-->
നര്‍മ്മരസമുള്ള കഥാപാത്രങ്ങളിലൂടെയും സീരിയസ് വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ഷറഫുദ്ദീന്‍. ആദ്യ സിനിമയേക്കാളേറെ താരം ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ ‘പ്രേമം’ ആയിരുന്നു. അന്നുമുതല്‍ താരത്തിന്റെ മലയാള സിനിമയില്‍ ഒരു ഇരിപ്പിടമായി. പിന്നീടിങ്ങോട്ട് ചെറുതും വലുതമായി അനേകം കഥാപാത്രങ്ങള്‍. അഭിനയിച്ച എല്ലാ കഥാപാത്രങ്ങളിലും തന്റേതായ ഒരു ഐഡന്റിറ്റി കൊണ്ടുവന്ന താരം ഇപ്പോള്‍ മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന യുവതാരമാണ്.
താരത്തിന്റെ റിലീസാകാനിരിക്കുന്ന സിനിമയാണ് ‘ദ പെറ്റ് ഡിറ്റക്ടീവ്’. പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കാൻ പോന്ന ഒരു പക്കാ അഡ്വഞ്ചർ, ഫണ്‍ ഫാമിലി കോമഡി എന്റര്‍ടെയിനർ ആയി ഒരുങ്ങുന്ന ഈ സിനിമയില്‍ ഷറഫുദ്ദീനൊപ്പം ‘പ്രേമം’ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിലൂടെ കടന്നുവന്ന അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലൂടെ ആദ്യമായി സഹനിര്‍മ്മാതാവായി ഷറഫുദ്ദീനും നിര്‍മ്മാണത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ്. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജില്‍ നിറയെ സിനിമയുടെ വ്യത്യസ്ത രീതിയിലുള്ള പ്രൊമോഷന്‍ വീഡിയോകളാണുള്ളത്. ഇക്കഴിഞ്ഞ ദിവസം ‘രാവണപ്രഭു’വിന്റെ റി റിലീസുമായി ചേര്‍ത്ത് ഒരു രസികന്‍ പ്രൊമോഷന്‍ വീഡിയോ താരം ചെയ്തിരുന്നു.
ഇപ്പോഴിതാ അതിനു പിന്നാലെ ഷറഫുദ്ദീന്‍ പങ്കിട്ടിരിക്കുന്നത് ബോളിവുഡ് താരങ്ങളായ ഷാരൂഖും രണ്‍ബീറും തന്റെ സിനിമയെ പ്രൊമോട്ട് ചെയ്യുന്ന വീഡിയോയാണ്. ‘യേ ദില്‍ ഹെ മുശ്കില്‍’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ ഇവര്‍ തമ്മിലുള്ള സംഭാഷണം തന്റെ സിനിമയുടെ പ്രൊമോഷനു വേണ്ടി മലയാളത്തില്‍ മാറ്റിയാണ് താരം പങ്കിട്ടിരിക്കുന്നത്. ‘‘കണ്ണുകൾ ഈറനണിയാതെ നിങ്ങൾക്കിത് കണ്ടു തീർക്കാനാവില്ല...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഷറഫുദ്ദീന്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോയില്‍ രണ്‍ബീറും ഷാരൂഖും തമ്മിലുള്ള സംഭാഷണത്തില്‍ ഒക്ടോബര്‍ 16 ന് റിലീസ് ചെയ്യുന്ന ഷറഫുദ്ദീന്‍ നായകനാകുന്ന ‘ദ പെറ്റ് ഡിറ്റക്ടീവ്’ കാണാന്‍ പോകുന്ന കാര്യം പറയുന്നത് കാണാം. വളരെ രസകരമായിട്ടാണ് തനിക്കു വേണ്ടുന്ന കാര്യങ്ങള്‍ ഷറഫു ഇവരെ രണ്ടുപേരെയും കൊണ്ട് പറയിപ്പിക്കുന്നത്. താരത്തിന്റെ വ്യത്യസ്തമായ പ്രൊമോഷന്‍ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി മാറി.
താരം പങ്കുവച്ച വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. ‘ഇങ്ങനെ കണ്ടന്റ് ഉണ്ടാക്കാൻ എനര്‍ജി എവിടെ നിന്നാണ് കിട്ടുന്നത്?, തിന്നോണ്ടിരുന്ന ചോർ തെറിച്ച് പോയി പണ്ടാരം ചിരിച്ച് ഒരു വഴി ആയി, ഇതിന്റെ സ്ക്രിപ്റ്റും ഇക്ക തന്നെ ആയിരിക്കും അല്ലെ,ഇതൊക്കെ ആണ് പ്രൊമോഷന്‍, നമിച്ചു ’ എന്നതടക്കമാണ് കമന്റുകള്‍.
മലയാള സിനിമയില്‍ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഷറഫുദ്ദീൻ, തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന താരമായ അനുപമ പരമേശ്വരന്‍ എന്നിവര്‍ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത് എന്ന പ്രത്യേകതയും ‘പെറ്റ് ഡിറ്റക്റ്റീവി’നുണ്ട്. സിനിമയിലെ ഗാനങ്ങളും ട്രെയിലറും പോസ്റ്ററുകളും ഒരു പക്കാ ഫാമിലി കോമഡി എന്റര്‍ടെയിനറാകും സിനിമയെന്ന സൂചന നല്‍കുന്നുണ്ട്. ‘സമ്പൂര്‍ണ്ണ മൃഗാധിപത്യം’ എന്ന രസകരമായ ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഷറഫുദ്ദീൻ, അനുപമ എന്നിവരെ കൂടാതെ വിനയ് ഫോർട്ട്, രണ്‍ജി പണിക്കർ, ജോമോൻ ജ്യോതിർ എന്നിവരും ചിത്രത്തില്‍ നിർണ്ണായക വേഷങ്ങളില്‍ എത്തുന്നു.