-->
മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് രഞ്ജിത് ശങ്കര്‍. സിനിമാ മേഖലയിൽ മുൻപരിചയമില്ലാതിരുന്നിട്ടും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത തന്റെ ആദ്യ സിനിമയായ ‘പാസഞ്ചറി’ലൂടെ തന്നെ മലയാള സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ രഞ്ജിത് ശങ്കറിന് കഴിഞ്ഞു. പിന്നീടിങ്ങോട്ട് ക്ലാസിക്, ത്രില്ലര്‍, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളടക്കമുള്ള ജോണറിലെ വ്യത്യസ്ത സിനിമകള്‍ രഞ്ജിത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. എല്ലാം ഒന്നിനൊന്ന് മികച്ചതായതോടു കൂടി രഞ്ജിത് ശങ്കര്‍ എന്ന പേര് ആരാധകര്‍ ഹൃദയത്തിലുറപ്പിച്ചു.
ഇപ്പോഴിതാ ആരാധരെ ഞെട്ടിക്കുന്ന വാര്‍ത്ത പങ്കിട്ടിരിക്കുകയാണ് രഞ്ജിത് ശങ്കര്‍. സംവിധായക ജീവിതത്തില്‍ ഇനി കേവലം അഞ്ചു സിനിമകള്‍ മാത്രമേ ചെയ്യാന്‍ ആഗ്രഹിക്കുന്നുള്ളൂവെന്നാണ് സംവിധായകന്റെ പോസ്റ്റ്. തന്റെ കരിയറിലെ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ അഞ്ച് സിനിമകള്‍ മാത്രമേ ഉള്ളൂവെന്നും ഇതില്‍ ആദ്യത്തെ സിനിമ തീരുമാനിച്ചിട്ടുണ്ടെന്നും താരം പോസ്റ്റില്‍ പറയുന്നു.
‘‘പുതിയ സിനിമയെ കുറിച്ച് ഒരു പാട് പേർ ചോദിക്കുന്നു.
ഇനി അഞ്ചു സിനിമയെ ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളൂ...അവസാന അഞ്ചിൽ ഉൾപ്പെടാൻ യോഗ്യത ഉള്ളതാവണം എന്നത് മാത്രമായിരിക്കും ഓരോന്നിന്റെയും മാനദണ്ഡം.... അടുത്ത 20 വർഷത്തിനുള്ളിൽ 5 സിനിമകൾ ഉണ്ടായേക്കാം, അതും കാലം അനുവദിക്കുമെങ്കിൽ.
പിന്നെ എന്തുകൊണ്ട് 5 ? കാരണം, ഒരു എക്സിറ്റ് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു, അതിനായി യുക്തിസഹമായി ആസൂത്രണം ചെയ്യണം.
ചെയ്ത സിനിമകൾ പോലെ ഈ അഞ്ചിലും നല്ലതും മോശവും തീർച്ചയായും കാണും...എന്നാല്‍, മുമ്പത്തേതുപോലെ ഞാന്‍ അതിനെന്റെ പരമാവധി നല്‍കും.
അഞ്ചിൽ ആദ്യത്തേത് ഏതെന്നത് തീരുമാനമായിട്ടുണ്ട്...തിരക്കഥയുടെ അവസാന മിനുക്കുപണികൾ നടക്കുന്നു...ശരിയായ സമയത്ത് പ്രഖ്യാപനം നടത്തും...’’ എന്നാണ് രഞ്ജിത് ശങ്കര്‍ കുറിച്ചിരിക്കുന്നത്. സംവിധായകന്റെ പോസ്റ്റിനു താഴെ ആരാധകരില്‍ മിക്കവരും ‘മികച്ചത് പ്രതീക്ഷിക്കുന്നു’ എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. ‘നിങ്ങൾ മികച്ച സിനിമകൾ ചെയ്തു.കലാപരമായും വാണിജ്യപരമായും വലിയ നേട്ടങ്ങളുണ്ടാക്കി...പാസഞ്ചർ പോലെ ഒരു കാലത്ത
വഴിമാറ്റിയെടുത്ത സിനിമകൾ ചെയ്തു...രാമന്റെ ഏദൻതോട്ടം പോലെ ഒരു ക്ലാസിക് ചെയ്തു...ഇനിയും തുടരുക, ഇനി 5 എന്നുള്ളത് 'ഉറപ്പിക്കരുത്
താങ്കൾ നല്ല കഴിവുള്ള സംവിധായകനാണ്. സമയവും - സന്ദർഭവും നല്ല പ്രൊജക്ടുകളും' ഒത്തു വന്നാൽ എത്ര വേണമെങ്കിലും - ചെയ്യാൻ സാധിക്കട്ടെ...’ എന്നതടക്കമാണ് കമന്റുകള്‍. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത മികച്ച സിനിമകളുടെ പേരും ആരാധകര്‍ കുറിച്ചിട്ടുണ്ട്.
2009-ല്‍ പുറത്തിറങ്ങിയ പാസഞ്ചര്‍ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് രഞ്ജിത്ത് ശങ്കര്‍ മലയാള സിനിമയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്. തുടര്‍ന്ന് അര്‍ജുനന്‍ സാക്ഷി, പുണ്യാളന്‍ അഗര്‍ബത്തീസ്, വര്‍ഷം, സു സു സുധി വാത്മീകം, പ്രേതം, ഞാന്‍ മേരിക്കുട്ടി, പ്രേതം 2, രാമന്റെ ഏദന്‍തോട്ടം തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ താരം മലയാളത്തിന് നല്‍കി. ഉണ്ണി മുകുന്ദന്‍ നായകനായ ജയ് ഗണേഷ് ആണ് അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.