-->
പാലക്കാട്: ഒമ്പതാംക്ലാസ്സ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അദ്ധ്യാപികയ്ക്കും സ്‌കൂള്‍ പ്രധാന അദ്ധ്യാപികയ്ക്കും എതിരേ നടപടിയെടുത്തതായി മാനേജ്‌മെന്റ്. രണ്ടുപേരെയും താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തു. സര്‍ക്കാര്‍ തല നടപടി വരുന്നത് വരെ ഇരുവരെയും ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തി. സംഭവത്തില്‍ അദ്ധ്യാപിക രാജിവെയ്ക്കണമെന്ന്് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നിരുന്നു.
ആരോപണവിധേയയായ ക്ലാസ് ടീച്ചര്‍ ആശയെയും പ്രധാനാധ്യാപിക ലിസിയെയും സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണവിധേയമായി മാറ്റി നിര്‍ത്താനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. തുടര്‍ നടപടികള്‍ സര്‍ക്കാര്‍ വകുപ്പുതല നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി സ്വീകരിക്കുന്നതാണെന്ന് മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പത്ത് ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍.
ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചുണ്ടായ സംഭവത്തില്‍ സൈബര്‍പ്രശ്‌നവുമായി ബന്ധപ്പെട്ട് കാര്യം അദ്ധ്യാപിക കുട്ടികളുടെ ശ്രദ്ധയില്‍പെടുത്തുക മാത്രമാണ് ചെയ്തത്. ഇന്‍സ്റ്റാഗ്രാമില്‍ ചെയ്യുന്ന കാര്യമെല്ലാം റെക്കോഡ് ചെയ്യപ്പെടുന്നുണ്ടെന്നും അത് മൂലം ഉണ്ടായേക്കാവുന്ന ജയില്‍ശിക്ഷ അടക്കമുള്ള പ്രശ്‌നങ്ങളെ കുട്ടികളെ ബോദ്ധ്യപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
ആശ ടീച്ചര്‍ ക്ലാസ് മുറിയില്‍വെച്ച് സൈബര്‍ സെല്ലിനെ വിളിച്ചിരുന്നുവെന്നും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പിഴയും നല്‍കേണ്ടിവരു മെന്നും അര്‍ജുനെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് അര്‍ജുന്റെ സഹപാഠി രംഗത്ത് വന്നിരുന്നു. അതിനുശേഷം അര്‍ജുന്‍ അസ്വസ്ഥനായിരുന്നുവെന്നും സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ മരിക്കുമെന്ന് പറഞ്ഞ് തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞെന്നും സഹപാഠി പറഞ്ഞു. അതേസമയം, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അമ്മാവന്‍ തല്ലിയതുകൊണ്ടാണ് അര്‍ജുന്‍ മരിച്ചതെന്നുമാണ് ആശ ടീച്ചര്‍ മറ്റൊരു സുഹൃത്തിനോട് പറഞ്ഞത്.
അതേസമയം അദ്ധ്യാപികയില്‍ നിന്നും മാനസീകപീഡനം നടന്നതായിട്ടാണ് കുടുംബത്തിന്റെ ആരോപണം. പാലക്കാട് പല്ലന്‍ചാത്തന്നൂരില്‍ നടന്ന സംഭവത്തില്‍ കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് ജീവനൊടുക്കിയത്. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു. കുഴല്‍മന്ദം പൊലീസില്‍ കുടുംബം പരാതി നല്‍കുകയും ചെയ്തിരിക്കുകയാണ്.