-->
ഒരു മണിക്കൂറിനുള്ളില്‍ 733 പുള്‍അപ്പുകള്‍ എടുത്ത് ഗിന്നസ് വേള്‍ഡ് സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ വനിതാ പോലീസ് ഓഫീസര്‍. ഏകദേശം ഒരു ദശാബ്ദത്തോളം പഴക്കമുള്ള ലോക റെക്കോര്‍ഡാണ് ഇവര്‍ തകര്‍ത്തത്. ജേഡ് ഹെന്‍ഡേഴ്‌സണ്‍ ഓഗസ്റ്റ് 22ന് ഗോള്‍ഡ് കോസ്റ്റിലാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ 733 പുള്‍അപ്പുകള്‍ ആണ് ജേഡ് ഹെന്‍ഡേഴ്‌സണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഈ കണക്ക് പ്രകാരം, അവര്‍ മിനിറ്റില്‍ 12ല്‍ അധികം പുള്‍അപ്പുകള്‍ ചെയ്തുവെന്നാണ്. 2016ല്‍ ഓസ്‌ട്രേലിയയിലെ സഹപ്രവര്‍ത്തകയായ ഇവാ ക്ലാര്‍ക്ക് സ്ഥാപിച്ച 725 പുള്‍അപ്പുകള്‍ എന്ന മുന്‍ റെക്കോര്‍ഡ് ആണ് അവര്‍ മറികടന്നത്.
ഹെന്‍ഡേഴ്‌സണ്‍ ആദ്യം 24 മണിക്കൂര്‍ റെക്കോര്‍ഡ് ശ്രമിക്കാനാണ് പദ്ധതിയിട്ടിരുന്നത്. നിലവില്‍ ഒലിവിയ വിന്‍സണ്‍ (ഓസ്‌ട്രേലിയ) 7,079 പുള്‍അപ്പുകളോടെയാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ പരിശീലനത്തിനിടെയുണ്ടായ പരിക്ക് കാരണം തനിക്ക് തന്ത്രം മാറ്റേണ്ടിവന്നു, 12 മണിക്കൂറില്‍ 3500 പുള്‍അപ്പുകള്‍ വരെ എടുത്തിരുന്നു എന്നും എന്നാല്‍ ആ സമയത്ത് കൈക്ക് പരിക്കേറ്റുവെന്നും ഹെന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.
പരിക്കിന് ശേഷം പുള്‍അപ്പുകള്‍ വീണ്ടും ചെയ്യാന്‍ കഴിയുന്നതിന് മുമ്പ് ആറ് ആഴ്ചയോളം കൈക്ക് വിശ്രമം നല്‍കേണ്ടി വന്നു. കൂടുതല്‍ പരിക്കുകള്‍ ഒഴിവാക്കുന്നതിനായി, ജേഡ് ഹെന്‍ഡേഴ്‌സണ്‍ ഒരു മണിക്കൂര്‍ റെക്കോര്‍ഡിലേക്ക് ശ്രദ്ധ തിരിച്ചു. പുതിയ റെക്കോര്‍ഡ് നേടിയ ശേഷം, തന്റെ നേട്ടം മറ്റുള്ളവര്‍ക്ക് സ്വന്തം അതിരുകള്‍ മറികടക്കാനും അവരുടെ പൂര്‍ണ്ണ ശേഷി കൈവരിക്കാനും പ്രചോദനമാകുമെന്ന് ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു.