Sunday, March 15, 2026 Last Updated 23 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 16 Oct 2025 01.07 PM

‘നിന്റെ സിനിമയ്ക്ക് വേണ്ടി ഞാൻ മുടിയല്ലെടാ തല തന്നെ വെട്ടും’; കുറിപ്പുമായി ഉണ്ണി രാജ്

unni-raj-
photo-www.facebook.com/unni.raj

പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടി മുന്നേറുകയാണ് സെന്ന ഹെഗ്‌ഡെ ഒരുക്കിയ അവിഹിതം. തിങ്കളാഴ്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ സെന്ന വീണ്ടുമൊരു ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയുമായി എത്തിയിരിക്കുകയാണ്. പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ട് ശക്തമായ രാഷ്ട്രീയം പറയുന്നുവെന്നാണ് അവിഹിതത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍.

അവിഹിതത്തില്‍ കയ്യടി നേടുന്ന താരങ്ങളില്‍ ഒരാളാണ് ഉണ്ണി രാജ്. മറിമായത്തിലൂടെ താരമായി മാറിയ ഉണ്ണി രാജ് സിനിമകളിലും കയ്യടി നേടിയിട്ടുണ്ട്. അവിഹിതത്തില്‍ തന്റെ മുടി മുറിച്ചതിനെക്കുറിച്ചുള്ള ഉണ്ണി രാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുകയാണ്. മുടി മുറിക്കാന്‍ തനിക്ക് ഏറെ വിഷമമുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ എഴുത്തുകാരന്‍ അംബരീഷ് കളത്തേരയ്ക്ക് വേണ്ടിയാണ് താനതിന് തയ്യാറായതെന്നുമാണ് ഉണ്ണി രാജ് പറയുന്നത്.

‘25 വർഷങ്ങൾക്കു മുൻപ് ഞാൻ ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്തു KMK തീയേറ്ററിനടുത്തു ഒരു ക്ലബ്ബിൽ രാത്രിയിൽ നാടകം പഠിപ്പിക്കാൻ പോയി. പിറ്റേദിവസം അതിരാവിലെ എനിക്ക് തൃശൂരിൽ പോകേണ്ടതിനാൽ രാത്രി തന്നെ വീട്ടിൽ എത്തേണ്ടതുണ്ട്. ആ ദൗത്യം ഏറ്റെടുത്തു നാടകത്തിലെ ഒരുവൻ ഒരു പാട്ട സൈക്കിളുമായി വന്നു. ഞാൻ അവനോട് ചോദിച്ചു

"വയലിലെ ആറാട്ട് നടക്കുന്ന കണ്ടം കടന്ന് വേണം കൊവ്വലിൽ എത്താൻ. ഇപ്പോ രാത്രി പന്ത്രണ്ടരയായി. നിനക്ക് പേടിയുണ്ടോ?".

"ഇല്ല.. ഉണ്ണിയേട്ടന് പേടിയുണ്ടോ?"

"എനിക്ക് ഇണ്ട്.. നീ ഒറ്റക്ക് തിരിച്ചു വരുമോ?"

" വരും".

അവന്റെ അസാമാന്യ ധൈര്യം എന്റെ പേടി അകറ്റി. നിലാവുള്ള രാത്രിയിൽ പാടത്തിന്റെ വരമ്പിലൂടെ യാത്ര തുടങ്ങി വ്യക്തമായി കാണാത്തത് കാരണം കുഴിയിൽ വീഴുമോ എന്നുള്ള പേടിയും ഉണ്ട്.. അനന്തമായി കിടക്കുന്ന പാടത്തിലൂടെ പോകുമ്പോൾ അവൻ എന്നോട് നാടകത്തെക്കുറിച്ച് ചോദിച്ചു.

"വയറു വിശന്ന് ഭ്രാന്ത് ആയി നിൽക്കുമ്പാന്ന് ഓന്റെ ഒരു നാടകം..നേരെ നോക്കി ഓടിക്ക് ഡാ പൊട്ടാ..".

രണ്ടു മൂന്ന് പ്രാവശ്യം സൈക്കിൾ പാടത്ത് നിന്ന് തെന്നി മാറി.. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല.."അമ്മ ചോറിൽ വെള്ളമൊഴിച്ചിട്ടുണ്ടാകും. എന്ത് ആക്കല്.. അത് കോരി കുടിക്കാം" എന്ന സമാധാനത്തിലാണ് ഞാൻ .ആറാട്ട് ഉത്സവം നടക്കുന്ന പാടത്തിന്റെ നടുവിലൂടെ പോകുമ്പോൾ ദൈവക്കോലം സഞ്ചരിക്കുന്ന വഴിയിലൂടെ ആണല്ലോ ഇവൻ കൊണ്ടുപോകുന്നത് എന്ന് മനസ്സിൽ ഭയം തോന്നി.. വയലിൽ ആറാട്ടിന്റെ നാല് കൽത്തൂണുകളും കടന്ന് പോകുമ്പോൾ ഒരു വെള്ള തുണി കണ്ടപോലെ എനിക്ക് തോന്നി

"അത് എന്തെന്നറാ ഒരു വെള്ള തുണി"

ആ ചോദ്യം കേട്ട ഉടനെ സൈക്കിളിന്റെ വേഗത കൂടി... വെപ്രാളമായി... നിയന്ത്രണം വിട്ട സൈക്കിൾ ഇരുട്ടിൽ തട്ടി മറിഞ്ഞു വീണു. ഞാൻ പുറകിൽ ആയത് കാരണം അധികം പരിക്കുകൾ ഇല്ല. അവന്റെ കാലിലും കയ്യിലും പരിക്കുകൾ പറ്റി. പേടിച്ച് അരണ്ട അന്തരീക്ഷം. ഒടുവിൽ ആ സത്യം നമ്മൾ തിരിച്ചറിഞ്ഞു കൽത്തൂണിൽ കെട്ടിയിട്ട വെള്ളമുണ്ടുകൾ ആയിരുന്നു അത്. രംഗം ശാന്തമായി. ഞാൻ ചോദിച്ചു.

"നീ എന്ത് പണി കാണിച്ചത്"

"ഞാൻ വിചാരിച്ചു പ്രേതം ആണെന്ന് "

"നീയല്ലേ ബഡായി എളക്കിയത് എന്നെ വീട്ടിലാക്കി ഒറ്റക്ക് തിരിച്ചുവരും ന്ന്"

" ഈ ഭാഗത്ത് പ്രേതം ഉള്ള കാര്യം എനിക്ക് അറിഞ്ഞുകൂടാ ഉണ്ണിയേട്ടാ"

"സൈക്കിളും ബെന്റായി ഇനി നമ്മൾ എന്ത് ചെയ്യും?"

"ഉണ്ണിയേട്ടാ ഇനി എനക്ക് കയ്യ എന്നെ നിങ്ങ വീട്ടിൽ എത്തിക്കണം"

"നിന്റെ വീട് ക്ലബ്ബിന്റെ അടുത്തല്ലേ"

"ങാ.. അതെ"

ഞാൻ പെട്ടുപോയി എന്ന് പറഞ്ഞാൽ മതിയല്ലോ.ഇതുവരെ വന്ന ദൂരം തിരിച്ച് നടക്കണം.നല്ല വിശപ്പ്.വീണതിന്റെ കിതപ്പ്. ഒരു കൈയിൽ തകരാർ ആയ സൈക്കിൾ മറ്റേ കയ്യിൽ അവനെയും താങ്ങി ഞാൻ നടന്നു. ഏത് നേരത്താണ് ആവോ ഇവന്റെ പുറകെ വരാൻ തോന്നിയത് എന്ന് ഞാൻ സ്വയം ശപിച്ചു. അവനെ ഞാൻ വീട്ടിൽ ആക്കി. സന്തോഷമായി. ഇനി ഞാൻ വയലിൽ ആറാട്ട് മണ്ഡപവും താണ്ടി കൊവ്വലിൽ എത്തണം. സകല ദൈവങ്ങളെയും പ്രാർത്ഥിച്ചുകൊണ്ട് ഇരുട്ടിലൂടെ ഞാൻ പേടിച്ച് കൊണ്ട് നടന്നു നീങ്ങി.

വർഷങ്ങൾ കഴിഞ്ഞു അവൻ അവിടെ നിന്നും വീട് മാറിപ്പോയി. എന്നാലും എപ്പോഴെങ്കിലും ഫോൺ വിളിക്കും. നേരിട്ട് കണ്ടതേ ഇല്ല.ഈ അടുത്ത് സെന്ന ഹെഗ്‌ഡെ സാറിന്റെ പുതിയ ചിത്രത്തിലേക്ക് എനിക്ക് ഒരു അവസരം കിട്ടി. ഞാൻ അവിടെ എത്തിയപ്പോൾ അസിസ്റ്റന്റ് ഡയറക്ടേഴ്സ് എന്നോട് പറഞ്ഞു പ്രധാന കഥാപാത്രമാണ് പക്ഷേ ഒരു കാര്യമുണ്ട് ഈ മുടി ഒന്ന് കട്ട് ചെയ്യണം. കഥാപാത്രം പ്രധാനമായതിൽ സന്തോഷം തന്നെ എന്നാൽ മുടി കട്ട് ചെയ്യുന്നതിൽ സങ്കടവും ഉണ്ട്. എന്റെ സങ്കടം എല്ലാവർക്കും മനസ്സിലായി. ആ സമയത്താണ് ഞാൻ അവനെ കാണുന്നത് പണ്ട് സൈക്കിളിൽ നിന്നും വീണവൻ. എന്റെ അരികിൽ വന്ന് അവൻ പറഞ്ഞു "ഉണ്ണിയേട്ടാ ഈ സിനിമ എഴുതുന്നത് ഞാൻ ആണ്". എനിക്ക് ആശ്ചര്യവും സന്തോഷവും ഒരുമിച്ചാണ് വന്നത്. ഞാൻ അവനോട് പറഞ്ഞു "നിന്റെ സിനിമയ്ക്ക് വേണ്ടി ഞാൻ മുടിയല്ലെടാ തല തന്നെ വെട്ടും" അത് കേട്ട് എല്ലാവരും ചിരിച്ചു. ചിരിച്ചവരോടായി ഞാൻ പറഞ്ഞു ഇത് ഒരു സൗഹൃദത്തിന്റെ ഒത്തുചേരൽ ആണ്. പ്രഗൽഭ തിരക്കഥകൃത്തും സംവിധായകനുമായ രഞ്ജിത് സാറിന്റെ ശിഷ്യൻ അംബരീഷിനെ കുറിച്ചാണ് ഞാൻ പറഞ്ഞത്.സെന്ന ഹെഡ്ഡെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അവിഹിതം. ഇതിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് അംബരീഷ് ആണ്.ഇതിൽ ഞാനും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.
എല്ലാവരും കുടുംബസമേതം അവിഹിതം തിയേറ്ററിൽ പോയി കാണുമല്ലോ...ന്താ...ല്ലേ !!!അവിഹിതം’ ഉണ്ണി രാജ് കുറിച്ചു.

Ads by Google
Thursday 16 Oct 2025 01.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW