-->
‘അനുരാഗകരിക്കിന്‍ വെള്ളം’ എന്ന ആദ്യ സിനിമയിലൂടെ തന്നെ മികച്ച അഭിനയം കാഴ്ചവച്ച് പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് രജിഷ വിജയന്‍. വളരെ ചുരുക്കം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരം കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് തന്റെ ഇരിപ്പിടം വെള്ളിത്തിരയില്‍ നേടിയെടുത്തത്. മലയാളത്തിനുപുറമെ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും രജിഷ സാന്നിധ്യമറിയിച്ചിട്ടുണ്ട് താരം.
ഇപ്പോഴിതാ ധ്രുവ് വിക്രം നായകനാകുന്ന പുതിയ ചിത്രം ‘ബൈസണ്‍’ സിനിമയുടെ ചിത്രീകരണത്തിനിടെ മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് രജീഷ വിജയൻ വികാരാധീനയായി വെളിപ്പെടുത്തിയതാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന്റെ പ്രീ റിലീസ് വേദിയിലാണ് രജിഷ ഇക്കാര്യം പറഞ്ഞത്. സിനിമയുടെ ഷൂട്ടിങിനിടെ മുങ്ങിമരണത്തിന്റെ വക്കോളമെത്തിയെന്നും സംവിധായകൻ മാരി സെൽവരാജിന്റെ സമയോചിത ഇടപെടലാണ് തന്റെ ജീവന്‍ രക്ഷപെടുത്തിയെന്നുമാണ് താരം പറഞ്ഞത്. സംവിധായകൻ മാരി ശെല്‍വരാജിനെക്കുറിച്ചും അദ്ദേഹത്തോടുള്ള വിശ്വാസത്തെക്കുറിച്ചുമാണ് രജിഷ സംസാരിച്ചു തുടങ്ങിയത്.
‘‘കർണനിലേക്ക് മാരി സാർ എന്നെ വിളിച്ചപ്പോൾ തന്നെ ഞാൻ വളരെയധികം സന്തോഷത്തിലായി. അതിന് ശേഷം അദ്ദേഹം രണ്ട് സിനിമ ചെയ്തു. രണ്ടിലും എന്നെ വിളിച്ചില്ല. അപ്പോൾ ഞാൻ സാറിനെ വിളിച്ചു ചോദിച്ചു, എന്താണ് സാർ എന്നെ വിളിക്കാത്തത് എന്ന്. നിനക്കുള്ള കാരക്ടർ ഇതുവരെ സെറ്റ് ആയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. പിന്നെ പെട്ടെന്ന് ഒരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു, രജിഷ ഞാൻ ഒരു പടം ചെയ്യുന്നുണ്ട്. ഞാൻ ചെയ്യുമോ ഇല്ലെയോ എന്നൊരു സംശയത്തിലാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. ചേച്ചിയുടെ റോളാണ് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്നാല്‍, ചേച്ചി, അനിയത്തി, അമ്മ എന്ന വേർതിരിവില്ലെന്നും താങ്കളോടൊപ്പം അഭിനയിച്ചാല്‍ മതിയെന്നുമായിരുന്നു എന്റെ മറുപടി.
വർക്ക് ഷോപ്പുകളില്‍ പങ്കെടുത്തപ്പോഴും സിനിമയുടെയോ കഥാപാത്രത്തിന്റെയോ വിശദാംശങ്ങള്‍ എനിക്കറിയില്ലായിരുന്നു. പൂർണ്ണമായ വിശ്വാസത്തിന്റെ പുറത്താണ് ഈ സിനിമ ഏറ്റെടുത്തത്. കരിയറില്‍ മുപ്പതോളം സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും മറ്റൊരു സംവിധായകനോടും ഇത്രയും വിശ്വാസം തോന്നിയിട്ടില്ല.
‘കർണൻ’ ചെയ്യുന്ന സമയത്ത് ഞാൻ കുറച്ച് നീന്തൽ പഠിച്ചിരുന്നു. ഷോട്ടിന് ആവശ്യമായത് മാത്രം. ഞാൻ നീന്തൽ പഠിച്ചതുകൊണ്ട്, മാരി സർ എന്നോട് നീന്തൽ അറിയാമോ എന്ന് ചോദിച്ചിരുന്നു. അയ്യയ്യോ മറന്നു പോയല്ലോ, നാല് വർഷമായില്ലേ എന്നൊക്കെ ഞാൻ മനസ്സിൽ ചിന്തിച്ചുവെങ്കിലും രംഗം ചെയ്യാനുള്ള ആഗ്രഹത്തിൽ അറിയാം എന്ന് ഞാൻ മറുപടി പറഞ്ഞു. എന്നാൽ അത് നാല് വർഷം മുമ്പായിരുന്നു, സത്യത്തിൽ ഞാൻ നീന്തൽ മറന്നുപോയിരുന്നു.
എല്ലാ സെക്യൂരിറ്റിയും ഉണ്ടായിരുന്നു, ഷോട്ട് റെഡിയായി, വെള്ളത്തിലേക്ക് ചാടാൻ പറഞ്ഞു, അനുപമ ചാടി, പുറകെ ഞാനും ചാടി.
പക്ഷേ എനിക്ക് നീന്താൻ സാധിച്ചില്ല, കാരണം ഞാൻ നീന്തൽ മറന്നു പോയി. പാവാടയിൽ കാൽ കുരുങ്ങി. അഞ്ച് സെക്കന്റ്, ഞാൻ വെള്ളത്തിലേക്ക് താണു പോയി, മരണം ഞാൻ ഉറപ്പിച്ചു. ഇനിയില്ല, സെക്കന്റുകൾക്കുള്ളിൽ പലതും മനസിൽ മിന്നി മാഞ്ഞു. പക്ഷേ ആരൊക്കെയോ ചേർന്ന് എന്നെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു.
ഞാൻ സ്വയം നിയന്ത്രണം വീണ്ടെടുത്ത് ചുറ്റും നോക്കിയപ്പോൾ, കൂളിങ് ഗ്ലാസ് വച്ച് വെള്ളത്തിൽ നിൽക്കുന്ന ഒരാളെയാണ് കണ്ടത്. അത് സംവിധായകൻ മാരി സാർ ആയിരുന്നു. അദ്ദേഹം ഷൂസോ, സോക്സോ, കൂളേഴ്സോ പോലും മാറ്റാതെ പെട്ടെന്ന് തന്നെ എന്നെ രക്ഷിക്കാൻ ചാടിയതാണ്. ആ കാഴ്ച എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഒരു മനുഷ്യൻ എന്ന നിലയിൽ അദ്ദേഹത്തോടുള്ള ഇഷ്ടവും ബഹുമാനവും എനിക്ക് കൂടി...’’ രജിഷ വിജയൻ പറഞ്ഞു. വികാരധീനയായി കണ്ണു നിറഞ്ഞാണ് രജിഷയിത് പറഞ്ഞത്.
‘ബൈസൺ’ ഒരു സ്പോർട്സ് ഡ്രാമ മാത്രമല്ല മാരി സെൽവരാജിന്റെ മുൻ സിനിമകൾ നൽകിയതിനേക്കാൾ കൂടുതൽ ഈ സിനിമയിൽ പ്രേക്ഷകർക്ക് ലഭിക്കും...’’ രജിഷ പറഞ്ഞു.