-->
ലോകത്തെ ഏറ്റവും വരണ്ട മേഖലയായ ചിലിയിലെ മരുഭൂമിയില്‍ അപൂര്‍വ്വ വസന്തകാലം വന്നെത്തി. പല നിറത്തില്‍ വിരിഞ്ഞ പൂക്കള്‍ വിനോദ സഞ്ചാരികളെയും ഗവേഷകരെയും ഒരുപോലെ കൗതുകത്തിലാഴ്ത്തിയിരിക്കുകയാണ്. മരുഭൂമിയില്‍ ഇടയ്ക്ക് മഴപെയ്യുമ്പോഴാണ് 'ഡെസീര്‍ട്ടോ ഫ്‌ലോറിഡോ' എന്ന ഈ പ്രതിഭാസം സംഭവിക്കുന്നത്. ഇതോടെ പല നിറങ്ങളിലുള്ള പുഷ്പങ്ങള്‍ ഇവിടെ വിരിയും. അറ്റക്കാമയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഈ വര്‍ഷമായിരുന്നു. ജൂലൈയിലും ഓഗസ്റ്റിലുമായി 60 മില്ലിമീറ്റര്‍ വരെ മഴ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാനം മൂലം വരള്‍ച്ച രൂക്ഷമായ ഈ പ്രദേശത്ത് കുഞ്ഞുകുഞ്ഞു പൂക്കളുടെ പൂക്കാലം എത്തിയതിനെ കൗതുകത്തോടെയാണ് ഗവേഷകര്‍ കാണുന്നത്. ഏകദേശം ഇരുന്നൂറിലധികം സ്പീഷീസുകളിലുള്ള പൂക്കളുടെ വിത്തുകള്‍ ഈ മരുഭൂമിയില്‍ മണലിനടിയില്‍ മഴകാത്ത് കിടപ്പുണ്ട്. എപ്പോഴെങ്കിലും മഴ പെയ്യുമ്പോള്‍ ഇവ മരുഭൂമിയില്‍ വിരിയും. ഇതാണു ഡെസീര്‍ട്ടോ ഫ്‌ലോറിഡോയ്ക്ക് വഴിവയ്ക്കുന്നത്. പിങ്ക്, പര്‍പ്പിള്‍ നിറങ്ങളിലുള്ള പൂക്കളാണ് ഇവിടെ അധികവും. മഞ്ഞ, ചുവപ്പ്, നീല, വെള്ള നിറങ്ങളിലുള്ള പൂക്കളുമുണ്ട്. നവംബറോടെ ഈ പൂക്കാലം അപ്രത്യക്ഷമാകുമെന്നാണ് കരുതുന്നത്. ഈ പൂക്കളുടെ വരവ് വരള്‍ച്ചയ്ക്ക് മറുമരുന്നാകുമോ എന്ന പഠനങ്ങളും നടക്കുന്നുണ്ട്. ഈ കുഞ്ഞന്‍ ചെടികള്‍ക്ക് വരള്‍ച്ചയെയും കഠിനമായ താപനിലയെയും അതിജീവിക്കാന്‍ കഴിയുമോ എന്ന പഠനങ്ങളും സജീവമാണ്.
Atacama Desert, the driest in the world, blooms in Chile following unusual rainfallhttps://t.co/9SRHWgH1Rs🎥: Lucas Aguayo Araos pic.twitter.com/iNpQ6B5dEH— Anadolu Images (@anadoluimages) October 6, 2025
ഒരു ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്ററാണ് അറ്റക്കാമ മരുഭൂമിയുടെ വിസ്തീര്‍ണം. മഴപെയ്യുമ്പോള്‍ തളിര്‍ക്കുന്നവയില്‍ 'ഗ്വാന്‍കോ ഫീറ്റ്' എന്നറിയപ്പെടുന്ന സസ്യം വളരെ പ്രശസ്തമാണ്. അറ്റക്കാമ മരുഭൂമിയില്‍ ജിയോഗ്ലിഫ് എന്നറിയപ്പെടുന്ന ഭൗമചിത്രങ്ങള്‍ അയ്യായിരത്തിലധികം എണ്ണമുണ്ട്. ചിലെയുടെ അയല്‍രാജ്യമായ പെറുവില്‍ സ്ഥിതി ചെയ്യുന്ന നാസ്‌ക ലൈന്‍സ് മാതിരിയുള്ള ചിത്രങ്ങളാണിത്. ദ ജയന്റ് എന്ന പേരില്‍ ഭീമാകാരനായ ഒരു രൂപത്തെ മരുഭൂമിയില്‍ വരച്ചുവച്ചിട്ടുണ്ട്, ജിയോഗ്ലിഫുകളില്‍ ഏറ്റവും പ്രശസ്തം ഇതാണ്. ഈ അറ്റക്കാമയെ ചുറ്റിപ്പറ്റി പല അന്ധവിശ്വാസങ്ങളും കഥകളും പ്രചരിക്കാറുണ്ട്. അറ്റക്കാമ മരുഭൂമിയില്‍ ഏലിയന്‍സിന്റെ സാന്നിധ്യമുണ്ട് എന്നതാണ് അതില്‍ ഏറെ പ്രചാരമുള്ള ഒരു കഥ.