്ലീഷിൽ ചാറ്റ് ചെയ്യാം...’’ എന്നാണ് ദീപിക പോസ്റ്റില്‍ കുറിച്ചത്.
അടുത്തിടെ, ദി ലൈവ് ലവ് ലാഫ് (എല്‍എല്‍എല്‍) ഫൗണ്ടേഷന്റെ സ്ഥാപക കൂടിയായ ദീപിക പദുക്കോണിനെ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ആദ്യത്തെ മാനസികാരോഗ്യ അംബാസഡറായി നിയമിച്ചിരുന്നു.
തന്റെ കരിയറില്‍ മറ്റ് താരങ്ങള്‍ക്കു കൂടി ബഹുമാനം തോന്നുന്ന തീരുമാനങ്ങളെടുക്കാറുള്ള താരം ഈയടുത്തായി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
എട്ട് മണിക്കൂര്‍ ജോലി എന്ന നിബന്ധന വച്ചതിന്റെ പേരിലാണ് ദീപിക വാര്‍ത്തകളില്‍ നിറഞ്ഞത്. പലയിടത്തു നിന്നും ഇതിന്റെ പേരില്‍ വിമര്‍ശങ്ങളുണ്ടായെങ്കിലും ദീപിക തന്റെ തീരുമാനത്തിലും നിലപാടിലും ഉറച്ചു നിന്നു. ഈയടുത്ത് താരം തന്റെ മൗനം ലംഘിച്ച് തന്റെ തീരുമാനങ്ങള്‍ക്ക് പിന്നിലെ കാരണമെന്താണെന്ന് തുറന്നു പറഞ്ഞിരുന്നു.