-->
സഹോദാന്‍ എറിക്കിന്റെ ജന്മദിനത്തില്‍ ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച് നടി എസ്തര്‍ അനില്‍. ഒട്ടും ഇഷ്ടമില്ലാതെ ജീവിതത്തിലേക്ക് സ്വീകരിച്ച അനിയന്‍ പിന്നീട് ജീവിതത്തിന്റെ ഭാഗമായെന്ന് എസ്തര്‍ കുറിപ്പില്‍ പറയുന്നു. കുഞ്ഞനിയന്‍ വളര്‍ന്നു വലുതായത് അല്‍പം വേദനയുണ്ടാക്കുന്ന കാര്യമാണെന്നും എസ്തര്‍ കുറിച്ചു. എറിക്കിനൊപ്പമുളള പഴയ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു എസ്തറിന്റെ കുറിപ്പ്. ഖലീല്‍ ജിബ്രാന്റെ ഓണ്‍ ചില്‍ഡ്രണ്‍ എന്ന കവിതയും എസ്തര്‍ ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
‘ഒരു സഹോദരിയെ ഞാനെപ്പോഴും ആഗ്രഹിച്ചിരുന്നു. എനിക്ക് സ്‌നേഹിക്കാനും ഉടുപ്പ് ഉട്ടുകൊടുക്കാനും മേക്കപ്പ് ചെയ്തുകൊടുക്കാനും എന്റെ എല്ലാ സ്‌നേഹവും നല്‍കാനുളള ഒരു ഉറ്റ സുഹൃത്തായും ഒരു സഹോദരിയെ വേണമെന്നുണ്ടായിരുന്നു. അപ്പോഴെനിക്ക് ഒരു സഹോദരനെ ലഭിച്ചു.
ആദ്യം അതൊരു മോശം കാര്യമായാണ് എനിക്ക് തോന്നിയത്.അവന്‍ ജനിച്ചപ്പോള്‍ അവന്റെ ചെറിയ മുഖവും അവന്റെ കണ്ണുകളിലെയും വായിലെയും അഴുക്കും കണ്ട് എനിക്ക് ശരിക്കും വെറുപ്പ് തോന്നി. അയ്യേ എന്ന് പറഞ്ഞു ഞാന്‍. പക്ഷേ പിന്നീട് അവനെ ഞാന്‍ വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്ന് മനസിലാക്കി. അവനെ വളര്‍ത്തി. എനിക്കറിയാവുന്നതെല്ലാം അവനെ പഠിപ്പിച്ചു. എനിക്ക് ആരെയെങ്കിലും ആഴത്തില്‍ സ്‌നേഹിക്കണമെന്ന് തോന്നിയപ്പോള്‍ എനിക്കെന്റ കുഞ്ഞ് സഹോദരനെ ലഭിച്ചു.
ഞാന്‍ അവന് ഭക്ഷണം കൊടുത്തു, അവനോടൊപ്പം കളിച്ചു. അവനെക്കൊണ്ട് ജോലികള്‍ ചെയ്യിപ്പിച്ചു. നമ്മള്‍ നല്ല കുട്ടികളാണെങ്കില്‍ അമ്പിളി മാമന്‍ രാത്രിയില്‍ നമ്മളെ കാണാന്‍ വരുമെന്ന് പറഞ്ഞ് അവനെ കബളിപ്പിച്ചു. ഞാന്‍ അവന്റെ പഠന കാര്യങ്ങളില്‍ സഹായിച്ചു. അവനെ ശല്യം ചെയ്യുന്നവരോട് എതിര്‍ത്തു നിന്നു. അവന്‍ എന്റെ എല്ലാമായിരുന്നു. അപ്പയെയാണോ അമ്മയെയാണോ കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ ഞാന്‍ എറിക് എന്ന് പറയുമായിരുന്നു.
പിന്നെ കൊച്ചുകുട്ടി വളര്‍ന്നു. അവന്‍ ഒരു മുതിര്‍ന്ന വ്യക്തിയായി മാറുന്നത് കാണുന്നത് അല്‍പം വേദനാജനകമായിരുന്നു. അത്ര ശല്യമുളള ഒരു കൗമാരക്കാരനായിരുന്നില്ല അവന്‍. ഒരിക്കലും ഉപേക്ഷിക്കാന്‍ കഴിയാത്ത വിലപ്പെട്ട ഒരാളായിരുന്നു അവന്‍. പക്ഷേ എനിക്ക് അത് ചെയ്യേണ്ടിവന്നു, കാരണം ജീവിതം അങ്ങനെയാണ്. അവര്‍ സ്‌നേഹിക്കാനും എല്ലാം പങ്കുവെക്കാനും ഒരാളെ കണ്ടെത്തുന്നു. നമ്മള്‍ പതുക്കെ അവരുടെ കഥയില്‍ വ്യത്യസ്തമായ ഒരു പങ്കുവഹിക്കാന്‍ തുടങ്ങുന്നു.
അവന്‍ ഒരു അസാമാന്യ വ്യക്തിത്വമാണ് എന്ന് അവനെ കണ്ടുമുട്ടുന്ന എല്ലാവരും പറയും. ഏറ്റവും സ്‌നേഹനിധിയായ പക്വതയുളള , അത്ഭുതകരമായ വ്യക്തിയാണ് അവന്‍. അവനെ വളര്‍ത്തുന്നതില്‍ പങ്കാളിയായതില്‍ ഞാന്‍ ആഗ്രഹിച്ച പുരുഷനായി അവനെ വളര്‍ത്തിയെടുത്തതില്‍ ഞാന്‍ അഭിമാനിക്കുന്നു, വളരെയധികം അഭിമാനിക്കുന്നു.
ഇപ്പോള്‍ അവന്‍ മെല്‍ബണിലാണ്. അവിടെ കഠിനാധ്വാനം ചെയ്യുന്നു. ഒരു ജീവിതം കെട്ടിപ്പടുക്കുന്നു. എനിക്ക് എപ്പോഴും അഭിമാനമുണ്ട്, ചിലപ്പോള്‍ വേദനയും.. ആ വികാരങ്ങള്‍ ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ ഞാന്‍ അവയെ ആഴത്തില്‍ കുഴിച്ചുമൂടുന്നു. പക്ഷേ സത്യം പറഞ്ഞാല്‍ അവന്‍ എപ്പോഴും എന്റെ ലോകത്തിന്റെ കേന്ദ്രമായിരിക്കും. പൂര്‍ണ്ണമായി ഒരാളെ സ്‌നേഹിക്കണമെന്ന് എന്നെ പഠിപ്പിച്ചയാള്‍ . എന്റെ ആദ്യത്തെ കുഞ്ഞ്. മാതൃത്വത്തിന്റെ എന്റെ ആദ്യ അനുഭവം. ജന്മദിനാശംസകള്‍, എറിക് ’എസ്തര്‍ കുറിച്ചു.